സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ പോലീസിന്റെ വലയില്‍, അറസ്റ്റ് കോടതിയില്‍ കീഴ്ടടങ്ങാന്‍ എത്തിയപ്പോള്‍, ആരും ക്വൊട്ടേഷന്‍ നല്‍കിയില്ലെന്ന് മൊഴി. വ്യാഴാഴ്ച ഉച്ചയ്ക്ക് എറണാകുളം സി.ജെ.എം കോടതിയിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് പള്‍സര്‍ സുനിയെയും കൂട്ടുപ്രതി വിജിഷിനെയും പോലീസ് പിടികൂടിയത്. പോലീസിന്റെ കണ്ണുവെട്ടിച്ച് കോടതിയിലെ പ്രതിക്കൂട്ടിലേക്ക് ഓടിക്കയറിയ പ്രതികളെ ബലമായി കീഴ്‌പ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് പ്രതികളെ ആലുവ പോലീസ് ക്ലബ്ബില്‍ എത്തിച്ചു. മജിസ്‌ട്രേറ്റ് ഉച്ച ഭക്ഷണത്തിനായി പോയ സമയമായതിനാല്‍ കോടതി പിരിഞ്ഞതാണ് പ്രതികളുടെ പദ്ധതി പാളിച്ചത്. ഈ അവസരം മുതലാക്കി പോലീസ് പ്രതികളെ കീഴടക്കകുകയായിരുന്നു.
അതേസമയം കീഴടങ്ങാനെത്തിയ പ്രതികളെ കോടതിയില്‍ നിന്ന് അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഭാഗം അഭിഭാഷകന്‍ മജിസ്‌ട്രേറ്റിന് പരാതി നല്‍കി. കോടതിയില്‍ എത്തിയ പ്രതിയെ കീഴടങ്ങാന്‍ അവസരം നല്‍കാതെ ബലമായി അറസ്റ്റ് ചെയ്തുവെന്നാണ് അഭിഭാഷകരുടെ പരാതി. മജിസ്‌ട്രേറ്റ് ഇല്ലാതിരുന്ന സമയമായതിനാല്‍ തന്നെ കോടതിയില്‍ നിന്ന് പ്രതികളെ പിടികൂടിയ നടപടിയില്‍ തെറ്റില്ലെന്നാണ് പോലീസിന്റെ വിശദീകരണം. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിന്റെ പരിസരത്ത് ബൈക്ക് വച്ച ശേഷമാണ് പള്‍സര്‍ സുനി മതില്‍ ചാടിക്കടന്ന് കോടതിയില്‍ എത്തിയത്. ഹെല്‍മറ്റ് വച്ച് മുഖം മറച്ച നിലയില്‍ ഒരു അഭിഭാഷകനൊപ്പമായിരുന്നു വരവ്.
ചെറുപ്പത്തില്‍ പള്‍സര്‍ ബൈക്ക് മോഷ്ടിച്ചതിനാല്‍ പള്‍സര്‍ സുനി എന്ന് പേരുവീണ സുനില്‍കുമാര്‍ കോടതിയില്‍ കീഴടങ്ങാന്‍ എത്തിയതും പള്‍സര്‍ ബൈക്കിലാണ് എന്നതും നാടകീയമായി. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ഈ ബൈക്ക് മോഷ്ടിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം. ബൈക്കിന്റെ കേബിളുകള്‍ വിഛേദിച്ച നിലയിലാണ്. നടിക്കെതിരായ ആക്രമണം ക്വൊട്ടേഷനല്ലെന്നും പിന്നില്‍ ഉന്നതര്‍ക്ക് പങ്കില്ലെന്നും നടിയെ ബ്ലാക്ക് മെയ്ല്‍ ചെയ്ത് പണം തട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നും പള്‍സര്‍ സുനി ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
കീഴ്ടടങ്ങാനെത്തിയ പ്രതികളെ കോടതിയില്‍ കയറി പോലീസ് അറസ്റ്റ് ചെയ്തത് വിവാദമായെങ്കിലും കേരളം മുഴുവന്‍ ചര്‍ച്ച ചെയ്ത കേസിലെ പ്രതികളെ വലയിലാക്കിയ പോലീസിനെ മുഖ്യമന്ത്രിയും സിനിമാ രംഗത്തെ പ്രമുഖരുമടക്കം അഭിനന്ദിച്ചു. അതേസമയം നടിക്കുനേരെയുണ്ടായ അതിക്രമം ആസൂത്രിതമെന്ന വാദം നടി മഞ്ജു വാരിയര്‍ ആവര്‍ത്തിച്ചു. പ്രതികളെ പിടികൂടിയതില്‍ സന്തോഷമുണ്ടെന്നും അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുവരുമെന്ന് കരുതുന്നുതായി മഞ്ജു പ്രതികരിച്ചു. രാത്രി വൈകിയും തുടരുന്ന ചോദ്യം ചെയ്യലില്‍ കേരളം ഞെട്ടിയ കേസിന്റെ രഹസ്യങ്ങള്‍ പുറത്തുവരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല