മലയാളത്തിന്‍റ പ്രിയതാരം പ്രീജ ശ്രീധരന് ലണ്ടന്‍ ഒളിമ്പിക്സിന് യോഗ്യത നേടാനായില്ല. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ മെഡല്‍ ജേത്രിയായ പ്രീജക്കും ഇന്ത്യയുടെ മറ്റൊരു ദീര്‍ഘദൂര ഓട്ടക്കാരിയായ കവിതാ റാവത്തിനും ഒളിമ്പിക്സ് യോഗ്യത നേടാനുള്ള അവസാന ശ്രമത്തില്‍ പരാജയം സമ്മതിക്കേണ്ടിവന്നു. ഇറ്റലിയിലെ സാന്‍തിയയില്‍ നടന്ന ഫിഡാല്‍ പീഡ്മോണ്ട് ട്രാക് മീറ്റിങ്ങില്‍ 10,000 മീറ്ററില്‍ മത്സരിക്കാനിറങ്ങിയ ഇരുവരും 6000 മീറ്റര്‍ പിന്നിട്ടശേഷം പിന്മാറുകയായിരുന്നു.
ഒളിമ്പിക്സില്‍ മത്സരിക്കാന്‍ ജൂലൈ എട്ടിനു മുമ്പ് യോഗ്യത തെളിയിക്കേണ്ടിയിരുന്നതിനാല്‍ അവസാന ശ്രമമെന്ന നിലയിലാണ് ഇരുവരും സാന്‍തിയയില്‍ ട്രാക്കിലിറങ്ങിയത്. മത്സരത്തില്‍ യോഗ്യതാമാര്‍ക്ക് എത്തിപ്പിടിക്കാമെന്ന പ്രതീക്ഷയുണര്‍ത്തിയ തുടക്കമായിരുന്നു ഇന്ത്യന്‍ താരങ്ങളുടേത്. എന്നാല്‍, 3000 മീറ്റര്‍ പിന്നിട്ടശേഷം ഇരുവരുടെയും വേഗം കുറഞ്ഞുവന്നു. 16 മിനിറ്റ് 28 സെക്കന്‍ഡില്‍ 5000 മീറ്റര്‍ പിന്നിട്ട സാഹചര്യത്തില്‍ പ്രതീക്ഷ ബാക്കിയുണ്ടായിരുന്നു. പക്ഷേ, 6000 മീറ്റര്‍ പിന്നിടുമ്പോള്‍ യോഗ്യതാ മാര്‍ക്കിന് പുറത്തായതോടെ പ്രീജയും കവിതയും മത്സരത്തില്‍നിന്ന് പിന്മാറുകയായിരുന്നു. വനിതകളുടെ 10,000 മീറ്ററില്‍ ഒളിമ്പിക് ‘ബി’ യോഗ്യതാ മാര്‍ക്ക് 32 മിനിറ്റ് 10 സെക്കന്‍ഡായിരുന്നു.
2010 ഗ്വാങ്ഷൂ ഏഷ്യാഡില്‍ 10,000 മീറ്ററില്‍ സ്വര്‍ണം നേടിയ പ്രീജ 5000 മീറ്ററില്‍ വെള്ളിയും സ്വന്തമാക്കിയിരുന്നു. ഗ്വാങ്ഷൂവില്‍ 10,000 മീറ്ററില്‍ വെള്ളി നേടിയ കവിത 5000 മീറ്ററില്‍ വെങ്കലനേട്ടത്തിലെത്തി.
ഇത്തവണ ലണ്ടനില്‍ മൊത്തം 14 താരങ്ങളാണ് അത്ലറ്റിക്സില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യാന്‍ ട്രാക്കിലും ഫീല്‍ഡിലുമിറങ്ങുന്നത്. ഒളിമ്പിക്സ് ചരിത്രത്തില്‍ ഇന്ത്യയുടെ രണ്ടാമത്തെ വലിയ അത്ലറ്റിക്സ് ടീമാണിത്. 2000ത്തില്‍ സിഡ്നിയില്‍ നടന്ന മേളയില്‍ ട്രാക് ആന്‍ഡ് ഫീല്‍ഡില്‍ 24 ഇന്ത്യന്‍ താരങ്ങള്‍ മത്സരരംഗത്തുണ്ടായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല