സ്വന്തം ലേഖകന്‍: ‘പ്രിയപ്പെട്ടവളെ, നീ ജീവിതത്തെ ജയിച്ച നായിക’, ക്യാമറക്കു മുന്നിലേക്ക് തിര്‍ച്ചുവന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യമര്‍പ്പിച്ച് മഞ്ജു വാര്യര്‍. ആത്മാഭിമാനത്തിന്റെ ആ സ്വയം പ്രഖ്യാപനത്തെ നമുക്ക് ആദരവോടെ സ്വീകരിക്കാമെന്നും പ്രിയപ്പെട്ടവളെ, നീ ജീവിതത്തെ ജയിച്ച നായികയാണെന്നും മഞ്ജു പറഞ്ഞു. കൂടാതെ നടിയ്ക്ക് എല്ലാ പിന്തുണയും നല്‍കി ഒപ്പം നിന്ന് ശക്തമായ പിന്തുണ നല്‍കിയ പൃഥിയെയും മഞ്ജു അഭിനന്ദിച്ചു.
പൃഥ്വിരാജ് നായകനായ ആദം എന്ന ചിത്രത്തിലാണ് നടി അഭിനയിക്കുന്നത്. പതിനൊന്നരയോടെ നടി ചിത്രീകരണ സ്ഥലത്തെത്തുകയും ചെയ്തു. സിനിമയുടെ ആദ്യഘട്ട ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. പൃഥ്വിരാജ് ഉള്‍പ്പടെയുള്ളവര്‍ നടിക്ക് പിന്തുണയുമായി എപ്പോഴും കൂടെ ഉണ്ടായിരുന്നു.
ഷൂട്ടിങ്ങിനായി ലൊക്കെഷനിലേക്കെത്തുമ്പോള്‍ ക്യാമറുകളുമായെത്തി ബുദ്ധിമുട്ടിക്കരുതെന്നായിരുന്നു പൃഥ്വിരാജിന്റെ അഭ്യര്‍ഥന. സഹപ്രവര്‍ത്തകയ്ക്കായി സംസാരിക്കേണ്ടത് തന്റെ ചുമതലയാണെന്ന മുഖവുരയോടെയാണ് പൃഥ്വിരാജ് മാധ്യമപ്രവര്‍ത്തകരെ കാണാനെത്തിയത്. നടിക്കു മാധ്യമങ്ങളോട് സംസാരിക്കണമെന്ന് തോന്നുമ്പോള്‍ അവര്‍ സംസാരിക്കുമെന്നും പൃഥ്വിരാജ് വ്യക്തമാക്കി. അവര്‍ എപ്പോള്‍ മാധ്യമങ്ങളെ കാണുമെന്ന് പറയാന്‍ താന്‍ ആളല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങളെ തരണം ചെയ്ത് അഭിനയലോകത്തേക്ക് മടങ്ങിയെത്തിയ നടിയെ അഭിനന്ദിച്ച് പൃഥ്വിരാജ് നേരത്തെ രംഗത്തെത്തിയിരുന്നു. സമൂഹ മാധ്യമത്തില്‍ പോസ്റ്റു ചെയ്ത കുറിപ്പിലാണ് നടിയുടെ ധീരതയെ പൃഥ്വിരാജ് അഭിനന്ദിച്ചത്. ഇനിമുതല്‍ സ്ത്രീ വിരുദ്ധ സ്വഭാവമുള്ള സിനിമകളില്‍ അഭിനയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതുവരെ അത്തരം ചിത്രങ്ങളില്‍ അഭിനയിച്ചതില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്,
അഭിമാനത്തോടെ ജോലിയിലേക്ക് തിരിച്ചു വന്ന പ്രിയ കൂട്ടുകാരിക്ക് അഭിവാദ്യം. മുറിവേല്‍പ്പിക്കപ്പെട്ട ഒരാള്‍ക്ക് സമൂഹത്തിന് നല്‍കാനാകുന്ന ഏറ്റവും ശക്തമായ സന്ദേശമാണിത്. ആത്മാഭിമാനത്തിന്റെ ആ സ്വയം പ്രഖ്യാപനത്തെ നമുക്ക് ആദരവോടെ സ്വീകരിക്കാം. പ്രിയപ്പെട്ടവളെ, നീ ജീവിതത്തെ ജയിച്ച നായികയാണ്. ആദ്യ ദിവസം മുതല്‍ അവള്‍ക്കൊപ്പം നില്‍ക്കുകയും വീണ്ടും അഭിനയത്തിലേക്ക് കൈപിടിക്കുകയും ചെയ്ത പൃഥ്വിരാജിനും അഭിനന്ദനം. രാജുവിന്റെയും കൂട്ടുകാരുടെയും സ്‌നേഹ സംരക്ഷണത്തില്‍ അവള്‍ സുരക്ഷിതയും ആഹ്ലാദവതിയുമായിരിക്കുമെന്ന് ഉറപ്പുണ്ട്. അവളുടെ ചിരി കൂടുതല്‍ ഭംഗിയോടെ സ്‌ക്രീനില്‍ തെളിയുന്ന ആ ദിവസത്തിനു വേണ്ടി എല്ലാ മലയാളികളെയും പോലെ ഞാനും കാത്തിരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല