സ്വന്തം ലേഖകന്‍: ഇന്ത്യ പ്രധാന പോണ്‍ വെബ്‌സൈറ്റുകള്‍ നിരോധിച്ചു, സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം. ശനിയാഴ്ച മുതലാണ് ബിഎസ്എന്‍എല്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ അശ്ലീല വെബ്‌സൈറ്റുകള്‍ നല്‍കുന്നത് നിര്‍ത്തിയത്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് സൈറ്റുകള്‍ വിലക്കിയതെന്നാണ് സേവനദാതാക്കളുടെ നിലപാട്. എന്നാല്‍ മന്ത്രാലയം ഇതു സംബന്ധിച്ച സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.
എന്നാല്‍, ഇന്റര്‍നെറ്റിലെ പോണ്‍ സൈറ്റുകളുടെ നിരോധനത്തിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാര്‍ ഉമസ്ഥതയിലുള്ള എം.ടി.എന്‍.എല്‍, ബി.എസ്.എന്‍.എല്‍ എന്നിവയും എ.സി.ടി, സ്‌പെക്ട്രാനെറ്റ്, ടികോണ, ഏഷ്യാനെറ്റ്, വൊഡാഫോണ്‍, ഹാത്വെ എന്നീ ഇന്റര്‍നെറ്റ് സേവനദാതാക്കളാണ് അശ്ലീലസൈറ്റുകള്‍ വിലക്കിയത്. എന്നാല്‍ എയര്‍ടെല്‍, ടാറ്റാ ഫോട്ടോണ്‍ തുടങ്ങിയവയില്‍ ഞായറാഴ്ചയും ഇത്തരം സൈറ്റുകള്‍ ലഭ്യമായിരുന്നു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കാന്‍ ഇത്തരം സൈറ്റുകളിലെ ഉള്ളടക്കം ഇടയാക്കുന്നുവെന്നാണ് വിമര്‍ശം. നെറ്റിലെ അശ്ലീല സൈറ്റുകള്‍ നീക്കി ശുദ്ധീകരിക്കാന്‍ നടപടിയെടുക്കുമെന്ന് കഴിഞ്ഞ നവംബറില്‍ വാര്‍ത്താവിനിമയ ഐ.ടി. മന്ത്രി രവിശങ്കര്‍പ്രസാദ് വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഇതുസംബന്ധിച്ച ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ല. ഇത്തരം സൈറ്റുകള്‍ നിരോധിക്കണമെന്ന ഹര്‍ജി കഴിഞ്ഞ മാസം സുപ്രീംകോടതി പരിഗണിച്ചിരുന്നു.
ഒരാള്‍ തന്റെ മുറിയുടെ നാലുചുമരുകള്‍ക്കുള്ളിലിരുന്ന് അശ്ലീലസൈറ്റ് കാണുന്നത് എങ്ങനെ കുറ്റകരമാവുമെന്ന് അന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞിരുന്നു. ഭരണഘടന ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ട്വിറ്ററിലും റെഡ്ഡിറ്റിലും ഫെയ്‌സ്ബുക്കിലും നിരോധനത്തിനെതിരെ പ്രത്യേക ഹാഷ് ടാഗുകള്‍ സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല