1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 3, 2018

സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷവും ബ്രിട്ടീഷ് സര്‍വകലാശാലകളിലെ ഇയു വിദ്യാര്‍ഥികള്‍ക്കുള്ള ഇളവുകള്‍ തുടരുമെന്ന് ഉറപ്പു നല്‍കി യുകെ വിദ്യാഭ്യാസ മന്ത്രി. അടുത്ത വര്‍ഷം മാര്‍ച്ചില്‍ ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പിരിയുന്നതോടെ യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ ലഭിച്ച് കൊണ്ടിരിക്കുന്ന ഇളവുകളും പിന്‍വലിക്കുമെന്ന ആശങ്കകളും ഇതോടെ അസ്ഥാനത്തായി.

സര്‍ക്കാരിന്റെ നയങ്ങള്‍ വ്യക്തമാക്കിയ വിദ്യാഭ്യാസ മന്ത്രി ഡാമിയന്‍ ഹിന്‍ഡ്‌സ്, ബ്രിട്ടീഷ് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ തന്നെ യൂറോപ്യന്‍ യൂണിയന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭിക്കുമെന്നും ഉറപ്പു നല്‍കി. നിലവില്‍ ലഭിച്ച് കൊണ്ടിരിക്കുന്ന ഫീസിളവും വിദ്യാഭ്യാസ വായ്പകളും ഇയു വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകും.

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ബ്രിട്ടനിലെ വിദ്യാഭ്യാസ മേഖലക്ക് നല്‍കുന്ന പ്രാമുഖ്യം ഏറെ സ്വാഗതാര്‍ഹമാണെന്ന് ഡാമിയന്‍ ഹിന്‍ഡ്‌സ് പറഞ്ഞു. ബ്രിട്ടനിലെ സര്‍വകലാശാലകളില്‍ വിദേശ വിദ്യാര്‍ത്ഥികളില്‍ ഭൂരിപക്ഷവും ഇയുവില്‍ നിന്നുള്ളവരാണ്. ബ്രിട്ടന്റെ സാമ്പത്തിക മേഖലയ്ക്കും ഇവര്‍ നല്‍കുന്ന സംഭാവനകള്‍ ചെറുതല്ല.

അതുകൊണ്ട് തന്നെ 2019 2020 കാലഘട്ടങ്ങളില്‍ അപേക്ഷിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിലവിലെ സ്ഥിതി തുടരാനാണ് സര്‍ക്കാര്‍ തീരുമാനം. അതോടൊപ്പം ഡൊമസ്റ്റിക് ട്യൂഷന്‍ ഫീസ് വര്‍ദ്ധന അടുത്ത ഒരു വര്‍ഷത്തേക്ക് മരവിപ്പിച്ചതായും മന്ത്രി പ്രസ്താവിച്ചു. ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് വിദ്യാര്‍ത്ഥികളെ കൂടുതലായി ആകര്ഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടികള്‍.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.