
സ്വന്തം ലേഖകൻ: ഇന്ത്യൻ ബിസിനസിൽനിന്നോ ജോലിയിൽനിന്നോ വിദേശത്തുനേടുന്ന വരുമാനത്തിനുമാത്രമേ പ്രവാസികൾ ഇവിടെ നികുതി നൽകേണ്ടതുള്ളൂവെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. അല്ലാതെ വിദേശത്തെ ജോലിയിൽനിന്നോ ബിസിനസിൽനിന്നോ ലഭിക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകേണ്ടതില്ല.
പ്രവാസിയായി കണക്കാക്കാൻ ചുരുങ്ങിയത് 240 ദിവസം വിദേശത്തു താമസിക്കണമെന്ന ബജറ്റുനിർദേശം മാധ്യമങ്ങളിൽ തെറ്റായ വ്യാഖ്യാനങ്ങൾക്ക് ഇടനൽകിയ പശ്ചാത്തലത്തിൽ ഞായറാഴ്ച ധനമന്ത്രാലയം ഇതുസംബന്ധിച്ച് വിശദീകരണക്കുറിപ്പിറക്കി. വിദേശത്തുള്ള യഥാർഥ തൊഴിലാളികളെ നികുതിപരിധിയിൽ കൊണ്ടുവരാൻ ഉദ്ദേശിച്ചുള്ളതല്ല ബജറ്റുനിർദേശം.
ഗൾഫിലും മറ്റു രാജ്യങ്ങളിലുമുള്ള പ്രവാസികൾ അവിടെനിന്ന് ഉണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി നൽകണമെന്ന തെറ്റായ വ്യാഖ്യാനമാണുവന്നത്. യഥാർഥ തൊഴിലാളികൾ അവിടെ സമ്പാദിക്കുന്നതിന് ഇന്ത്യയിൽ നികുതി നൽകേണ്ടിവരുമെന്നതരത്തിലുള്ള വ്യാഖ്യാനം ശരിയല്ലെന്ന് പ്രസ്താവന വിശദീകരിച്ചു.
‘നിർദിഷ്ട നിർവചനമനുസരിച്ച്, ഇന്ത്യയിലെ താമസക്കാരനായി കണക്കാക്കപ്പെടുന്ന ഇന്ത്യൻ പൗരൻ, ഇന്ത്യൻ ബിസിനസിലൂടെയോ ജോലിയിലൂടെയോ അല്ലാതെ ഇന്ത്യക്കു പുറത്തുണ്ടാക്കുന്ന വരുമാനത്തിന് ഇന്ത്യയിൽ നികുതി ചുമത്തില്ല’ എന്നാണ് വിശദീകരണം. ഇക്കാര്യം നിർദിഷ്ട ഭേദഗതിയിൽ ഉൾപ്പെടുത്തുമെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.
നിലവിൽ എൻ.ആർ.ഐ. ആയി കണക്കാക്കുന്നതിന് 182 ദിവസം വിദേശത്തു താമസിച്ചാൽ മതി. 182 ദിവസത്തെ താമസം നാട്ടിലാണെങ്കിൽ സ്ഥിരവാസിയായി കണക്കാക്കും. എന്നാൽ, ബജറ്റുനിർദേശമനുസരിച്ച് 240 ദിവസം വിദേശത്തു താമസിച്ചാലേ എൻ.ആർ.ഐ. ആനുകൂല്യം ലഭിക്കൂ. പലമേഖലകളിലും ജോലിചെയ്യുന്ന പ്രവാസികളെ ഈ നിർദേശം ബാധിക്കും. ബജറ്റുനിർദേശം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല