സ്വന്തം ലേഖകന്‍: പ്രശസ്ത മലയാള നടിക്കുനേരെ ആക്രമണം, തട്ടിക്കൊണ്ടുപോയി ബലമായി ദൃശ്യങ്ങള്‍ പകര്‍ത്തി, മൂന്നു പേര്‍ പിടിയില്‍, മുങ്ങിയ പ്രതികള്‍ക്കായി വലവിരിച്ച് പോലീസ്. നടിയെ തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പീഡനശ്രമത്തിന് കേസെടുത്തു. നടിയുടെ മുന്‍ ഡ്രൈവറായിരുന്ന മുഖ്യപ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെയാണ് കേസ്. സിനിമയുടെ ഡബ്ബിംഗുമായി ബന്ധപ്പെട്ട് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്ക് വരുന്നതിനിടെ ഇന്നലെ വൈകിട്ടാണ് നടി ആക്രമിക്കപ്പെട്ടത്.
നടിയുടെ മുന്‍ ഡ്രൈവറായിരുന്ന പെരുമ്പാവൂര്‍ സ്വദേശി സുനില്‍ എന്ന പള്‍സര്‍ സുനിയാണ് ആക്രമണത്തിന്റെ മുഖ്യ സുത്രധാരന്‍. ഇന്നലെ രാത്രി തൃശൂരിലെ പാട്ടുരായ്ക്കലെ വീട്ടില്‍ നിന്നും കൊച്ചിയിലേക്ക് ഹണി ബീ എന്ന ചിത്രത്തിന്റെ ഡബ്ബിംഗിന് വരികയായിരുന്നു നടി. ഹണി ബീയുടെ നിര്‍മ്മാതാക്കളായ ലാല്‍ പ്രൊഡക്ഷന്‍സ് വാടകയ്‌ക്കെടുത്ത കാറിലായിരുന്നു യാത്ര. രാത്രി പത്ത് മണിയോടെ അത്താണിയില്‍ വച്ച് പിന്നില്‍ വന്ന ടെമ്പോ ട്രാവല്‍ കാറിനെ ഇടിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെന്ന രീതിയില്‍ പുറത്തിറങ്ങിയ മാര്‍ട്ടിനെ ട്രാവലറിലുണ്ടായുന്ന ആള്‍ ദൂരേക്ക് മാറ്റി. തുടര്‍ന്ന് ട്രാവലറിലുണ്ടായിരുന്ന അഞ്ച് പേര്‍ കാറില്‍ അതിക്രമിച്ചുകയറുകയായിരുന്നു.
രണ്ട് മണിക്കൂറോളം അജ്ഞാതവഴികളിലൂടെ സഞ്ചരിച്ച കാറില്‍ വച്ച തന്നെ ഇവര്‍ ഉപദ്രവിക്കുകയും വസ്ത്രം നീക്കി ഫോട്ടോ പകര്‍ത്താന്‍ ശ്രമിച്ചെന്നുമാണ് നടി നല്‍കിയിരിക്കുന്ന മൊഴി. അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വീഡിയോയും പകര്‍ത്തി. പിന്നീട് കാക്കനാട് പടമുകളില്‍ കാര്‍ നിര്‍ത്തി ഇവര്‍ പോയപ്പോഴാണ് നടി പടമുകളിനടുത്ത് താമസിക്കുന്ന ലാലിനെ സഹായത്തിന് വിളിച്ചത്. ഡ്രൈവര്‍ മാര്‍ട്ടിനെ ട്രാവലറില്‍ കൊച്ചിയിലെത്തിച്ചിരുന്നു. കാക്കനാടെത്തിയപ്പോഴാണ് ഡ്രൈവറെ കാറിലേക്ക് മാറ്റിയത്. ഡ്രൈവറാണ് നടിയെ പടമുകളിലുള്ള ലാലിന്റെ വീട്ടിലെത്തിച്ചത്. തുടര്‍ന്ന് ലാലും മകനുമെത്തി താരത്തെ വീട്ടിലെത്തിക്കുകയും പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.
പകര്‍ത്തിയ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യമെന്നാണ് പ്രാഥമിക നിഗമനം. ജോലിയില്‍ നിന്ന് പറഞ്ഞു വിട്ടതിന്റെ വിരോധവും ആക്രമണത്തിന് പ്രേരിപ്പിച്ചു. പ്രതി പള്‍സര്‍ സുനി നിരവധി കൊട്ടേഷന്‍ സംഘങ്ങളുമായി അടുത്ത ബന്ധമുള്ള ആളാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊച്ചിയിലെ നിരവധി പോലീസ് സ്‌റ്റേഷുകളില്‍ മോഷണം, പിടിച്ചുപറി ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലം അറിയാതെയാണ് നടി ഇയാളെ ജോലിക്ക് എടുത്തതെന്നും തുടര്‍ന്ന് വിവരങ്ങള്‍ അറിഞ്ഞതോടെ ജോലിയില്‍ നിന്ന് പുറത്താക്കിയതെന്നുമാണ് റിപ്പോര്‍ട്ട്. ഇതാണ് ഇയാളെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും സൂചനയുണ്ട്. കൊച്ചിയിലെ സിനിമാക്കാരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് പള്‍സര്‍ സുനി.
കേസില്‍ ഏഴ് പ്രതികളുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. കുടുതല്‍ പ്രതികള്‍ കസ്റ്റഡിയിലായതായാണ് സൂചന. മൂന്ന് പ്രതികളെക്കുടി തിരിച്ചറിയാനുണ്ടെന്നും പോലീസ് വ്യക്തമാക്കി. കളമശേരി കോടതിയില്‍ നടി രഹസ്യമൊഴി നല്‍കി. തൃശ്ശൂരില്‍ നിന്നും കൊച്ചി വരെ നടിയുടെ വാഹനം ഓടിച്ചിരുന്ന മാര്‍ട്ടിന് സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവങ്ങള്‍ക്ക് ശേഷം മാര്‍ട്ടിന്‍ തന്നെയാണ് പാലാരിവട്ടത്തെ സംവിധായകന്റെ വീട്ടില്‍ അഭയം തേടിയ നടിയെ അവിടെയെത്തിച്ചത്. തനിക്ക് ഇക്കാര്യത്തില്‍ പങ്കൊന്നുമില്ല എന്ന് ബോധ്യപ്പെടുത്താനായിരുന്നു മാര്‍ട്ടിന്റെ ശ്രമമെന്നും പൊലീസ് പറഞ്ഞു.
മാര്‍ട്ടിനെ കൂടാതെ രണ്ട് പേരെ കൂടി അന്വേഷണ സംഘം പിടികൂടിയതായാണ് വിവരം. എറണാകുളം, ആലപ്പുഴ സ്വദേശികളായ രണ്ട് പേരാണ് കോയമ്പത്തൂരില്‍ വച്ച് എറണാകുളം റൂറല്‍ എസ്.പി. യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ പിടിയിലായത്. സംഘത്തിലെ മുഖ്യ പ്രതി പള്‍സര്‍ സുനി ഇതുവരെ പിടിയിലായിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ഗാന്ധിനഗറിലെ ഫ്‌ലാറ്റില്‍ നിന്നും രണ്ട് വഴിക്കാണ് മൂന്നംഗ സംഘം രക്ഷപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. സുനിലിന് ചലച്ചിത്ര രംഗത്തെ മറ്റാരെങ്കിലും ഒളിക്കാനുള്ള താവളം ഒരുക്കിയോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
അര്‍ദ്ധരാത്രി നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും അപകീര്‍ത്തിപ്പെടുത്താന്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തുകയും ചെയ്ത സംഭവത്തില്‍ പ്രതികള്‍ 24 മണിക്കൂറിനുള്ളില്‍ വലയിലാകുമെന്ന് പോലീസ് ഉറപ്പുനല്‍കിയതായി സംവിധായകന്‍ ലാല്‍ മാധ്യമങ്ങളോടു പറഞ്ഞു. കാക്കനാട് പടമുകളിലെ ലാലിന്റെ വീട്ടിലെത്തിയ നടി തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചതിന് പിന്നാലെ ഇദ്ദേഹമാണ് പോലീസിനെ സമീപിച്ചത്. ‘ഒരു വിവരങ്ങളും പുറത്തുവിടരുതെന്നാണ് പോലീസ് നേതൃത്വത്തില്‍ നിന്ന് ലഭിച്ചിരിക്കുന്ന പ്രത്യേക നിര്‍ദ്ദേശം. ഇന്ന് വൈകിട്ടിനുള്ളില്‍ പിന്നിലുള്ളവരെ പിടിക്കുമെന്നാണ് പോലീസ് അറിയിച്ചത്. മുഖ്യമന്ത്രി വിളിച്ചിരുന്നുവെന്നും ലാല്‍ അറിയിച്ചു.
നടിക്കുനേരെയുണ്ടായ ആക്രമണത്തില്‍ പ്രിത്വിരാജ്, മേജര്‍ രവി, ഭാഗ്യലക്ഷ്മി തുടങ്ങി നിരവധി പേര്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചു, സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. കൊച്ചിയില്‍ ചലച്ചിത്ര നടിയെ തട്ടിക്കൊണ്ടു പോയ കേസ് പ്രത്യേക സംഘം അന്വേഷിക്കും. ഐജി ദിനേന്ദ്ര കശ്യപാണ് അന്വേഷണ സംഘത്തലവന്‍. എഡിജിപി ബി. സന്ധ്യ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കും. റൂറല്‍ എസ്പി, ഡിസിപി, ആലുവ ഡിവൈഎസ്പി, വനിതാ സിഐ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല