ബോസ്‌നിയ ഹെര്‍സഗോവ്‌നിയയെ തകര്‍ത്തെറിഞ്ഞ് പോര്‍ചുഗല്‍ യൂറോ കപ്പ് ഫുട്‌ബോള്‍ 2012 ന്റെ ഫൈനല്‍ റൗണ്ടിനു യോഗ്യത നേടി. പോര്‍ചുഗലിനെ കൂടാതെ ചെക്ക് റിപ്പബ്ലിക്, അയര്‍ലന്‍ഡ് ടീമുകളും പ്ലേഓഫ് കടന്നു യൂറോ യോഗ്യത നേടി. ഇന്നലെ നടന്ന രണ്ടാംപാദ പ്ലേഓഫിലെ ഹോം മത്സരത്തില്‍ രണ്ടിനെതിരേ ആറു ഗോളുകള്‍ക്കാണു പോര്‍ചുഗല്‍ ബോസ്‌നിയയെ തോല്‍പ്പിച്ചത്. ഒന്നാംപാദ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചിരുന്നു.
സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ, ഹൈദര്‍ പോസ്‌റ്റിഗ എന്നിവര്‍ രണ്ടു ഗോളുകള്‍ വീതവും നാനി മിഗ്വേല്‍ വെല്‍സ്‌കോ എന്നിവര്‍ ഓരോ ഗോളുമടിച്ചു. മിസിമോവിക്, സ്‌പാഹിക് എന്നിവരാണ് ബോസ്‌നിയയുടെ സ്‌കോറര്‍മാര്‍. രണ്ടു തവണ മഞ്ഞക്കാര്‍ഡ് കണ്ട സെനാദ് ലൂസിക് ചുവപ്പു കാര്‍ഡ് കണ്ടു പുറത്തായതോടെ 10 പേരുമായാണ് ബോസ്‌നിയ മത്സരം പൂര്‍ത്തിയാക്കിയത്. 35, 53 മിനിട്ടുകളിലാണ് റൊണാള്‍ഡോ ഗോളടിച്ചത്. ലൂയി ഫിഗോ പോര്‍ചുഗലിനു വേണ്ടി നേടിയ 32 ഗോളുകളെന്ന റെക്കോഡിനൊപ്പമെത്താനും ഇന്നലത്തെ മത്സരത്തോടെ അദ്ദേഹത്തിനായി.
തുടര്‍ച്ചയായി രണ്ടാം തവണയാണ് ബോസ്‌നിയ പോര്‍ചുഗലിനോടു പ്ലേഓഫില്‍ തോറ്റു പുറത്താകുന്നത്. 2010 ലോകകപ്പ് ഫുട്‌ബോള്‍ പ്ലേഓഫിലും പോര്‍ചുഗല്‍ അവരെ തോല്‍പ്പിച്ചിരുന്നു. പോര്‍ചുഗലിന്റെ ഫാബിയോ കോയെന്‍ട്രോ പന്ത് കൈകാര്യം ചെയ്‌തതിനു ലഭിച്ച പെനാല്‍റ്റി മിസിമോവിക് ഗോളാക്കി. തുര്‍ക്കിയും ക്രൊയേഷ്യയുമായി നടന്ന രണ്ടാംപാദ മത്സരം ഗോള്‍രഹിത സമനിലയായി. ഒന്നാംപാദ മത്സരത്തില്‍ 3-0 ത്തിനു ജയിച്ച ക്രൊയേഷ്യ തുര്‍ക്കിയുടെ പ്രതീക്ഷകള്‍ അസ്‌ഥാനത്താക്കി മുന്നേറി.
എസ്‌തോണിയയ്‌ക്കെതിരായ രണ്ടാംപാദത്തില്‍ 1-1 നു സമനില വഴങ്ങിയ അയര്‍ലന്‍ഡ് ഒന്നാംപാദത്തിലെ ഗോള്‍മികവില്‍ മുന്നേറി. ഒന്നാംപാദത്തില്‍ അവര്‍ 4-0 ത്തിനു ജയിച്ചിരുന്നു. ഒരു ദശാബ്‌ദത്തിനിടെ ആദ്യമായാണ് അയര്‍ലന്‍ഡ് ഏതെങ്കിലും പ്രധാന ടൂര്‍ണമെന്റിനു യോഗ്യത നേടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല