സ്വന്തം ലേഖകന്‍: സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് പാര്‍ലമെന്റിന്റെ വികാര നിര്‍ഭരമായ യാത്രയയപ്പ്, അവസാന പ്രസംഗത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് രാഷ്ട്രപതി. പാര്‍ലമെന്റിലെ സെന്‍ട്രല്‍ ഹാളില്‍ നടന്ന വിടവാങ്ങല്‍ ചടങ്ങില്‍ ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ പങ്കെടുത്തു. 81 വയസുകാരനായ മുഖര്‍ജിയെ ഉപരാഷ്ട്രപതി ഹമീസ് അന്‍സാരി, പ്രധാനമന്ത്രി നരേന്ദ്ര മോഡി, ലോക്‌സഭാ സ്പീക്കര്‍ സുമിത്ര മഹാജന്‍, പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു.
പാര്‍ലമെന്റിന്റെ നടപടിക്രമങ്ങള്‍ തടസപ്പെടുന്ന തരത്തില്‍ അംഗങ്ങള്‍ പെരുമാറരുതെന്നു വിടവാങ്ങല്‍ പ്രസംഗത്തില്‍ പ്രണബ് മുഖര്‍ജി ഓര്‍മിപ്പിച്ചു. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമുള്ള വേദിയാണു പാര്‍ലമെന്റ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നതു പ്രതിപക്ഷത്തെയാണെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റായിരിക്കേ ഭരണഘടനയുടെ അന്തസത്ത നിലനിര്‍ത്താനായെന്നു പ്രണബ് പറഞ്ഞു.
വിടവാങ്ങല്‍ പ്രസംഗത്തിനിടെ കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനനസ് ഭരണത്തിനെതിരെ പ്രണബ് മുഖര്‍ജി വിമര്‍ശനം ഉന്നയിച്ചതും ശ്രദ്ധേയമായി. ഓര്‍ഡിനന്‍സുകള്‍ പുറത്തിറക്കേണ്ടത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രമാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു. ചര്‍ച്ചകളിലൂടെയുള്ള നിയമനിര്‍മ്മാണം കുറഞ്ഞു വരികയാണ്. നിയമ നിര്‍മ്മാണം ചര്‍ച്ചകളിലൂടെ ആകണമെന്നും അദ്ദേഹം പറഞ്ഞു.
മഴവില്ലിനെക്കാള്‍ നിറമുള്ള ഓര്‍മകളുമായാണു പാര്‍ലമെന്റ് വിടുന്നതെന്നും ഈ ഓര്‍മകള്‍ എന്നും ഗൃഹാതുരത്വമുണ്ടാക്കുമെന്നും നേര്‍ത്ത വിതുമ്പലോടെ പ്രണബ് മുഖര്‍ജി പറഞ്ഞു നിര്‍ത്തി. രാഷ്ട്രപതിയുടെ വിടവാങ്ങല്‍ പ്രസംഗം 20 മിനിട്ട് നീണ്ടു. പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രണബ് മുഖര്‍ജിക്കു ശനിയാഴ്ച വിരുന്ന് നല്‍കിയിരുന്നു. സായുധ സേനാ മേധാവികളും അദ്ദേഹത്തിനു വിരുന്ന് സത്കാരം നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല