സ്വന്തം ലേഖകന്‍: നടിയെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയതിനു ശേഷം നടന്നത് തനിക്കെതിരായ ഗൂഡാലോചനയെന്ന് ദിലീപ്, പ്രേക്ഷകരുടെ മനസ്സില്‍ തനിക്കെതിരെ വിഷം നിറയ്ക്കാന്‍ ക്വട്ടേഷന്‍ നല്‍കി ഇമേജ് തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന് ആരോപിച്ച ദിലീപ് താന്‍ എന്ത് തെറ്റാണ് ചെയ്‌തെതന്നും ചോദിച്ചു. എനിക്കും ഒരു മകളുണ്ട്, അമ്മയുണ്ട്, സഹോദരിയുണ്ട്. ഇത്രയധികം ശത്രുക്കളുണ്ടെന്ന് അറിയില്ലായിരുന്നു. ഗൂഡാലോചന തുടങ്ങിയത് മുംബൈയിലുള്ള ഇംഗ്ലീഷ് ദിനപത്രമാണെന്നും ദിലീപ് പറഞ്ഞു.
തന്നെ വളര്‍ത്തി വലുതാക്കിയത് മാധ്യമങ്ങളല്ല പ്രേക്ഷകരാണ്.കുറ്റക്കാരെ കണ്ടുപിടിക്കേണ്ടത് മറ്റാരേക്കാളും എന്റെ ആവശ്യകതയാണെന്നും നടന്‍ പറഞ്ഞു. തൃശ്ശൂരില്‍ ജോര്‍ജേട്ടന്‍സ് പൂരം എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിങിനിടെയാണ് ദിലീപ് വികാരഭരിതനായി പ്രതികരിച്ചത്. എനിക്ക് സംസാരിക്കാനുള്ളത് തന്റെ പ്രേകഷകരോട് മാത്രമാണ്. നടി ആക്രമിക്കപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞാണ് എനിക്ക് മനസ്സിലായത് ഇതിലെ ഗൂഢാലോചന എനിക്ക് നേരെയാണെന്നുള്ളത്. എന്റെ പ്രേക്ഷകരുടെ മനസ്സില്‍ വിഷവിത്ത് വിതക്കാനുള്ള ക്വട്ടേഷന്‍, മുംബൈയില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് പത്രമാണ് ഇതിന് ആദ്യം തുടക്കം കുറിച്ചത്.
പിന്നീട് ചില മഞ്ഞ പത്രങ്ങള്‍ ഏറ്റുപിടിക്കുകയായിരുന്നു.പതിവായി ചില ആരോപണങ്ങള്‍ വരുന്നത് പോലെ ഇതൊന്നും ഞാന്‍ മൈന്‍ഡ് ചെയ്തില്ല. എന്നാല്‍ ചില ദിനപത്രങ്ങള്‍ ഒന്നാം പേജില്‍ എന്റെ പേര് പറയാതെ പറഞ്ഞ് വാര്‍ത്തകള്‍ നല്‍കി. അപ്പോഴാണ് ഞാന്‍ ഇതിന്റെ ഗൗരവം മനസ്സിലാക്കിയത്. തന്നെ ചോദ്യം ചെയ്തു എന്ന് പറയുന്ന പത്രക്കാര്‍ എന്നെയോ അന്വേഷണ ഉദ്യോഗസ്ഥരെയോ ഒന്നു വിളിക്കുക പോലും ചെയ്തില്ലെന്നും ദിലീപ് പറഞ്ഞു.
തനിക്ക് പതിനേഴ് വയസ്സുള്ള ഒരു മകളുണ്ട്, ഒരു സഹോദരിയും അമ്മയുമുണ്ട്. എന്റെ ജീവിതമെന്താണെന്നോ ഞാന്‍ എന്താണെന്നോ കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നിലല്‍ തുറന്ന പുസ്തകമാണ്. എന്നാല്‍ എനിക്കെതിരെ വന്ന ആരോപണങ്ങള്‍ മനസ്സ് തകര്‍ത്തു. ജീവിതം മടുത്ത അവസ്ഥയിലല്‍ വരെ എത്തിച്ചു. എനിക്ക് ഒരു പ്രശ്‌നമുണ്ടായപ്പോള്‍ ആരൊക്കെ എനിക്ക് വേണ്ടി വന്നു എന്നു ഞാന്‍ കണ്ടുവെന്നും എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും നടന്‍ പറഞ്ഞു.
എന്റെ കൂടെ ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകയുടെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ചുള്ള സത്യാവസ്ഥ പോലീസ് കണ്ടുപിടിക്കണമെന്നത് മറ്റാരേക്കാളും എന്റെ ആഗ്രഹമാണ്. എന്നെ ഒരു മാധ്യമവും വളര്‍ത്തി വലുതാക്കിയിട്ടില്ലെന്നും എനിക്ക് പ്രേക്ഷകരോട് മാത്രമെ സംസാരിക്കാനുള്ളുവെന്നും ദിലീപ് വ്യക്തമാക്കി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല