സ്വന്തം ലേഖകന്‍: 33 വര്‍ഷത്തിനു ശേഷം പൗണ്ട് നാണയത്തിന് പുതിയ മുഖം നല്‍കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍. പൗണ്ട് നാണയത്തിന്റെ 33 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി അതിനെ പുതുക്കാന്‍ തയാറെടുക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. പുതുക്കിയ ഡിസൈനിലുള്ള നാണയം 2017 മാര്‍ച്ചില്‍ പുറത്തിറങ്ങും. ഇപ്പോഴത്തെ പൗണ്ട് നാണയം 1983 മുതല്‍ നിലവിലുണ്ട്.
1984 ല്‍ പുറത്തിറക്കല്‍ നിര്‍ത്തിയ ഒരു പൗണ്ട് നോട്ടിന് പകരമായാണ് അന്ന് നാണയം പ്രാബല്യത്തില്‍ വന്നത്. നിലവിലെ രണ്ട് പൗണ്ട് നാണയത്തിന്റെ രൂപത്തോട് സാദൃശ്യമുള്ളതായിരിക്കും പുതിയ ഒരു പൗണ്ട് നാണയം. 12 വശങ്ങളുള്ള നാണയം രണ്ടു ലോഹങ്ങളാല്‍ നിര്‍മിച്ചതായിരിക്കും. നിക്കലും പിച്ചളയും ഉപയോഗിച്ച് നിര്‍മിച്ച സ്വര്‍ണനിറമുള്ള പുറത്തെ വൃത്തവും നിക്കല്‍ പൂശിയ ലോഹസങ്കരംകൊണ്ട് നിര്‍മിച്ച വെള്ളിനിറമുള്ള അകത്തെ വൃത്തവും ചേര്‍ന്നതായിരിക്കും നാണയം.
മുഖഭാഗത്ത് ഒരു പൗണ്ട് എന്നെഴുതിയിട്ടുണ്ടാകും. മറുവശത്ത് നിര്‍മിച്ച വര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ടാകും. നിലവിലെ പൗണ്ട് നാണയത്തിന് നിരവധി വ്യാജന്മാര്‍ ഉണ്ടാകുന്നതിനാലാണ് പുതിയ നാണയം നിര്‍മിക്കാന്‍ ആലോചിക്കുന്നത്. പുതിയ നാണയം വ്യത്യസ്ത വശങ്ങളില്‍നിന്ന് നോക്കിയാല്‍ പൗണ്ട് ചിഹ്നം മുതല്‍ ഒന്ന് എന്നടയാളപ്പെടുത്തിയതുവരെ ഹോളോഗ്രാം പോലൊരു അടയാളം കാണാം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല