സ്വന്തം ലേഖകന്‍: ഒരു ഇന്നിങ്‌സില്‍ 1009 റണ്‍സെടുത്ത് ലോക റെക്കോര്‍ഡിട്ട മുംബൈ വിദ്യാര്‍ഥിയെത്തേടി സച്ചിന്റെ അപൂര്‍വ സമ്മാനമെത്തി. മുംബൈ ക്രിക്കറ്റ് അസോസിയേഷന്റെ സ്‌കോളര്‍ഷിപ്പ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിലയേറിയ സമ്മാനവും പതിനഞ്ചുകാരനായ പ്രണവ് ധന്‍വാദെയെ തേടിയെത്തിയത്.
സ്വയം ഒപ്പിട്ട ക്രിക്കറ്റ് ബാറ്റായിരുന്നു സച്ചിന്‍ സമ്മാനമായി നല്‍കിയത്. പ്രണവ് റെക്കോര്‍ഡിട്ടതിന് പിന്നാലെ കുട്ടിയെ അഭിനന്ദിച്ച് സച്ചിന്‍ ട്വീറ്റ് ചെയ്തിരുന്നു. സച്ചിന്‍ നല്‍കിയ ബാറ്റുമായി നില്‍ക്കുന്ന പ്രണവിന്റെയും കുടുംബത്തിന്റെയും ചിത്രം ബിസിസിഐയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് പ്രണവ് ലോകറെക്കോര്‍ഡിട്ട പ്രകടനം പുറത്തെടുത്തുത്. അണ്ടര്‍16 ഭണ്ടാരി ട്രോഫി ക്രിക്കറ്റില്‍ തന്റെ സ്‌കൂളിനുവേണ്ടി 1009 റണ്‍സ് സ്‌കോര്‍ ചെയ്ത പ്രണവ് ലോകത്ത് ഇന്നേവരെ ഒരു ബാറ്റ്‌സ്മാനും എത്തിച്ചേരാത്ത റെക്കോര്‍ഡിലേക്കാണ് നടന്നുകയറിയത്. ധന്‍വാദെയുടെ സ്‌കോറിന്റെ മികവില്‍ ടീം 1465 റണ്‍സെടുക്കുകയും ചെയ്തു.
തിങ്കളാഴ്ച 652 റണ്‍സെടുത്ത ധന്‍വാദെ എഇജെ കോളിന്‍സ് 1899 ല്‍ സ്ഥാപിച്ച 628 റണ്‍സ് എന്ന റെക്കോര്‍ഡ് മറികടന്നിരുന്നു. ചൊവ്വാഴ്ച 1009 റണ്‍സെടുത്ത് ക്രിക്കറ്റില്‍ പുതു ചരിത്രമെഴുതുകയും ചെയ്തു. ഓട്ടോറിക്ഷ തൊഴിലാളിയുടെ മകനായ പ്രണവിന് സംസ്ഥാന സര്‍ക്കാര്‍ പഠനസഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കൂടാതെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ എല്ലാ മാസവും 10,000 രൂപവീതം നല്‍കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല