1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2011


കഷ്ട്ടകാലന്‍

കയ്യില്‍ ആവശ്യത്തിനു കാശില്ലാത്തത്‌ കൊണ്ടും സെക്കണ്ട് ഹാന്‍ഡ് സാധനങ്ങളോടുള്ള ആക്രാന്തം കൊണ്ടും അന്തിപ്പത്രങ്ങളുടെ ക്ളാസിഫൈഡ് സെക്ഷന്‍ ആണ് കഷ്ട്ടകാലന് ഏറെ പ്രിയപ്പെട്ടത്.എത്ര ഹോട്ട് ആയ ന്യൂസ് ഉണ്ടെങ്കിലും ഈയുള്ളവന്റെ കമ്പൂട്ടര്‍ ശകടത്തിന്റെ മൌസ് അറിയാതെ ഈ സെക്ഷനിലേക്ക് ഇഴഞ്ഞു നീങ്ങും.

എറണാകുളം വൈറ്റില ജങ്ക്ഷനില്‍ അഞ്ചര സെന്‍റ് സ്ഥലം വില്‍പ്പനയ്ക്ക്,ലണ്ടന്‍ മലയാളിയുടെ പഴയ കാര്‍ വില്‍പ്പനയ്ക്ക്,കേടായ TV വില്‍പ്പനയ്ക്ക് ,കാലൊടിഞ്ഞ സോഫ വില്‍പ്പനയ്ക്ക് എന്നിങ്ങനെയുള്ള പരസ്യങ്ങള്‍ കണ്ടു മടുത്ത കഷ്ട്ടകാലന്‍ ഇക്കഴിഞ്ഞ മാസം യു കെയിലെ മുന്‍നിര അന്തിപ്പത്രത്തില്‍ കണ്ടത് പുതുമയുള്ള ഒരു പരസ്യ വാചകമായിരുന്നു.

മലയാളിയുടെ ആഗോള സംഘടനയുടെ റെഡിമെയ്ഡ് രൂപം വില്‍പ്പനയ്ക്ക് എന്നായിരുന്നു പരസ്യം.ആഗോളമായി സംഘടന ആഗ്രഹിക്കുന്നവര്‍ക്ക് മിതമായ നിരക്കില്‍ രൂപീകരിച്ച് കൊടുക്കപ്പെടും എന്നായിരുന്നു പരസ്യ വാചകം.ദോഷം പറയരുതല്ലോ …യു കെയിലെ ഒന്ന് മേടിച്ചാല്‍ ഒന്ന് ഫ്രീ എന്ന ഓഫറും ഈ പരസ്യത്തിനോപ്പമുണ്ട്.റെഡിമെയ്ഡ് സംഘടനയോടൊപ്പം തികച്ചും സൌജന്യമായി ലഭിക്കുന്നത് ഒരു PRO ആണ്

PRO എന്ന ആംഗലേയ വാക്കിന്റെ മുഴുവന്‍ രൂപം കഷ്ട്ടകാലന് അറിയാത്തതിനാല്‍ വായനക്കാര്‍ക്ക് അവരുടെ മനോഗതം അനുസരിച്ച് അര്‍ത്ഥം കണക്കാക്കാവുന്നതാണ്.ഈ ഓഫറില്‍ ആക്രുഷ്ട്ടരായി ഇതിനകം രണ്ടു കൂട്ടര്‍ ആഗോള സംഘടന രൂപീകരിച്ചു കഴിഞ്ഞു.യു കെയുടെ വടക്ക് കിഴക്ക് ഭാഗം കേന്ദ്രമായി താമസിയാതെ മറ്റൊരു ആഗോളനും രൂപം കൊണ്ടെക്കും എന്നാണ് ഈയുള്ളവന് ലഭിക്കുന്ന രഹസ്യ വിവരം.

വെറും പത്തു വര്‍ഷം മുന്‍പ് മാത്രം യു കെയിലേക്ക് കുടിയേറിയ ഈ മച്ചാന്മാരാണ് ഇപ്പോള്‍ ആഗോള പ്രവാസി മലയാളികളുടെ തലതൊട്ടപ്പന്‍മാരാകാന്‍ ആഞ്ഞു പിടിക്കുന്നത്‌.ഇക്കഴിഞ്ഞ കുറെ മാസങ്ങള്‍ ഈ ആഗോളന്മാരുടെ വിളയാട്ടം കൊണ്ട് യു കെ മലയാളികള്‍ പൊറുതി മുട്ടിയിരിക്കുകയാണ്.ഇതില്‍ ആഗോള മിഡ് ലാണ്ട്സ് മലയാളിയുടെയും ആഗോള മാഞ്ചസ്റ്റര്‍ മലയാളിയുടെയും തിരിതെളിക്കള്‍ അത്യാഘോഷപൂര്‍വമാണ് കൊണ്ടാടിയത്.

കയ്യില്‍ കാശില്ലാതെ വട്ടം കറങ്ങി അരയും തലയും മുറുക്കി ഭാര്യയുടെ ജോലിയുള്ളത് കൊണ്ട് കഷ്ട്ടി കഞ്ഞി കുടിച്ചു പോയിരുന്ന കഷ്ട്ടകാലന് വീണു കിട്ടിയ നിധിയായിരുന്നു ഈ ആഗോളന്മാര്‍ തികച്ചും സൌജന്യമായി നടത്തിയ കോമഡി ഷോയും കുറഞ്ഞ നിരക്കില്‍ നടത്തിയ ഗന്ധര്‍വ സംഗീതവും.എന്തായാലും ഇതൊക്കെ കണ്ടു തരിച്ചു നില്‍ക്കുകയാണ് പാവം പാവം യുക്മ രാജകുമാരന്‍.തങ്ങളുടെ ബ്രിസ്റ്റോള്‍ പരിപാടിക്ക് ക്യാമറയും തൂക്കി ഓടി നടന്ന് ചുളുവില്‍ ഉദ്ഘാടകയുടെ അഭിമുഖവും ഒപ്പിച്ചെടുത്ത് ,പിറ്റേ ദിവസം തങ്ങളുടെ നേതാവിന്റെ സംഘാടക മികവിനെ വാതോരാതെ പുകഴ്ത്തിയ ശേഷം ഇപ്പോള്‍ കാലു മാറിയ PRO -ക്ക് കീഴില്‍ എങ്ങിനെ മികച്ച സംഘടന പ്രവര്‍ത്തനം നടത്തണമെന്ന് പഠിക്കാന്‍ ദക്ഷിണ വയ്ക്കാന്‍ ഒരുങ്ങുകയാണ് യുക്മ പ്രജകള്‍.

കവന്ട്രിയിലെ ആഗോള പരിപാടി കോമഡിയില്‍ തുടങ്ങി ട്രാജഡിയില്‍ ഒടുങ്ങി എന്നാണ് അസൂയക്കാര്‍ പറഞ്ഞു നടക്കുന്നത്.പിന്നണിയില്‍ അവസാനം വരെ നിന്ന പ്രമുഖന്‍ കോമഡി ഷോയില്‍ പങ്കെടുക്കാതെ മുങ്ങിയിട്ട് പിന്നെ പൊങ്ങിയത് മാഞ്ചസ്റ്റര്‍ ആഗോള പരിപാടിക്കാണ്. പരിപാടിയുടെ അവസാന സീനില്‍ തുണിയഴിച്ചാടിയ അന്യഭൂഖണ്ടത്തില്‍ നിന്നുള്ള ആഗോള സംഘാടകന്‍ കോമഡി സംഘത്തിലെ തന്‍റെ പഴയ കടക്കാരനെ കൈ വയ്ക്കാന്‍ മറന്നില്ല.ആഗോളന്മാര്‍ ഒത്തു കൂടിയ ഹോട്ടലിലെ കാശ് കൊടുക്കാതെ അച്ഛാ പോറ്റി പറഞ്ഞപ്പോള്‍ രക്ഷിച്ചത്‌ ബിര്‍മിംഗ് ഹാമില്‍ നിന്നുള്ള പാവം സന്ഘാടകനാണ് .150 പൌണ്ടിന്റെ മുറി 50 പൌണ്ടിന് ഒപ്പിച്ചെടുത്ത ആഗോളന്മാരും PRO -യും അടക്കം അഞ്ചു പേര്‍ ഒരേ മുറിയില്‍ ഡെയിലി സ്പോര്‍ട്സ് പത്രം വിരിച്ചാണ് കിടന്നുറങ്ങിയത്.ഈ ആഗോളക്കളിയില്‍ തൊട്ട് കൈപൊള്ളിയ ബിര്‍മിംഗ്ഹാം സംഘാടകന്റെ പടം വാര്‍ത്തയില്‍ നിന്നും വെട്ടി മാറ്റിയാണ് സഹപ്രവര്‍ത്തകര്‍ നന്ദി പ്രകടിപ്പിച്ചത്.

എന്തായാലും കവന്‍ട്രി പരിപാടിയോടെ PRO -യുടെ തനി നിറം മനസിലായ ആഗോളന്‍മാര്‍ കക്ഷിയെ പുകച്ചു ചാടിച്ചു.എപ്പോഴും ഏതെങ്കിലും ആഗോളന്‍മാര്‍ക്കൊപ്പം പേരടിച്ചു വരണമെന്ന് വാശി പിടിക്കുന്ന PRO വെറുതെയിരിക്കുമോ .കക്ഷി നേരെ മാഞ്ചസ്റ്ററിന് വച്ച് പിടിപ്പിച്ചു.സമ സ്വഭാവക്കാരനെ കൂട്ടു കിട്ടിയ സന്തോഷത്തില്‍ മാഞ്ചസ്റ്റര്‍ സാര്‍ അടുത്ത PRO നിയമനവും നടത്തി.പിന്നീട് യു കെ മലയാളികള്‍ കണ്ടത് കോട്ടയംകാരന്‍ മഞ്ഞപ്പത്രക്കാരന്‍ സ്വയം ബെടക്കായി കഥ, തിരക്കഥ,സംഭാഷണം,സംവിധാനം എന്നിവ നടത്തി PRO കര്‍ട്ടന്‍ വലി മാത്രം നടത്തി യു കെ മലയാളികളെ വിഡ്ഢികളാക്കിയ മൂന്നാം കിട നാടകമായിരുന്നു. അതെക്കുറിച്ച് അടുത്തയാഴ്ച ….

വാല്‍ക്കഷണം

ഇതേ ദിവസങ്ങളില്‍ കേരളത്തിലെ പ്രമുഖ പത്രങ്ങളിലെ യു കെ പ്രവാസി വിഭാഗത്തില്‍ ഒരു വാര്‍ത്ത വന്നിരുന്നു.അന്യഭൂഖണ്ടത്തില്‍ നിന്നുള്ള ആഗോളന് യു കെയില്‍ ന്യൂകാസില്‍ എയര്‍പോര്‍ട്ടില്‍ ഗംഭീര സ്വീകരണം നല്‍കി എന്നായിരുന്നു വാര്‍ത്ത.യു കെയിലെ ഒരു വൈദികനടക്കം പ്രമുഖരുടെ ചിത്രവും വാര്‍ത്തക്കൊപ്പം ഉണ്ടായിരുന്നു.

പതിവു പോലെ വാര്‍ത്ത അയച്ചത് ആരാണെന്ന് നോക്കിയപ്പോള്‍ ദേ കിടക്കുന്നു,അന്യഭൂഖണ്ട ആഗോളന്‍റെ പേര്.സ്വീകരണത്തിലെ ഫോട്ടോ ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ ആണ് മനസിലായത്,ന്യൂകാസില്‍ എയര്‍പോര്‍ട്ടിനു പകരം മാഞ്ചസ്റ്റര്‍ നഗരത്തിലെ ഒരു സ്കൂള്‍ ഹാളില്‍ നടന്ന ഒരു മത വിഭാഗത്തിന്റെ പരിപാടിയുടെ ഫോട്ടോ ആയിരുന്നു ആഗോളന്‍ സ്വന്തം സ്വീകരണം ആക്കി മാറ്റിയത്.

എന്തായാലും ഇതില്‍ നിന്നും പാഠം പഠിച്ച കഷ്ട്ടകാലന്‍ തനിക്കു തന്നെ സ്വീകരണം നല്‍കിയെന്ന വാര്‍ത്ത താമസിയാതെ കേരള പത്രങ്ങളുടെ പ്രവാസി വിഭാഗത്തില്‍ താമസിയാതെ പ്രതീക്ഷിക്കാം.സാധിക്കുമെങ്കില്‍ ഏതെങ്കിലും അച്ചന്മാരെയും കൂടെ കൂട്ടാം…ഒരു വിശ്വാസ്യതയ്ക്ക്‌…..എങ്ങിനെ . ..എങ്ങിനെ ..

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.