സ്വന്തം ലേഖകന്‍: പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സമര്‍പ്പിച്ച നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിച്ചതായി ഇരു മന്ത്രാലയങ്ങളുടെയും ചുമതല വഹിക്കുന്ന മന്ത്രി സുഷമ സ്വരാജ് ട്വിറ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
പ്രവാസി വകുപ്പിന്റെ പ്രധാന പ്രവര്‍ത്തനം നടക്കുന്നത് വിദേശകാര്യ മന്ത്രാലയത്തിലൂടെയാണെന്ന് മനസ്സിലാക്കിയതിനാലാണ് നടപടിക്ക് ശിപാര്‍ശ ചെയ്തതെന്നും മന്ത്രി വ്യക്തമാക്കി. പ്രവാസി ഇന്ത്യക്കാരുമായുള്ള സര്‍ക്കാര്‍ ഇടപെടല്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് രൂപവത്കരിച്ച വകുപ്പ് 12 വര്‍ഷം പ്രവര്‍ത്തിച്ചശേഷമാണ് വിദേശകാര്യവകുപ്പില്‍ ലയിപ്പിക്കുന്നത്.
ചെറിയ സര്‍ക്കാര്‍, മെച്ചപ്പെട്ട ഭരണം എന്ന നയത്തിന്റെ ഭാഗമായാണ് നടപടിയെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് പറഞ്ഞു. ലയന നടപടി നേരത്തേ തുടങ്ങിയിരുന്നുവെന്നും പ്രവാസി സമൂഹത്തിന്റെ ആവശ്യമുള്‍ക്കൊണ്ട് മന്ത്രി സുഷമതന്നെ നേരിട്ട് മേല്‍നോട്ടം വഹിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നടപടി ലളിതമാക്കാനും കാലതാമസം ഒഴിവാക്കാനും ഇത് സഹായിക്കും. പ്രവാസി ഭാരതീയ ദിവസ് ഇത്തവണ ജനുവരി ഒമ്പതിന് നടക്കുന്നത് വിദേശകാര്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ആയിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല