ആഗോളവ്യാപകമായി ഉത്പന്നങ്ങളുടെ വിലയിലുണ്ടായിരിക്കുന്ന വര്‍ധന 440 ലക്ഷത്തിലേറെപ്പേരെ പട്ടിണിയിലേക്കു തള്ളിവിടുമെന്നു അന്താരാഷ്ട്ര നാണ്യനിധിയുടെ മുന്നറിയിപ്പ്. ഭക്ഷണത്തിനും ഇന്ധനത്തിനുമുള്ള ദൌര്‍ലഭ്യവും അതേത്തുടര്‍ന്നുള്ള വിലക്കയറ്റവും 2008ല്‍ തുടങ്ങിയതാണ്. പിന്നീടുണ്ടായ സാമ്പത്തിക മാന്ദ്യവും കൂടിയായപ്പോള്‍ പാവങ്ങളുടെ നിലനില്‍പ്പു തന്നെ അപകടത്തിലായെന്നു ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റീന്‍ ലഗാര്‍ഡ് പറഞ്ഞു.
ഈവര്‍ഷം ഉത്പന്നങ്ങളുടെ വില വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ഇത് ലക്ഷങ്ങളെ പട്ടിണിയിലേക്കു തള്ളിവിടുമെന്നു ഐഎംഎഫ് സംഘടിപ്പിച്ച സെമിനാറില്‍ അവര്‍ പറഞ്ഞു. രണ്ടുതവണകളിലായുണ്ടായ പ്രതിസന്ധികളില്‍ നിന്നു കരകയറാന്‍ വരുമാനം കുറഞ്ഞ രാജ്യങ്ങള്‍ പാടുപെടുമ്പോള്‍ വീണ്ടും ആഘാതമുണ്ടാകുന്നത് അവരെ തളര്‍ത്തും. സ്വന്തം ചുറ്റുപാടുകള്‍ക്കനുസൃതമായ നയപരിപാടികള്‍ ആവിഷ്കരിച്ചെങ്കില്‍ മാത്രമെ ഇത്തരം പ്രതിസന്ധികളില്‍ നിന്നു മറികടക്കാനാകൂ. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ ധനകാര്യ, വിനിമയ നയങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കണം.
പൊതുവേ താഴ്ന്ന വളര്‍ച്ചാനിരക്ക് പൊതു, സ്വകാര്യ ബഡ്ജറ്റുകള്‍ക്കു കൂടുതല്‍ ബാധ്യത വരുത്തിവയ്ക്കുന്നു. കടബാധ്യത പെരുകുമെന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. ഇതു അമേരിക്ക പോലെയുള്ള വികസിത രാജ്യങ്ങളിലാണ് കൂടുതല്‍. സാമ്പത്തികസ്ഥിതി നേരെയാക്കുന്നതിന് വ്യക്തമായ രാഷ്ട്രീയ ധാരണ സൃഷ്ടിച്ചെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍ ആഗോള സമ്പദ്വ്യവസ്ഥയുടെ നിലനില്‍പ്പിനു തന്നെ അതു ഭീഷണിയാകുമെന്ന് ലഗാര്‍ഡ് പറഞ്ഞു.
എന്നാല്‍ നിര്‍ഭാഗ്യവശാല്‍ വികസിത രാജ്യങ്ങളിലെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ വേണ്ട ശുഷ്കാന്തി കാട്ടുന്നില്ല. ഫലപ്രദമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ അവരുടെ കഴിവിനെപ്പോലും ഇതു ചോദ്യം ചെയ്യുന്ന സ്ഥിതിയിലേക്കാണു കാര്യങ്ങള്‍ പോകുന്നത്. അതേസമയം വളര്‍ച്ച പ്രാപിക്കുന്ന രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ കുറെക്കൂടി ഫലപ്രദമായ ഘട്ടത്തിലാണ്. മെച്ചപ്പെട്ട വളര്‍ച്ചാനിരക്കും കുറഞ്ഞപലിശനിരക്കും അടിസ്ഥാനപ്പെടുത്തിക്കൊണ്ട് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കാന്‍ അവര്‍ക്കു കഴിയുന്നുണ്ട്.
പിന്നിട്ട മാസങ്ങളില്‍ ആഗോളസമ്പദ്വ്യവസ്ഥയുടെ സ്ഥിരതയ്ക്ക് അപകടകരമായ കാര്യങ്ങളാണ് സംഭവിച്ചത്. അമേരിക്കന്‍ കടയോഗ്യതാനിരക്ക് താഴ്ത്തിയത് ധനകാര്യ സംവിധാനത്തെ ഉലച്ചു. യൂറോപ്യന്‍ മേഖലയില്‍ പ്രക്ഷുബ്ധമായ അന്തരീക്ഷമാണ് ഇപ്പോഴുള്ളതെന്നു അവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല