രാഷ്ട്രപതിഭവന്റെ പടിയിറങ്ങുമ്പോഴും മുന്‍ പ്രസിഡന്റ് പ്രതിഭപാട്ടീലിന് വിവാദങ്ങള്‍ കൂട്ട്. പ്രസിഡന്റ് പദവിയിലിരിക്കെ തനിക്ക് ലഭിച്ച വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സ്വദേശമായ അമരാവതിയിലേക്ക് കൊണ്ടുപോയതാണ് പുതിയ വിവാദം. ഇത് കീഴ്വഴക്കങ്ങളുടെ ലംഘനമാണെന്ന് ഭരണഘടനാ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
പ്രതിഭക്ക് ലഭിച്ച 150ലേറെ സമ്മാനങ്ങളാണ്, അമരാവതിയില്‍ പാട്ടീല്‍ കുടുംബ ട്രസ്റ്റിനു കീഴില്‍ നടത്തുന്ന വിദ്യാഭാരതി കോളജിലെ മ്യൂസിയത്തിലേക്ക് മാറ്റിയത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ നല്‍കിയ സമ്മാനം മുതല്‍ സുവര്‍ണക്ഷേത്രത്തിന്റെ സ്വര്‍ണം പൂശിയ രൂപം വരെ ഇതിലുള്‍പ്പെടും. ട്രസ്റ്റുമായി രാഷ്ട്രപതി ഭവന്‍ ധാരണപത്രം ഒപ്പുവെച്ചതായി സൂചനയുണ്ട്. പ്രതിഭയുടെ രാഷ്ട്രീയ ജീവിതമടക്കമുള്ള വിവരങ്ങള്‍ മ്യൂസിയത്തില്‍ പ്രദര്‍ശത്തിന് വെക്കുന്നുണ്ട്.
ഡിസംബറില്‍ തുറക്കുന്ന മ്യൂസിയത്തില്‍ പ്രവേശനത്തിന് ഫീസ് ഈടാക്കുമെന്നും സൂചനയുണ്ട്. അതേസമയം, സമ്മാനങ്ങളുടെ ഉടമസ്ഥാവകാശം നല്‍കിയിട്ടില്ലെന്നും ഏതുസമയത്തും തിരിച്ചെടുക്കാവുന്നതാണെന്നും മുന്‍പ്രസിഡന്റിന്റെ സ്പെഷല്‍ ഡ്യൂട്ടി ഓഫിസര്‍ അറിയിച്ചു.
എന്നാല്‍, പ്രസിഡന്റിന് ലഭിക്കുന്ന സമ്മാനങ്ങള്‍ ‘തോഷ ഖാന’യിലേക്കാണ് മാറ്റാറുള്ളതെന്നും ഇത് രാഷ്ട്രത്തിന്റെയും ജനങ്ങളുടെയും സ്വത്താണെന്നും പ്രമുഖ ഭരണഘടനാ വിദഗ്ധനായ സുഭാഷ് കശ്യപ് അഭിപ്രായപ്പെട്ടു. സ്ഥാനമൊഴിഞ്ഞുപോകുന്ന രാഷ്ട്രപതി ഒന്നും ഒപ്പം കൊണ്ടുപോകരുതെന്നാണ് കീഴ്വഴക്കമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല