സ്വന്തം ലേഖകന്‍: പോണ് നിരോധനം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുള്ള സൈറ്റുകള്‍ക്കെന്ന് സര്‍ക്കാര്‍, നിലപാടു മാറ്റം കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന്. അശ്ലീല വെബ്സൈറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു.
ഇതോടെയാണ് സര്‍ക്കാര്‍ മുന്‍ ഉത്തരവില്‍ ഭാഗികമായി മാറ്റംവരുത്താന്‍ തീരുമാനിച്ചത്. നിരോധനം കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളുള്ള വെബ്സൈറ്റുകള്‍ക്ക് മാത്രമായി ചുരുക്കും. ടെലികോം മന്ത്രി രവിശങ്കര്‍പ്രസാദ് ഇക്കാര്യം സ്ഥിരീകരിച്ചു.
857 അശ്ലീല വെബ്സൈറ്റുകള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ നടപടിയെടുത്തപ്പോള്‍ ശക്തമായ പ്രതിഷേധവും വിമര്‍ശനവുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ ഉയര്‍ന്നത്. ഈ പശ്ചാത്തലത്തില്‍ ചൊവ്വാഴ്ച ടെലികോം മന്ത്രാലയത്തില്‍ ഉന്നതതലയോഗം ചേര്‍ന്നിരുന്നു.
സര്‍ക്കാര്‍ ജനവിരുദ്ധരല്ലെന്നും ആളുകളുടെ സ്വാതന്ത്ര്യത്തില്‍ കൈകടത്തില്ലെന്നും മന്ത്രി വിശദീകരിച്ചു. കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുക മാത്രമാണ് ചെയ്തത്. നിരോധനം താത്കാലികമാണെന്നും സുപ്രീംകോടതിയുടെ അന്തിമഉത്തരവിന് വിധേയമായിരിക്കുമെന്നും ടെലികോംവകുപ്പിലെ ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല