1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2018

സ്വന്തം ലേഖകന്‍: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി നാഗ്പൂരിലെ ആര്‍എസ്എസിന്റെ ചടങ്ങില്‍; പ്രണബിനെതിരെ വിമര്‍ശനവുമായി മകള്‍. വിവാദം പുകയുന്നതിനിടെ ചടങ്ങില്‍ പങ്കെടുക്കാന്‍ പ്രണബ് ബുധനാഴ്ച നാഗ്പുരിലെത്തി. വ്യാഴാഴ്ച ആര്‍.എസ്.എസ്. ആസ്ഥാനത്തു നടക്കുന്ന ‘സംഘ് ശിക്ഷാ വര്‍ഗി’ല്‍ അദ്ദേഹം മുഖ്യാതിഥിയാണ്.

അതിനിടെ എതിര്‍പ്പുമായി അദ്ദേഹത്തിന്റെ മകളും കോണ്‍ഗ്രസ് നേതാവുമായ ശര്‍മിഷ്ഠ മുഖര്‍ജി രംഗത്തെത്തി. തെറ്റായ കഥകളുണ്ടാക്കാന്‍ ബിജെപിക്കും ആര്‍എസ്എസിനും അവസരമൊരുക്കുകയാണ് പ്രണബ് മുഖര്‍ജി ചെയ്യുന്നതെന്നു ശര്‍മിഷ്ഠ ട്വിറ്ററില്‍ പ്രതികരിച്ചു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഒരുപക്ഷേ മറന്നുപോയേക്കാം, പക്ഷേ ദൃശ്യങ്ങള്‍ ബാക്കിയുണ്ടാകും. ആ ദൃശ്യങ്ങള്‍ക്കൊപ്പം പ്രണബിന്റേതെന്ന പേരില്‍ ആര്‍എസ്എസ് നുണകള്‍ പ്രചരിപ്പിക്കുകയും ചെയ്യും. ബിജെപിയുടെ വൃത്തികെട്ട തന്ത്രങ്ങളെക്കുറിച്ച് മുന്‍ രാഷ്ട്രപതി മനസിലാക്കുമെന്നാണു പ്രതീക്ഷയെന്നും ശര്‍മിഷ്ഠ ട്വിറ്ററില്‍ കുറിച്ചു.

ശര്‍മിഷ്ഠ മുഖര്‍ജി ബിജെപിയില്‍ ചേരാന്‍ പോകുകയാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ ഉയര്‍ന്നുവന്നിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണു പ്രതികരണം. 2014ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശര്‍മിഷ്ഠ മഹിളാ കോണ്‍ഗ്രസിന്റെ പ്രസിഡന്റും ഡല്‍ഹിയിലെ പാര്‍ട്ടിയുടെ കമ്യൂണിക്കേഷന്‍ വിഭാഗം മേധാവിയുമാണ്. 2015ല്‍ ഡല്‍ഹി നിയമസഭയിലേക്കു മല്‍സരിച്ചെങ്കിലും ആം ആദ്മി സ്ഥാനാര്‍ഥിയോട് പരാജയപ്പെടുകയായിരുന്നു.

ആര്‍.എസ്.എസിന്റെ ക്ഷണം സ്വീകരിച്ച മുന്‍ രാഷ്ട്രപതിയുടെ നടപടി പ്രതിപക്ഷകക്ഷികളുടെ വിമര്‍ശനം ക്ഷണിച്ചുവരുത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കരുതെന്ന് പല കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിലെ നിലപാട് വ്യാഴാഴ്ച നടത്തുന്ന പ്രസംഗത്തില്‍ വ്യക്തമാക്കുമെന്നാണ് പ്രണബിന്റെ നിലപാട്.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.