സ്വന്തം ലേഖകന്‍: മലയാളത്തിലെ ഒരു സംവിധാകയന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചതായി നടി ലക്ഷ്മി രാമകൃഷ്ണന്‍, വഴങ്ങാതിരുന്നപ്പോള്‍ സെറ്റില്‍ വച്ച് മോശമായി പെരുമാറി. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ലക്ഷ്മിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.
തമിഴിലും മലയാളത്തിലും ചിത്രങ്ങള്‍ എടുത്തിട്ടുള്ള ഒരു സംവിധായകനാണ് ഇത്തരത്തില്‍ എന്നോട് പെരുമാറിയത്. അയാളുടെ ആവശ്യം നിരസിച്ചതോടെ സെറ്റില്‍ വച്ച് അയാള്‍ നിരന്തരം എന്നെ അപമാനിക്കാന്‍ ശ്രമിച്ചു. എന്നോടുള്ള പക തീര്‍ക്കാന്‍ ചില രംഗങ്ങള്‍ 25 തവണ വരെ റീടേക്ക് എടുപ്പിച്ചിട്ടുണ്ട്. അവസാനം ഞാന്‍ അയാളോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു. ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായി.
എല്ലാ തൊഴില്‍ മേഖലകളിലെയും പോലെ തന്നെ സിനിമയിലും ഇത്തരം ആളുകളുണ്ട്. അടുത്ത കാലത്ത് ഒരു യുവ സംവിധായകന്‍ അയച്ച ആള്‍ സിനിമയെക്കുറിച്ച് സംസാരിക്കാന്‍ ഫ്‌ലാറ്റില്‍ വന്നിരുന്നു. കുറച്ച് നേരം സംസാരിച്ച അയാള്‍ ചില അഡ്ജസ്റ്റുമെന്റുകളെക്കുറിച്ച് പറഞ്ഞു. ഡേറ്റ് അഡ്ജസ്റ്റ് ചെയ്യുന്ന കാര്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നാണ് ഞാന്‍ ആദ്യം കരുതിയത്. എന്നാല്‍ അയാളുടെ ഉദ്ദേശം വേറെയായിരുന്നു. പിന്നീട് ഞാന്‍ അയാളെ ഇറക്കി വിട്ടുലക്ഷ്മി പറഞ്ഞു.
ലോഹിതദാസ് സംവിധാനം ചെയ്ത് ചക്കരമുത്ത് എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മി രാമകൃഷ്ണന്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നത്. തമിഴിലും തെലുങ്കിലും മലയാളത്തിലുമായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ജേക്കബിന്റെ സ്വര്‍ഗരാജ്യമാണ് ലക്ഷ്മി അവസാനം അഭിനയിച്ച മലയാള ചിത്രം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല