സ്വന്തം ലേഖകന്‍: ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രന്‍; ആര്‍എസ്എസ് സ്ഥാപകനെ പുകഴ്ത്തിയും ഇന്ത്യയുടെ ബഹുസ്വരത ഓര്‍മിപ്പിച്ചും പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്ത്. മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശനം നടത്തി. ആര്‍എസ്എസ് സ്ഥാപകന്‍ കെബി ഹെഡ്‌ഗെവാര്‍ ഇന്ത്യയുടെ വീരപുത്രനാണെന്ന് മുന്‍ കോണ്‍ഗ്രസ് നേതാവുകൂടിയായ പ്രണബ് പറഞ്ഞു. ആര്‍എസ്എസ് ആസ്ഥാനത്ത് സന്ദര്‍ശക ഡയറിലെഴുതിയ കുറിപ്പിലാണ് ഹെഡ്‌ഗെവാറിനെ മുന്‍ രാഷ്ട്രപതി ഇന്ത്യയുടെ വീരപുത്രനെന്ന് വിശേഷിപ്പിച്ചത്.
കോണ്‍ഗ്രസിന്റെ എതിര്‍പ്പിനെ അവഗണിച്ചാണ് പ്രണബ് മുഖര്‍ജി ആര്‍എസ്എസ് ആസ്ഥാനത്തെത്തിയത്. പ്രണബ് മുഖര്‍ജിയുടെ ആര്‍എസ്എസ് ആസ്ഥാനത്തെ സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് പരസ്യമായി എതിര്‍പ്പ് അറിയിച്ചിരുന്നു. മുന്‍ രാഷ്ട്രപതിയുടെ ആര്‍എസ്എസ് ആസ്ഥാനത്തെ സന്ദര്‍ശത്തിലെ വിവാദം ചൂടുപിടിച്ചിരിക്കെ അദ്ദേഹത്തിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജിയും രംഗത്തെത്തിയിരുന്നു.
വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയെന്നോണം ഇന്ത്യയുടെ വൈവിധ്യപൂര്‍ണമായ ദേശീയതയെക്കുറിച്ച് ആര്‍എസ്എസ് വേദിയില്‍ അദ്ദേഹം വാചാലനായി. കണ്ണടയ്ക്കുമ്പോള്‍ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള ഇന്ത്യയെയാണു സ്വപ്നം കാണുന്നത്. ത്രിപുര മുതല്‍ ദ്വാരക വരെ. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ. എണ്ണമില്ലാത്ത സമുദായങ്ങള്‍, ഭാഷകള്‍, വംശങ്ങള്‍, ജാതികള്‍… എല്ലാം ഒരേ ഭരണഘടനയ്ക്കു കീഴില്‍. ഈ ഏക സ്വത്വത്തെയാണു ഭാരതീയത എന്നു വിളിക്കുന്നത്. ബഹുസ്വരതയാണ് ഇന്ത്യയുടെ ആത്മാവ്. മതനിരപേക്ഷത അതിന്റെ പ്രകൃതമാണ്. ഇതു രണ്ടുമാണ് ഇന്ത്യയെ സൃഷ്ടിക്കുന്നത്. ദാരിദ്ര്യം, രോഗം, അധഃസ്ഥിതാവസ്ഥ എന്നിവയ്‌ക്കെതിരെ ആയിരിക്കണം യുദ്ധം. ഇവ പരിഹരിക്കപ്പെടുമ്പോള്‍ ദേശീയത താനെ ഉണ്ടായിക്കൊള്ളുമെന്നും പ്രണബ് പറഞ്ഞു.
നാഗ്പുരിലെ ആര്‍എസ്എസ് ആസ്ഥാനത്ത് അവസാന വര്‍ഷ സംഘ ശിക്ഷ വര്‍ഗ് പാസിംഗ് ഔട്ട് പരിപാടിയിലാണ് മുഖ്യാതിഥിയായി മുഖര്‍ജി പങ്കെടുക്കുന്നത്. ആര്‍എസ്എസ് ആസ്ഥാനത്തെത്തിയ പ്രണബ് മുഖര്‍ജിയെ സംഘടന തലവന്‍ മോഹന്‍ ഭഗവത് സ്വീകരിച്ചു. തുടര്‍ന്നാണ് അദ്ദേഹം ഹെഡ്‌ഗെവാറിന്റെ സ്മൃതികുടീരം സന്ദര്‍ശിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല