സ്വന്തം ലേഖകൻ: കോവിഡ് ബാധിക്കുന്ന പ്രവാസി ക്ഷേമനിധി അംഗങ്ങള്‍ക്ക് 10,000 രൂപ സഹായധനമായി നല്‍കി വരുന്ന ആനുകൂല്യം ഈ മാസത്തോടെ അവസാനിക്കുകയാണ്. മാര്‍ച്ച് 31 വരെ കോവിഡ് സ്ഥിരീകരിക്കുന്നവര്‍ക്കാണ് സഹായം ലഭിക്കുക. ഏപ്രില്‍ 30ന് മുന്‍പ് സഹായത്തിനായി അപേക്ഷിക്കുകയും വേണം. കോവിഡ് ബാധിതരായ മുഴുവന്‍ പ്രവാസികള്‍ക്കും 10,000 രൂപ ലഭിക്കാന്‍ അവസരമുണ്ട്.
നിലവിലെ അംഗങ്ങള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. അംഗങ്ങളെല്ലെങ്കില്‍ ഉടന്‍ ക്ഷേമനിധിയില്‍ അംഗമാകാം. ഒട്ടേറെ ആനുകൂല്യങ്ങളാണ് ക്ഷേമനിധി അംഗങ്ങള്‍ക്ക് ലഭിക്കുക. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ ക്ഷേമനിധി അംഗങ്ങള്‍ക്കുള്ള പെന്‍ഷന്‍ 2,500 രൂപയില്‍ നിന്ന് 3,500 രൂപ വരെയായി വര്‍ധിപ്പിച്ചിരുന്നു. ഇത് 7,000 രൂപ വരെ വര്‍ധിക്കാനുള്ള സാഹചര്യവുമുണ്ട്. പ്രവാസിയുടെ കാലശേഷം പകുതി തുക കുടുംബത്തിനു ലഭിക്കുകയും ചെയ്യും.
60 വയസ്സ് പിന്നിട്ടവര്‍ക്കാണ് പെന്‍ഷന്‍ ലഭിക്കുക. ഇതിനു പുറമേ ക്ഷേമനിധിയില്‍ അംഗമായവര്‍ മരിച്ചാല്‍ കുടുംബത്തിന് 50,000 രൂപ ലഭിക്കും. ചികിത്സയ്ക്കും 50,000 രൂപ വരെ ലഭിക്കും. രണ്ടു പെണ്‍മക്കളുടെ വിവാഹത്തിന് 10,000 വീതം. രണ്ട് പ്രസവങ്ങള്‍ക്ക് 3000 രൂപ വീതം. അബോര്‍ഷനായാല്‍ 2000 രൂപ. ഇതിനുപുറമേ, മക്കള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുമുണ്ട്.
നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക ക്ഷേമ പെന്‍ഷന് അര്‍ഹരായവര്‍ക്ക് അതിനൊപ്പം ക്ഷേമനിധി പെന്‍ഷനും ലഭിക്കും. ഗൾഫിൽ രണ്ടു വർഷം പൂർത്തിയാക്കി നാട്ടിലേക്കു മടങ്ങിയവർക്കും ക്ഷേമനിധിയിൽ അംഗമാകാം. ഇത്തരക്കാർക്ക് 3000 രൂപ പെൻഷൻ ലഭിക്കും. പ്രവാസി ക്ഷേമനിധിയിൽ അംഗമായ, കോവിഡ് ബാധിതർക്കുള്ള ധനസഹായത്തിന് അപേക്ഷിക്കാൻ: http://104.211.245.164/pravasi_covid/registration.php.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല