1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 11, 2011

 


സ്വന്തം ലേഖകന്‍

പ്രവാസി കേരള കോണ്‍ഗ്രസ്(എം)യു കെ ഘടകം നിര്‍ജീവമായി തുടരുന്നതില്‍ അണികളില്‍ കടുത്ത അതൃപ്തി.കോണ്‍ഗ്രസ് പാര്‍ട്ടിയും ഇടതു കക്ഷികളും യു കെയില്‍ വേരുറപ്പിക്കാന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വച്ച് മുന്നേറുമ്പോഴും യു കെയില്‍ ശക്തമായ ആള്‍ബലമുള്ള കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പേരു പോലും കേള്‍ക്കാനില്ല.ഉദ്ഘാടനം ചെയ്യപ്പെട്ട് ഒന്നേകാല്‍ വര്‍ഷം കഴിഞ്ഞിട്ടും ഒരു യൂണിറ്റ് യോഗം പോലും വിളിക്കാനോ ശരിയായ രീതിയില്‍ ഒരംഗത്തെ ചേര്‍ക്കാനോ സ്വയം അവരോധിക്കപ്പെട്ട യു കെയിലെ നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല.2010 ജൂലൈ മാസത്തില്‍ അന്നത്തെ ഏറ്റുമാനൂര്‍ എം എല്‍ എ ആയിരുന്ന തോമസ്‌ ചാഴികാടന്‍ ഉദ്ഘാടനം ചെയ്തതാണ് പാര്‍ട്ടിയുടെ യു കെ ഘടകം.

കോട്ടയം,എറണാകുളം,ഇടുക്കി,പത്തനംതിട്ട ജില്ലയില്‍ നിന്ന് കുടിയേറിയവരാണ് യു കെ മലയാളികളില്‍ ഭൂരിപക്ഷവും.അതുകൊണ്ട് തന്നെ ഇവര്‍ക്കിടയില്‍ കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ശക്തമായ വേരുകളാണ് ഉള്ളത്.നാട്ടിലെ പാര്‍ട്ടിയുടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചവരും,കോളേജ്‌,പഞ്ചായത്ത്,ബ്ലോക്ക്‌,ജില്ലാ പഞ്ചായത്ത് തലങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ടവരുമായ നിരവധി നേതാക്കളും ഒട്ടേറെ പാര്‍ട്ടി അനുഭാവികളും യു കെയിലുണ്ട്.എന്നാല്‍ അവര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെല്ലാനോ,അവരെ എകൊപിപ്പിക്കാനോ ,കൂടുതല്‍ യൂണിറ്റുകള്‍ രൂപീകരിച്ച് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനോ ഇപ്പോഴുള്ള നേതൃത്വത്തിന്‍റെ ഭാഗത്തു നിന്നും യാതൊരു നീക്കവും നടക്കുന്നില്ല.

പാര്‍ട്ടിയുടെ നേതാവായി സ്വയം അവരോധിച്ചു നടക്കുന്ന വ്യക്തിയുടെ ഇപ്പോഴത്തെ പ്രധാന ജോലി സംഘടനകള്‍ പിളര്‍ത്തലും സമുദായങ്ങളെ തമ്മിലടിപ്പിക്കലും,കൂലിയെഴുത്തും, കുന്നായ്മ പരത്തലുമാണ്.കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാന വോട്ടു ബാങ്കായ സീറോ മലബാര്‍ സഭയിലെ രണ്ടു വിഭാഗങ്ങളെ തമ്മിലടിപ്പിക്കാന്‍ ദിവസേനയെന്നോണമാണ് ഇയാള്‍ കുതന്ത്രങ്ങള്‍ മെനയുന്നത്.അടുത്ത കാലത്ത് ക്നാനായ സമുദായത്തില്‍ ഇല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് വിവാദമാക്കാനും ഇദ്ദേഹം ശ്രമിച്ചിരുന്നു.കോട്ടയം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു മഞ്ഞപ്പത്രക്കാരന്റെ ബിനാമിയായാണ് ഇയാള്‍ പ്രവര്‍ത്തിക്കുന്നതെന്നത് പരസ്യമായ രഹസ്യമാണ്.ജനസമ്മിതി കൂടിയത് കാരണം ന്യൂകാസില്‍ സ്വദേശിയായ ഈ വ്യക്തിയെ അവിടുത്തെ ഒരു മലയാളി പരിപാടികളില്‍ പോലും അടുപ്പിക്കാറില്ല.

മേല്‍പ്പറഞ്ഞ സ്വയം അവരോധിച്ച നേതാവ്‌ നാട്ടില്‍ അവധിക്കു പോയപ്പോള്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് മുപ്പതിന് ആഗോള പ്രവാസി സംഗമം എന്ന പേരില്‍ ഒരു പ്രഹസനം നടത്തുകയുണ്ടായി.യു കെയിലുള്ള ഒട്ടേറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ നാട്ടില്‍ അവധിയില്‍ ഉണ്ടായിരുന്നിട്ടും ആരെയും അറിയിക്കാതെയാണ് ഇയാള്‍ സംഗമം നടത്തിയത്.തന്‍റെ മൂന്നാല് അസ്മാദികളെ മാത്രമാണ് യോഗത്തില്‍ ക്ഷണിച്ചത്.യഥാര്‍ത്ഥത്തില്‍ പാര്‍ട്ടി നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇയാള്‍ ചെയ്തത്.ഈ മാന്യ ദേഹത്തിന്റെ സുഹൃത്തും യു കെയില്‍ ഒട്ടേറെ വിവാദങ്ങള്‍ ഉണ്ടാക്കിയതിനു ശേഷം ആസ്ട്രേലിയയ്ക്ക് മുങ്ങിയതുമായ നേതാവാണ് ഇപ്പോള്‍ പാര്‍ട്ടിയുടെ അവിടുത്തെ നേതാവ്.മദ്യപാനക്കമ്പനിയില്‍ ഒരുമിക്കുന്നവരാണ് എന്നതാണ് ഇവരുടെയൊക്കെ പാര്‍ട്ടി നേതാവാകാനുള്ള യോഗ്യത.

ഇത്തരത്തില്‍ ജനസമ്മിതിയില്ലാത്തവരും ആരോപണ വിധേയരുമായവരെ പാര്‍ട്ടി നേതൃത്വത്തില്‍ വച്ചു കൊണ്ടിരുന്നാല്‍ പാര്‍ട്ടിക്ക് യു കെയില്‍ വളര്‍ച്ച ഉണ്ടാവില്ല എന്ന അഭിപ്രായക്കാരാണ് യു കെയിലെ ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും.പാര്‍ട്ടിയുടെ യു കെ ഘടകം രൂപീകരിച്ചതിനു ശേഷം ഇതുവരെ യാതൊരു പ്രവര്‍ത്തനവും നടത്താത്തത് തന്നെ ഇപ്പോഴത്തെ നേതൃത്വത്തിന്‍റെ കഴിവില്ലായ്മ തെളിയിക്കുന്നു.അതോടൊപ്പം യു കെയിലെ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മേല്‍പ്പറഞ്ഞ നേതാവ് കേരള നേതൃത്വത്തെ തെറ്റിദ്ധരിപ്പിക്കുന്നതില്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അങ്ങേയറ്റം ആശങ്കയുണ്ട്.എന്തായാലും നിജസ്ഥിതി സംസ്ഥാന നേതൃത്വത്തെ ബോധ്യപ്പെടുത്താനും യു കെയിലെ പാര്‍ട്ടി കാര്യങ്ങളില്‍ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെടാനുമുള്ള ഒരുക്കത്തിലാണ് യു കെയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.