ഗര്‍ഭകാലത്ത് എട്ടാം മാസത്തിന് ശേഷവും ജോലി ചെയ്യുന്നത് പുകവലിക്കുന്നത് പോലെ തന്നെ കുഞ്ഞിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഗര്‍ഭകാലത്ത് ആറ് മാസത്തിന് ശേഷം ജോലി മതിയാക്കുന്നവരുടെ കുട്ടിയേക്കാള്‍ എട്ടാം മാസവും ജോലിയെടുക്കുന്നവരുടെ കുട്ടികള്‍ക്ക് 230ഗ്രാം ഭാരമെങ്കിലും കുറവായിരിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. മുന്‍പ് നടന്ന പഠനങ്ങളുടെ വിവരങ്ങള്‍ ക്രോഡികരിച്ചുകൊണ്ട് എസെക്സ് സര്‍വ്വകലാശാല നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ഗര്‍ഭത്തിന്റെ അവസാന കാലഘട്ടത്തില്‍ ജോലിക്ക് പോകുന്നത് പുകവലി പോലെ കുഞ്ഞിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കും. ബ്രിട്ടനില്‍ നടന്ന രണ്ട് പഠനങ്ങളിലേയും അമേരിക്കയില്‍ നടന്ന ഒരു പഠനത്തിന്റേയും ഫലങ്ങള്‍ ക്രോഡീകരിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയിരിക്കുന്നത്. ഗര്‍ഭകാലം മുഴുവന്‍ പുകവലിക്കുന്നതോ ജോലിചെയ്യുന്നതോ ആയ അമ്മമാരുടെ കുട്ടകള്‍ ഗര്‍ഭപാത്രത്തിനുളളില്‍ വളരെ പതുക്കെയാണ് വളരുന്നതെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുളളത്.
ഭാരം കുറഞ്ഞതും വളര്‍ച്ച കുറഞ്ഞതുമായ കുട്ടികള്‍ക്ക് ഭാവിയില്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാനുളള സാധ്യത ഏറെയാണന്ന് മുന്‍പ് നടന്ന പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. താഴ്ന്ന വിദ്യാഭ്യാസമുളള സ്ത്രീകള്‍ ഗര്‍ഭത്തിന്റെ ആദ്യകാലത്ത് തന്നെ ജോലി മതിയാക്കുന്നതാണ് നല്ലത്. ഇത്തരം സ്ത്രീകളില്‍ അധികവും കൂടുതല്‍ ശാരീരിക അദ്ധ്വാനം വേണ്ടിവരുന്ന ജോലികള്‍ ചെയ്യുന്നതിനാലാണ് ഇത്. എന്നാല്‍ 24 വയസ്സില്‍ താഴെ പ്രായമുളള അമ്മമാര്‍ മുഴുവന്‍ സമയത്തും ജോലി ചെയ്യുന്നത് കുട്ടികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കില്ല. എന്നാല്‍ അമ്മമാരുടെ പ്രായം കൂടുംതോറും റിസ്കും കൂടുന്നു.
ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് കൂടുതല്‍ മികച്ച മെറ്റേണിറ്റി ലീവ് അനുവദിക്കാന്‍ ഗവണ്മെന്റ് തയ്യാറാകണമെന്ന് പഠനത്തിന് നേതൃത്വം നല്കിയ പ്രൊഫ. മാര്‍ക്കോ ഫ്രാന്സ്സെസ്കോണി പറഞ്ഞു. ജനന സമയത്തെ ശരീരഭാരമാണ് ഭാവിയില്‍ പല പ്രശ്നങ്ങള്‍ക്കും കാരണമാകുന്നത്. നിലവില്‍ ബ്രട്ടനിലെ സ്ത്രീകള്‍ എട്ടാം മാസം വരെയെങ്കിലും ജോലി ചെയ്യുന്നുണ്ടെന്നും പഠനത്തില്‍ വ്യക്തമായി. യൂണിവേഴ്സിറ്റി ഓഫ് ചിക്കാഗോയുടെ ലേബര്‍ എക്കണോമിക്സ് ജേര്‍ണലിന്റെ ജൂലൈ ലക്കത്തില്‍ പഠനഫലങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല