ബ്രിട്ടീഷ് ഫ്രൂട്ട് പാക്കിംഗ് കമ്പനിയില്‍ പോളിഷ് ഭാഷ സംസാരിക്കാനറിയില്ല എന്ന കാരണത്താല്‍ മാനേജറെ പിരിച്ചു വിട്ടു. പൈലോ ഫ്രാന്‍സോ എന്ന പോര്‍ച്ചു ഗീസുകാരനെയാണ് ബ്രിട്ടനിലെ പ്രശസ്തമായ പഴ സംസ്‌കരണ ശാലയായ ഫൈഫീസില്‍ നിന്നും പിരിച്ചുവിട്ടത്.
പോര്‍ച്ചുഗീസ്, ഇംഗ്ലീഷ്, സ്പാനിഷ്, ഫ്രഞ്ച് തുടങ്ങിയ നാലു ഭാഷകള്‍ സംസാരിക്കാനറിയാവുന്ന ആളാണ് പൈലോ. സ്റ്റാഫ് ലൈന്‍ റിക്രൂട്ടിംഗ് ഏജന്‍സി വഴി മണിക്കൂറിന് 9.23 പൌണ്ട് എന്ന കണക്കിലാണ് ഫൈഫീസ് പൈലോ ഫ്രാന്‍സോയെ ജോലിക്കെടുത്തത്. എന്നാല്‍ ജോലിക്കായുള്ള തിരഞ്ഞെടുപ്പ് നടത്തിയ ഒരു സമയത്തും ജോലി ചെയ്യുന്നതിന് പോളിഷ് ഭാഷ സംസാരിക്കുന്നത് നിര്‍ബന്ധമാണെന്ന് പറഞ്ഞിരുന്നില്ലെന്ന് പൈലോ പറയുന്നു.
എന്നാല്‍ കമ്പനിയിലെ 300 പാക്കിംഗ് തൊഴിലാളികളില്‍ ഭൂരിഭാഗവും പോളിഷ്‌കാരാണ്. ഇതില്‍ പൈലോയ്ക്ക് സൂപ്പര്‍വൈസ് ചെയ്യാന്‍ കിട്ടിയ 18 പേരില്‍ ഒരാളൊഴികെ ബാക്കിയെല്ലാവരും പോളിഷ്‌കാരായിരുന്നു, ഇംഗ്ലീഷ് ഭാഷ വശമില്ലാത്ത ഇവരുമായി പോളിഷ് ഭാഷയില്‍ സംവദിക്കണമെന്നു വന്നതാണ് പ്രശ്‌നങ്ങള്‍ക്ക് പ്രധാന കാരണമായതെന്ന് പൈലോ പറഞ്ഞു.
താന്‍ ജോലിയില്‍ പ്രവേശിച്ച ശേഷം ഇവരുമായി കാര്യങ്ങള്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ പോളിഷ് ഭാഷ മാത്രം വശമുള്ള ഇവര്‍ക്ക് താന്‍ പറഞ്ഞതൊന്നും മനസ്സിലാകാത്തതിനാല്‍ ഇതു സംബന്ധിച്ച് മേലധികാരികള്‍ക്ക് നല്‍കിയ പരാതിയാണ് തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിടാന്‍ ഇടയാക്കിയതെന്നും പൈലോ അറിയിച്ചു.
എന്നാല്‍ പൈലോയുടെ വാദങ്ങള്‍ക്ക് യാതോരു അടിസ്ഥാനവുമില്ലായെന്ന് ഫൈഫീസിന്റെ ബ്രാന്‍ഡ് മാനേജറായ പോള്‍ ബാരറ്റ് അറിയിച്ചു. ആഗോളതലത്തില്‍ 20 ശാഖകളും 123 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യവുമുള്ള കമ്പനിയാണ് ഫൈഫീസ്. ഇതിനാല്‍ തന്നെ ഇവിടെ ജോലി ചെയ്യുന്നവര്‍ക്ക് ഇംഗ്ലീഷ് പ്രാവീണ്യം ചെറിയ രീതിയിലെങ്കിലും വേണമെന്നു നിര്‍ബന്ധമാണ്.
എന്നാല്‍ തങ്ങളുടെ മാത്രഭാഷയില്‍ സംസാരിക്കുന്നതിന് ജോലിക്കാര്‍ ആഗ്രഹിക്കുന്നതിനെ എതിര്‍ക്കാന്‍ തങ്ങള്‍ക്കാവില്ലെന്നും ഈ വാദവുമായി യോജിച്ച് പോകാന്‍ പൈലോയ്ക്ക് സാധിക്കാത്തിതാനാലാണ് അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ചു വിട്ടതെന്നും പോള്‍ ബാരറ്റ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല