1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 30, 2024

സ്വന്തം ലേഖകൻ: വരുന്ന പൊതു തെരഞ്ഞെടുപ്പില്‍ ജയിച്ച് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍, ഒരിക്കലും നേരെയാക്കാന്‍ കഴിയാത്ത ഹാനിയായിരിക്കും രാജ്യത്തിനുണ്ടാക്കുക എന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് മുന്നറിയിപ്പ് നല്‍കുന്നു. ലേബര്‍ പാര്‍ട്ടിക്ക് ഒരു വന്‍ ഭൂരിപക്ഷം ലഭിക്കാതിരിക്കുന്നതിനുള്ള അവസാന ശ്രമമെന്ന നിലയില്‍, സര്‍ കീര്‍ സ്റ്റാര്‍മര്‍ അധികാരത്തിലെത്തിയാല്‍ ഉടനടി നടപ്പാക്കുമെന്ന് കരുതപ്പെടുന്ന നയങ്ങളെ എടുത്തു പറഞ്ഞു വിമര്‍ശിക്കുകയാണ് ഋഷി സുനക്.

റുവാണ്ടന്‍ പദ്ധതി റദ്ദാക്കുക, സ്വകാര്യ സ്‌കൂള്‍ ഫീസിന് വാറ്റ് ഏര്‍പ്പെടുത്തുക, 16 വയസ്സുള്ളവര്‍ക്കും വോട്ടവകാശം നല്‍കിക്കൊണ്ട് തെരഞ്ഞെടുപ്പ് നിയമങ്ങള്‍ പരിഷ്‌കരിക്കുക എന്നിവയൊക്കെ ഈ നയങ്ങളില്‍ ഉള്‍പ്പെടും. അധികാരത്തില്‍ എത്തിയാല്‍ 100 ദിവസത്തിനുള്ളില്‍ തന്നെ ലേബര്‍ സര്‍ക്കാര്‍ രാജ്യത്തെ തകര്‍ക്കും എന്ന് ഋഷി ആരോപിച്ചു.

നികുതികള്‍ വര്‍ദ്ധിപ്പിക്കുന്നത് മുതല്‍, സ്‌കൂള്‍ ഫീസില്‍ നികുതി നടപ്പിലാക്കി പലര്‍ക്കും ഫീസ് നല്‍കാന്‍ സാധിക്കാത്തതിനാല്‍ സ്‌കൂളുകളില്‍ പോകാനുള്ള സാഹചര്യം ഇല്ലാതെയിരിക്കുന്നതുവരെ ഇതില്‍ ഉള്‍പ്പെടുമെന്നും ഋഷി പറയുന്നു. അതിര്‍ത്തികള്‍ മനുഷ്യത്വ വാദമുയര്‍ത്തി അനധികൃത അഭയാര്‍ത്ഥികള്‍ക്കായി തുറന്നു കൊടുക്കും. ഇതോടെ അനധികൃത അഭയാര്‍ത്ഥിത്വത്തിന്റെ ലോക തലസ്ഥാനമായി ബ്രിട്ടന്‍ മാറുമെന്നും ഋഷി മുന്നറിയിപ്പ് നല്‍കുന്നു.

ലേബര്‍ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷം ലഭിക്കുന്നതില്‍ പല വോട്ടര്‍മാര്‍ക്കും ആശങ്കയുണ്ട്. ഡെയ്ലി മെയില്‍ നടത്തിയ ഒരു സര്‍വ്വേയിലൂടെയാണ് ഇത് പുറത്തു വന്നത്. മാത്രമല്ല, സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 38 ശതമാനം പേര്‍ പറഞ്ഞത് ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ നികുതി വര്‍ദ്ധനവ് ഉണ്ടാകുമെന്ന് ഭയപ്പെടുന്നു എന്നാണ്. അതുപോലെ, പാര്‍ട്ടിയുടെ അടിത്തറ ഉറപ്പിക്കാന്‍ 16 വയസ്സുള്ളവര്‍ക്ക് വോട്ടവകാശം നല്‍കുന്നത് തെരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്ക് വഴി തെളിക്കുമെന്നും കമ്മ്യൂണിസ്റ്റ് ക്യൂബയുടെ ഗതിയില്‍ ബ്രിട്ടനെ കൊണ്ടുചെന്നെത്തിക്കുമെന്നും മുതിര്‍മ്മ ടോറി നേതാക്കള്‍ മുന്നറിയിപ്പ് നല്‍കുന്നു.

സുതാര്യമായ ഒരു തെരഞ്ഞെടുപ്പിനെ ഭയക്കുന്നതു കൊണ്ടാണ് സ്റ്റാര്‍മര്‍ 16 വയസ്സുള്ളവര്‍ക്ക് വോട്ടവകാശം നല്‍കുക എന്നതുപോലുള്ള ന്അയവുമായി എത്തുന്നത് എന്നും അവര്‍ ആരോപിക്കുന്നു. അതേസമയം, 13 ഓളം നിയോജകമണ്ഡലങ്ങളില്‍ എത്താനുള്ള ആയിരക്കണക്കിന് പോസ്റ്റല്‍ ബാലറ്റുകള്‍ ഇനിയും എത്തിയിട്ടില്ല എന്നത് തെരഞ്ഞെടുപ്പിനെ നിയമക്കുരുക്കില്‍ ആക്കിയെക്കാം എന്ന സാഹചര്യവും ഇപ്പോള്‍ ഉയരുന്നുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.