സ്വന്തം ലേഖകൻ: കമ്പനികളിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങി പോസ്റ്റ് – ഡേറ്റഡ് ചെക്ക് നൽകിയ ശേഷം വൻതുക തട്ടിയെടുത്ത് അപ്രത്യക്ഷമാകുന്ന തട്ടിപ്പ് വീണ്ടും. കുറച്ച് കാലം മുൻപ് യുഎഇയിൽ സജീവമായിരുന്ന ഇത്തരം തട്ടിപ്പ് വീണ്ടും തുടങ്ങിയപ്പോൾ ഇരയായത് ദുബായിലെ ഇന്ത്യൻ വ്യവസായികൾ അടക്കം ഒട്ടേറെ പേർ.
ദിവസങ്ങൾക്കുള്ളിൽ തന്റെ നാല് വ്യവസായ സംരംഭങ്ങളാണ് സീരിയൽ തട്ടിപ്പിനിരയായതെന്നും 18 ലക്ഷം ദിർഹം നഷ്ടമായെന്നും ദുബായിലെ ഇന്ത്യൻ വ്യവസായി മിർസ ഇല്യാസ് ബെയ്ഗ് പൊലീസിൽ പരാതി നൽകി. ഇതുപോലെ തട്ടിപ്പിനിരയായ മലയാളികളടക്കമുള്ള വ്യാപാരികളും പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.
കംപ്യൂട്ടർ, കംപ്യൂട്ടർ സാമഗ്രികൾ, ഭക്ഷ്യവസ്തുക്കൾ, കെട്ടിട നിർമാണ സാമഗ്രികൾ എന്നിവയുടെ പ്രത്യേക വിഭാഗങ്ങളുൾക്കൊള്ളുന്ന മിർസ ഇല്യാസിന്റെ ഐവിയോണ്ട് കൺസൾട്ടൻസി, ഐആർഎ ട്രാവൽ ആൻഡ് ടൂറിസം എന്നീ കമ്പനികളാണ് തട്ടിപ്പിനിരയായത്. ലാപ്ടോപ്പുകൾ, എൽഇഡി ടിവികൾ, ഹാർഡ് ഡിസ്കുകൾ എന്നിവ വിതരണം ചെയ്യുന്ന ഐവിയോണ്ട് കൺസൾട്ടൻസിക്ക് 9,58,970 ദിർഹമാണ് നഷ്ടപ്പെട്ടത്. ഐആർഎ ട്രാവൽ ആൻഡ് ടൂറിസത്തിന് 6,48,000 ദിർഹവും നഷ്ടമായി. ഉള്ളിയും സാനിറ്ററി വെയറുകളും വിതരണം ചെയ്യുന്ന ജനറൽ ട്രേഡിങ് ആൻഡ് ഫുഡ്സ്റ്റഫിന് 2,00,315 ദിർഹവും നഷ്ടപ്പെട്ടതായി മിർസ ഇല്യാസ് പറഞ്ഞു.
ഡിജിറ്റൽ ജീനിയസ് ടെക്നോളജീസ്, ഡെമോ ഇന്റർനാഷനൽ, നൂർ അൽ സിദ്ര ട്രേഡിങ്, ഫെയർ വേഡ്സ് ഗുഡ്സ് ട്രേഡിങ്, വഹത് അൽ റയാൻ ട്രേഡിങ് എന്നീ കമ്പനികളുടെ പേരിലാണ് പോസ്റ്റ്–ഡേറ്റഡ് ചെക്ക് നൽകിയിട്ടുള്ളത്. ഈ കമ്പനികൾ ഇപ്പോൾ യുഎഇയിൽ നിന്ന് അപ്രത്യക്ഷമായിരിക്കുകയാണെന്ന് അദ്ദേഹം അറിയിച്ചു.
മിർസ ഇല്യാസ് ബെയ്ഗിന്റെ കമ്പനികളും മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരും ഈ തട്ടിപ്പ് കമ്പനികളുടെ ഇരകളായിട്ടുണ്ട്. ഉൽപന്നങ്ങളും സേവനങ്ങളും സ്വന്തമാക്കിയ ശേഷം നൽകിയ പോസ്റ്റ്-ഡേറ്റഡ് ചെക്കുകൾ പിന്നീട് ബൗൺസ് ആയപ്പോഴാണ് എല്ലാവരും തട്ടിപ്പിനിരയായ കാര്യം അറിയുന്നത്. ചെക്ക് നൽകിയ കമ്പനികളുമായി ബന്ധപ്പെട്ടെങ്കിലും അവ നിലവിലില്ല എന്ന അറിയിപ്പാണ് ലഭിച്ചത്. നഷ്ടമായ തുക എങ്ങനെയാണ് തിരിച്ചുപിടിക്കേണ്ടതെന്ന് അറിയില്ലെന്ന് മിർസ ഇല്യാസ് ബെയ്ഗ് പറയുന്നു.
ദുബായ് അൽ നഹ്ദയിൽ പ്രവർത്തിക്കുന്ന ഡിജിറ്റൽ ജീനിയസ് ആണ് ഏറ്റവും വലിയ തട്ടിപ്പിനിരയായത്. ഹോട്ടൽ, വിമാന ടിക്കറ്റ് ബുക്കിങ്ങുകൾക്കായി 2,65,000 ദിർഹം കൂടാതെ, കമ്പനി 40 സാംസങ് സ്ക്രീനുകൾ, 100 ടാബ്ലെറ്റുകൾ, 200 എയർപോഡുകൾ, 40 ഡിജിറ്റൽ ക്യാമറകൾ, 20 പ്രൊജക്ടറുകൾ, 100 റൂട്ടറുകൾ, 30 മാക്ബുക്കുകൾ എന്നിവയും തട്ടിയെടുത്തു. ഇവയ്ക്ക് ഏകദേശം 7,72,800 ദിർഹം വിലമതിക്കുന്നു. സാധനങ്ങളെല്ലാം കമ്പനിയുടെ വെയർഹൗസിൽ എത്തിച്ചുകൊടുക്കുകയായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല