നമുക്കൊരു കഥയില്‍ നിന്നും തുടങ്ങാം. ഈ കഥയിലെ കഥാപാത്രം നിങ്ങളാണ്, നിങ്ങളെന്ന് വെച്ചാല്‍ ബ്രിട്ടനിലും ഗള്‍ഫ് നാടുകളിലും അമേരിക്കയിലുമൊക്കെ ജീവിക്കുന്ന ഓരോ പ്രവാസി മലയാളിയും. വളരെ കാലത്തിന് ശേഷം നാടും നാട്ടുകാരെയും വീട്ടുകാരെയും കാണാന്‍ നിങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് വിമാനം കയറുന്നു. നിങ്ങള്‍ തിരുവനന്തപുരം അല്ലെങ്കില്‍ കോഴിക്കോട് എയര്‍പ്പോര്‍ട്ടില്‍ വന്നിറങ്ങുന്നു എന്നിരിക്കട്ടെ അവിടെ നിങ്ങളെ വെല്‍ക്കം റ്റു കേരള നൈസ് റ്റു മീറ്റ് യു എന്ന് പറഞ്ഞു സ്വീകരിക്കാന്‍ ആരുമുണ്ടാകില്ലയെങ്കിലും നിങ്ങളുടെ കയ്യില്‍ വലിയ ലഗേജുകള്‍ ഉണ്ടായിരിക്കാം (വളരെ കാലത്തിന് ശേഷം നാട്ടിലേക്ക് വരുമ്പോള്‍ വീട്ടുകാര്‍ക്കായി എന്തെങ്കിലും കരുതാതിരിക്കില്ലല്ലോ?) ഇനി അഥവാ ഇല്ലായിരിക്കാം എന്തായാലും എന്തെങ്കിലും കയ്യില്‍ ഒന്നും ഉണ്ടാകാതിരിക്കില്ലല്ലോ, അതുമതി, ഉടനെ നിങ്ങളെ തേടിയെത്തും പോര്‍ട്ടര്‍മാര്‍.
ഇനിയാണ് കഥയിലെ കാര്യം, എന്റെ ലഗേജ് ഞാന്‍ തന്നെ എടുത്തോളാം എന്ന് നിങ്ങള്‍ പറയുന്നു. ഉടന്‍ വരുന്നു അവരുടെ മറുപടി സാറിന്റെ പെട്ടി സാര്‍ എടുത്തോളൂ പക്ഷെ ഞങ്ങള്‍ക്ക് കിട്ടേണ്ടത് ഇങ്ങ് തന്നേക്കൂ.. തീര്‍ച്ചയായും നിങ്ങള്‍ക്ക് അത് അനുവദിക്കാന്‍ പറ്റുന്നതാണോ? അല്ല. ഒരിക്കലുമല്ല. ഒന്നുകില്‍ നിങ്ങള്‍ പോര്‍ട്ടര്‍മാരോട് കയര്‍ക്കും മറ്റു ചിലപ്പോള്‍ അവര്‍ക്ക് കീഴടങ്ങും രണ്ടായാലും ശരി ഒടുവില്‍ പോര്‍ട്ടര്‍മാര്‍ തങ്ങള്‍ക്കു കിട്ടേണ്ടത് തട്ടിപ്പറിക്കുക തന്നെ ചെയ്യും. ഇനി വല്ല പോലീസുകാരും നിങ്ങളുടെ പ്രശ്നത്തില്‍ ഇടപ്പെട്ടൂ എന്നിരിക്കട്ടെ അവര്‍ നിങ്ങളോട് ഇങ്ങനെ പറയും ‘ഇവനോക്കെ യൂണിയന്റെ ആള്‍കാരല്ലേ, എന്തിനാ സാറെ വെറുതെ അലമ്പാക്കണത്. ഒരു (ഡാഷ്) രൂപ തരൂ, ഞാനതു പോര്‍ട്ടര്‍മാര്‍ക്ക് കോട്ടുത്തു പ്രശ്നം തീര്‍ക്കാം’.
ഇനിയില്‍ കഥയില്‍ നിന്നും കാര്യത്തിലേക്ക് വരാം, നോക്കുകൂലി നിരോധനം പരസ്യമായി രാഷ്ട്രീയ പാര്‍ട്ടികളും നിയമവും വിലക്കിയിട്ടുള്ളതാണ് എന്നാല്‍ ഇതൊന്നും അറിയാത്ത പോര്‍ട്ടര്‍മാര്‍ കയ്യില്‍ കിട്ടുന്ന എല്ലാവരുടെയും കയ്യില്‍ നിന്നും ജോലി ചെയ്യാതെ കൂലി പിടിച്ചു വാങ്ങുന്നു. ഈ പ്രവണത നേരത്തെ പറഞ്ഞപോലെ എയര്‍പോര്‍ട്ടില്‍ മാത്രമല്ല കേരളത്തിലെ റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്റുകള്‍ തുടങ്ങി മിക്കയിടങ്ങളിലും നിലനില്‍ക്കുന്ന പരസ്യമായ രഹസ്യമാണ്. ഇത്തരം നോക്കുകൂലി പലയിടത്തും സെറ്റില്‍മെന്റിന്റെ ഭാഗമാകുന്നതും ആയതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥ സംവിധാനം അനുമതി നല്‍കുന്നതും നാം കാണുന്നു. ഇതിനെ അപ്പോള്‍ അന്യായം എന്നു പറയുന്നതിലെന്തര്‍ഥം?
നോക്കുകൂലി എന്ന യാഥാര്‍ഥ്യം തൊഴില്‍ നഷ്ടപ്പെടുന്നതിനുള്ള ഒരു നഷ്ടപരിഹാരമായി രാഷ്ട്രീയ പാര്‍ട്ടികള്‍ തത്ത്വത്തില്‍ അംഗീകരിച്ചാല്‍പ്പോലും അത് പിടിച്ചുപറിക്ക് സമാനമാകുന്നതും ഭരണസ്വാധീനമില്ലാത്ത തൊഴില്‍ദാതാവ് പോക്കറ്റടിക്കപ്പെടുന്നതും എങ്ങനെ ഉള്‍ക്കൊള്ളാനാകും. എയര്‍പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥരോട് ചോദിച്ചാല്‍ അവര്‍ പറയുക വിമാനത്താവളത്തിലെ ടെര്‍മിനലില്‍ ചുമട്ടുതൊഴിലാളികള്‍ക്ക് അംഗീകാരമില്ലെന്നാണ്. എന്നാല്‍ നിയമവിരുദ്ധമായി ഇവിടെ അരങ്ങ് വാഴുന്ന പോര്‍ട്ടര്‍മാരെ നിയന്ത്രിക്കാന്‍ അധികൃതര്‍ ആരും തന്നെ ശ്രമിക്കാറില്ല എന്നതാണ് ഏറെ വിചിത്രമായ കാര്യം.
കേരളത്തിലെ എയര്‍പോര്‍ടട്ടുകളില്‍ തിരുവനതപുരം, കോഴിക്കോട് എയര്‍പോര്‍ട്ടുകളില്‍ ആണ് പോര്‍ട്ടര്‍മാര്‍ ഏറ്റവും കൂടുതല്‍ അരങ്ങ് വാഴുന്നത്,. കൊച്ചിയില്‍ ഏറെക്കുറെ ഇത്തരമൊരു പിടിച്ചുപറി കണുന്നില്ലയെന്നു തന്നെ പറയാം. ട്രോളിയില്‍ നിന്നും കാറിലേക്ക് ലഗേജ് എടുത്തു വയ്ക്കാന്‍ പോര്‍ട്ടറുടെ ആവശ്യമില്ല എന്നിരിക്കെ ഇത്തരമൊരു സംസ്കാരം കേരളത്തില്‍ നിലനില്‍ക്കുന്നത് അനുവദിച്ച് കൊടുക്കാന്‍ പറ്റാത്തതാണ്. കഴിഞ്ഞ ബഡ്ജറ്റില്‍ കെ.എം മാണി നോക്കുക്കൂലി നിരോധിച്ചതായി വ്യക്തമാക്കിയിട്ടും കഴിഞ്ഞ ദിവസവും തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ ഇത്തരമൊരു സംഭവം നടക്കുകയുണ്ടായി. അതിനാല്‍ തന്നെ വാക്കിലല്ല പ്രവര്‍ത്തിയിലാണ് അധികൃതര്‍ ഈ പ്രവണതയ്ക്ക് അന്ത്യം കുറിക്കേണ്ടത്. കേരളത്തിന്റെ സാമ്പത്തിക പുരോഗതിയുടെ മുക്കാല്‍ ശതമാനത്തിനും ക്രെഡി റ്റുളള പ്രവാസികള്‍ക്കെതിരെ നടത്തുന്ന ഈ പിടിച്ചുപറി അവസാനിപ്പിക്കാന്‍ നമ്മുടെ ഭരണാധികാരികള്‍ എന്തു ചെയ്യുമെന്ന് കാത്തിരുന്നു കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല