സ്വന്തം ലേഖകൻ: തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നില കൂടുതല്‍ പരുങ്ങലിലേയ്ക്ക്. ഏറ്റവും പുതിയ അഭിപ്രായം സര്‍വേകളില്‍ ലേബര്‍ പാര്‍ട്ടിവളരെ മുന്നിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. 2022 -ല്‍ ലേബര്‍ പാര്‍ട്ടിയുടെ നേതാവായി തിരഞ്ഞെടുത്തതു മുതല്‍ പ്രതിപക്ഷ നേതാവായ കീര്‍ സ്റ്റാര്‍മര്‍ സര്‍വേകളില്‍ വളരെ മുന്നിലാണ്. ജൂലൈ നാലിന് നടക്കുന്ന അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് അനുകൂലമായ തരംഗം യുകെയില്‍ നിലവിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
ലേബര്‍ പാര്‍ട്ടിക്ക് 44 ശതമാനം വോട്ടു വിഹിതമാണ് അഭിപ്രായ സര്‍വേകളില്‍ പ്രവചിച്ചിരിക്കുന്നത്. സുനാകിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ട് വിഹിതം 22.9 ശതമാനം മാത്രമാണ്. 2022 ജൂണില്‍ നടത്തിയ സര്‍വേകളില്‍ 39.6 ശതമാനം പിന്തുണയായിരുന്നു ലേബര്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്നത്. 32.3 ശതമാനമായിരുന്നു അന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ സാധ്യത. എന്നാല്‍ തുടര്‍ന്നുള്ള കാലത്ത് ലേബര്‍ പാര്‍ട്ടി മുന്നോട്ടു പോവുകയും കണ്‍സര്‍വേറ്റീവുകളുടെ ജനപിന്തുണ വലിയ തോതില്‍ കുറയുകയും ചെയ്തു.
നിലവില്‍ റീഫോം യുകെ ഉള്‍പ്പെടെയുള്ള ചെറു പാര്‍ട്ടികളുടെ മുന്നേറ്റം രാഷ്ട്രീയ നിരീക്ഷകരെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇത്തരം ചെറു പാര്‍ട്ടികള്‍ ശക്തി പ്രാപിച്ചത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ വോട്ട് ബാങ്കില്‍ ചോര്‍ച്ച ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇന്ന് പുറത്തിറങ്ങിയ പ്രകടനപത്രികയില്‍ ടാക്സ് നിരക്കുകള്‍ കുറയ്ക്കുമെന്ന വാഗ്ദാനങ്ങളാണ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി മുന്‍തൂക്കം കൊടുത്തിരിക്കുന്നത്. മൂന്നാഴ്ചയ്ക്കപ്പുറം നടക്കുന്ന പൊതു തിരഞ്ഞെടുപ്പ് തങ്ങള്‍ക്ക് അനുകൂലമാക്കാന്‍ ഉള്ള പരിശ്രമത്തിലാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും .
ലേബര്‍ പാര്‍ട്ടി മുന്നേറ്റം നടത്തുന്നതിനിടെ പ്രധാനമന്ത്രി കസേര പിടിച്ചു നിര്‍ത്താന്‍ ഓഫറുമായി റിഷി സുനാക് രംഗത്തുവന്നിട്ടുണ്ട്. വീണ്ടും 2 പെന്‍സ് നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കുമെന്ന് വ്യക്തമാക്കുന്ന സുനാക്, 425,000 പൗണ്ടില്‍ താഴെയുള്ള വീടുകള്‍ വാങ്ങുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടി സ്ഥിരമായി നിര്‍ത്തലാക്കി കൊടുക്കുമെന്നാണ് പ്രകടനപത്രികയിലൂടെ വാഗ്ദാനം ചെയ്യുന്നത്. നിരവധി വെട്ടിക്കുറവുകള്‍ വരുത്തുമെന്ന വാഗ്ദാനങ്ങള്‍ അടങ്ങിയ പ്രകടനപത്രികയിലൂടെ പൊതുതെരഞ്ഞെടുപ്പ് രംഗത്ത് തിരിച്ചുവരവ് നടത്താമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ.
അതേസമയം ലേബര്‍ ഗവണ്‍മെന്റ് രൂപീകരിച്ചാല്‍ നടത്തുന്ന മോഹന വാഗ്ദാനങ്ങളില്‍ വീണുപോകരുതെന്നു പൊതുജനത്തിന് മുന്നറിയിപ്പ് നല്‍കി പ്രധാനമന്ത്രി റിഷി സുനാക്. മൂന്നാഴ്ച ആഴ്ച മാത്രം അകലെയുള്ള പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് ആവേശം വീണ്ടെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ കലഹം പൊട്ടിപ്പുറപ്പെടും. ഇത് മുന്‍നിര്‍ത്തിയാണ് ലേബറിന് ‘ബ്ലാങ്ക് ചെക്ക്’ നല്‍കരുതെന്ന് സുനാക് വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
17 ബില്ല്യണ്‍ പൗണ്ടിന്റെ ടാക്‌സ് കട്ടിംഗ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കവെയാണ് പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടിയുമായി കണ്‍സര്‍വേറ്റീവുകളുടെ വ്യത്യാസങ്ങള്‍ വരച്ചിടാന്‍ ശ്രമിച്ചത്. നാഷണല്‍ ഇന്‍ഷുറന്‍സില്‍ 2 പെന്‍സ് വെട്ടിക്കുറയ്ക്കുന്നതിന് പുറമെ സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കുള്ള നികുതി നിര്‍ത്തലാക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
ലേബര്‍ ഗവണ്‍മെന്റ് രൂപീകരിച്ചാല്‍ സംഭവിക്കുന്ന അപകടങ്ങളെ കുറിച്ചും പ്രധാനമന്ത്രി മുന്നറിയിപ്പ് നല്‍കി. കൂടുതല്‍ കാലം അധികാരത്തില്‍ തുടരാന്‍ കീര്‍ സ്റ്റാര്‍മര്‍ ഇലക്ടറല്‍ സിസ്റ്റത്തില്‍ തട്ടിപ്പ് നടത്തുമെന്നാണ് ഇദ്ദേഹത്തിന്റെ വാദം. ‘ആളുകള്‍ക്ക് എന്നോടും, ഞങ്ങളുടെ പാര്‍ട്ടിയോടും രോഷമുണ്ടെന്ന കാര്യത്തില്‍ കണ്ണടച്ച് വെയ്ക്കുന്നില്ല. കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല, ചെയ്തതെല്ലാം ശരിയുമായില്ല’, പ്രധാനമന്ത്രി സമ്മതിക്കുന്നു.
എന്നാല്‍ രാജ്യത്തെ ജീവിക്കാനുള്ള മികച്ച സ്ഥലമാക്കി മാറ്റാനുള്ള വമ്പന്‍ ആശയങ്ങള്‍ ഈ പാര്‍ട്ടിക്ക് മാത്രമാണുള്ളതെന്ന് സുനാക് ചൂണ്ടിക്കാണിച്ചു. കീര്‍ ഓഫര്‍ ചെയ്യുന്നത് വെറും ബ്ലാങ്ക് ഷീറ്റ് പേപ്പര്‍ മാത്രമാണ്, പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ഓഫര്‍ ചെയ്യാന്‍ ലേബറിന് കഴിഞ്ഞിട്ടില്ല. പ്രതിഷേധം അറിയിക്കാന്‍ റിഫോമിനോ, ലിബറല്‍ ഡെമോക്രാറ്റിനോ വോട്ട് ചെയ്താല്‍ ലേബറിന് വഴിതുറക്കലാകുമെന്നും സുനാക് ഓര്‍മ്മിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല