“സ്നേഹത്തിനുമുന്നില്‍ എല്ലാവരും സ്വാര്‍ത്ഥരാണ്. ഞാനും” – ഗ്രേസിനെ ചേര്‍ത്തുപിടിച്ച് മാത്യൂസ് പറയുമ്പോള്‍ മലയാളി പ്രേക്ഷകര്‍ പ്രണയം എന്ന വികാരത്തിന്‍റെ പുതിയൊരു തലം അനുഭവിക്കുകയായിരുന്നു. പതിയെപ്പതിയെ കത്തിപ്പിടിച്ച് ‘പ്രണയം’ ഹിറ്റിലേക്ക് നീങ്ങുമ്പോള്‍ ബ്ലെസി ഈ ചിത്രം ഹിന്ദിയിലെടുക്കാനുള്ള ചര്‍ച്ചകളില്‍ സജീവമായിരിക്കുന്നു.
പ്രണയത്തില്‍ മോഹന്‍ലാല്‍ അനശ്വരമാക്കിയ മാത്യൂസ് എന്ന കഥാപാത്രത്തെ ഹിന്ദിയില്‍ സാക്ഷാല്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുമെന്നാണ് ആദ്യസൂചന. “ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മറ്റൊരു ഭാഷയില്‍ സംവിധാനം ചെയ്യണമെന്ന് ആദ്യമായി ഒരു തോന്നലുണ്ടാകുന്നത് ഇപ്പോഴാണ്. ചിത്രത്തിലെ കാസ്റ്റിംഗ് ഒക്കെ നന്നായി വരണം. അമിതാഭ് ബച്ചനെയാണ് മാത്യൂസായി പരിഗണിക്കുന്നത്. അത് സാധ്യമായാല്‍ ഏറ്റവുമധികം ആഹ്ലാദിക്കുന്നത് ഞാന്‍ ആയിരിക്കും.” – ഒരു പ്രമുഖ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ബ്ലെസി വ്യക്തമാക്കി.
പ്രണയത്തില്‍ ഗ്രേസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയപ്രദയാണ് ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. ജയപ്രദയ്ക്ക് പൂര്‍ണ പിന്തുണയുമായി അനുപംഖേറും രംഗത്തുണ്ട്. മോഹന്‍ലാലിന് പകരക്കാരനായ ഒരു നടനെ കണ്ടെത്തുക എന്നതായിരുന്നു ബ്ലെസിക്കുമുമ്പിലുള്ള പ്രധാന വെല്ലുവിളി. അമിതാഭ് ബച്ചനെ പരിഗണിക്കുന്നത് അങ്ങനെയാണ്.
“പ്രണയം ഹിറ്റായതില്‍ സന്തോഷമുണ്ട്. പക്വതയുള്ള കാണികള്‍ ഉണ്ടാകുന്നത് ആഹ്ലാദമുണ്ടാക്കുന്ന കാര്യമാണ്. തിയേറ്ററില്‍ പോയി സിനിമ കാണുന്നതൊക്കെ നിര്‍ത്തി വീടുകളില്‍ ഒതുങ്ങിക്കഴിയുന്ന വൃദ്ധജനങ്ങള്‍ പോലും പ്രണയം കാണാന്‍ തിയേറ്ററുകളിലെത്തുന്നു.” – ബ്ലെസി തന്‍റെ മനസിലെ ആനന്ദം പങ്കുവച്ചു. പ്രണയത്തിന്‍റെ പ്രചാരണത്തിരക്കുകള്‍ അവസാനിക്കുമ്പോള്‍ ഹിന്ദി റീമേക്കിന്‍റെ രചനാജോലികള്‍ ബ്ലെസി ആരംഭിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല