സ്വന്തം ലേഖകന്‍: പ്രീ പേയ്‌മെന്റ് മീറ്റര്‍ താരിഫ് വെട്ടിക്കുറക്കാന്‍ നിര്‍ബന്ധിതരായി ബ്രിട്ടനിലെ ഊര്‍ജ്ജ കമ്പനികള്‍, 3 മില്യണ്‍ കുടുംബങ്ങള്‍ക്ക് നേരിയ ആശ്വാസമാകും. ബ്രിട്ടീഷ് ഗ്യാസ് ഉള്‍പ്പെടെയുള്ള ഊര്‍ജ്ജ കമ്പനികളോട് പ്രീപേയ്‌മെന്റ് മീറ്റര്‍ താരിഫ് വെട്ടിക്കുറയ്ക്കാന്‍ അധിക്കൃതര്‍ നിര്‍ദേശം നല്‍കി. ഇതോടെ 3 മില്യണ കുടുംബങ്ങളിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് വൈദ്യുത, ഗ്യാസ് ചെലവില്‍ പ്രതിവര്‍ഷം ശരാശരി 19 പൗണ്ട് വീതം കുറവുണ്ടാകും.
വൈദ്യുതിയുടെ മൊത്തവില കുറഞ്ഞതിനാലാണ് ഈ പരിഷ്‌കാരമെന്ന് ഊര്‍ജ്ജ നിയന്ത്രണം അതോറിറ്റി വ്യക്തമാക്കി. ടിക്കറ്റുകള്‍ അല്ലെങ്കില്‍ നാണയങ്ങള്‍ ഉപയോഗിക്കുന്ന പ്രീ പേയ്‌മെന്റ് മീറ്റര്‍ വഴി വൈദ്യുതിയും ഗ്യാസും വില്‍ക്കുന്ന എല്ലാ ഊര്‍ജ്ജ കമ്പനികളും ഈ നിര്‍ദേശം പാലിക്കാന്‍ ബാധ്യസ്ഥരാണ്. ബ്രിട്ടീഷ് ഗ്യാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച നിരക്കു വര്‍ധനയുടെ അടിസ്ഥാനത്തിലാണ് ഊര്‍ജ്ജ നിയന്ത്രണ അതോറിറ്റിയുടെ പുതിയ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബ്രിട്ടനിലെ ഏറ്റവും വലിയ പാചക വാതക വിതരണ ശൃംഖലയായ ബ്രിട്ടീഷ് ഗ്യാസ് കഴിഞ്ഞ ദിവസം പാചക വാതകത്തിന് വില കൂട്ടുമെന്ന് അറിയിച്ചിരുന്നു. ഒരു കുടുംബത്തിന് പ്രതിവര്‍ഷം ശരാശരി 149 പൗണ്ടാണ് ഇതുവഴി പ്രതീക്ഷിക്കുന്ന അധികച്ചെലവ്. സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ
ഗ്രീന്‍ ടാക്‌സ് കാരണം വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമാകുകയാണ് എന്നായിരുന്നു ബ്രിട്ടീഷ് ഗ്യാസിന്റെ വിശദീകരണം..
ഇതു കൂടാതെ, വൈദ്യുതി നിരക്കില്‍ 12.5 ശതമാനം വര്‍ധനയും ഉടന്‍ നിലവില്‍ വരുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെപ്റ്റംബറില്‍ ഇതു പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന. അതിനിടെയുണ്ടായ ഊര്‍ജ്ജ അതോറിറ്റിയുടെ ഇടപെടല്‍ നേരിയ തോതിലാണെങ്കിലും ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ആശ്വാസവും ബ്രിട്ടീഷ് ഗ്യാസ് പോലുള്ള ഊര്‍ജ്ജ ഭീമന്മാര്‍ക്ക് തിരിച്ചടിയുമായാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല