
സ്വന്തം ലേഖകൻ: പ്രവാസിമലയാളികളുടെ നിയമപ്രശ്നങ്ങള്‍ കൈകാര്യം ചെയ്യാന്‍ സൗജന്യ സേവനം നല്‍കുന്ന പദ്ധതി കൂടുതല്‍ രാജ്യങ്ങളിലേയ്ക്കു വ്യാപിപ്പിച്ചു. മലയാളികളായ അഭിഭാഷകരാണു നിയമസഹായ പദ്ധതിയില്‍ സേവനം നല്‍കുക. കുവൈറ്റ്, ഒമാന്‍ എന്നീ രാജ്യങ്ങളിലുണ്ടായിരുന്ന സേവനം ബഹ്റെെന്‍, അബുദാബി എന്നിവിടങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്. ഈ രാജ്യങ്ങളിലേക്കു നോര്‍ക്ക ലീഗല്‍ കണ്‍സള്‍ട്ടന്റുമാരെ നിയമിച്ചു. മറ്റു രാജ്യങ്ങളിലും പദ്ധതി ഉടന്‍ നിലവില്‍ വരും.
ചെറിയ കുറ്റകൃത്യങ്ങള്‍ക്കും തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്കും വിദേശ ജയിലുകളില്‍ കഴിയുന്ന നിരപരാധികളായ പ്രവാസി മലയാളികള്‍ക്കു നിയമസഹായം നല്‍കുന്നതാണ് ഈ പദ്ധതി.
ജോലിസംബന്ധമായി വിദേശ മലയാളികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്കു പദ്ധതിയില്‍ നിയമസഹായം ലഭിക്കും. കേസുകള്‍ ഫയല്‍ ചെയ്യാനുള്ള നിയമസഹായം നഷ്ടപരിഹാര/ദയാഹര്‍ജികള്‍ എന്നിവയില്‍ സഹായിക്കുക, നിയമബോധവത്കരണ പരിപാടികള്‍ മലയാളി സാംസ്‌കാരിക സംഘടനകളുമായി ചേര്‍ന്ന് സംഘടിപ്പിക്കുക, വിവിധ ഭാഷകളില്‍ തര്‍ജമ നടത്താന്‍ വിദഗ്ധരുടെ സഹായം ലഭ്യമാക്കുക, ബുദ്ധിമുട്ടനുഭവിക്കുന്ന മലയാളികള്‍ക്കു നിയമവ്യവഹാരത്തിനുള്ള സഹായം നല്‍കുക എന്നിവയാണു പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
കേരളത്തില്‍നിന്നു മധ്യകിഴക്കന്‍ രാജ്യങ്ങളിലേക്കു കുടിയേറുന്ന തൊഴിലാളികള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് അഞ്ജത മൂലമുണ്ടാകുന്ന കോടതി വ്യവഹാരങ്ങളും മറ്റു നിയമക്കുരുക്കുകളും. നിയമസഹായം ലഭിക്കാതെ, നിസഹായരായ തൊഴിലാളികള്‍ ജയിലുകളില്‍ എത്തിപ്പെടുകയും കടുത്ത ശിക്ഷകള്‍ അനുഭവിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഇത്തരക്കാർക്കു സഹായം നൽകുകയാണു പ്രവാസി നിയമസഹായ പദ്ധതിയുടെ ലക്ഷ്യം.
പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍, നോര്‍ക്ക റൂട്ട്സ്, മൂന്നാം നില, നോര്‍ക്ക സെന്റര്‍, തൈക്കാട്, തിരുവനന്തപുരം-695014 എന്ന വിലാസത്തിലോ ceo@norkaroots.net, ceonorkaroots@gmail.com ലോ സമര്‍പ്പിക്കണം.
അപേക്ഷാ ഫോറം www.norkaroots.org ൽ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍നിന്ന്), 00918802012345 (വിദേശത്തുനിന്നു മിസ്ഡ് കോള്‍ സേവനം) എന്നിവയിൽനിന്നും അറിയാവുന്നതാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല