സ്വന്തം ലേഖകന്‍: സഹിഷ്ണുതയും മറ്റുള്ളവരെ ബഹുമാനിക്കാനുള്ള കഴിവും ഇന്ത്യയുടെ പാരമ്പര്യമെന്ന് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. യുക്തിസഹമായ ഇന്ത്യയെക്കുറിച്ചാണ്, അസഹിഷ്ണ ഇന്ത്യയെക്കുറിച്ചല്ല നാം സംസാരിക്കുന്നതെന്ന് രാഷ്ട്രപതി പറഞ്ഞു. നമുക്ക് സ്വന്തമായി ഒരു ഭരണഘടന ലഭിക്കാന്‍ 1950 ജനുവരി 26 വരെ കാത്തിരിക്കേണ്ടി വന്നു. അന്ന് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായി നാം മാറുകയായിരുന്നുവെന്നും 68 മത് റിപ്പബ്ലിക് ദിന തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
നോട്ട് നിരോധനം, താല്‍ക്കാലിക സാമ്പത്തിക മാന്ദ്യത്തിന് കാരണമായിട്ടുണ്ടെങ്കിലും അത് സമ്പദ്ഘടനയിലെ സുതാര്യതയ്ക്ക് വഴിയൊരുക്കുമെന്നും രാഷ്ട്രപതി പറഞ്ഞു. ദേശീയ തൊഴിലുറപ്പ് പദ്ധതി, സ്‌കില്‍ ഇന്ത്യ, നാഷണല്‍ സ്‌കില്‍ ഡവലപ്പ്‌മെന്റ് മിഷന്‍, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളെ രാഷ്ട്രപതി പേരെടുത്ത് പരാമര്‍ശിച്ചു.
ഇന്ത്യയുടെ ബഹുസ്വരതയെ രാഷ്ട്രപതി പ്രശംസിച്ചു. സഹിഷ്ണുതയും മറ്റുള്ളവരെ ബഹുമാനിക്കാനുമുള്ള കഴിവ് ഇന്ത്യയ്ക്ക് പാരമ്പര്യമായി ലഭിച്ചതാണ്. വ്യത്യസ്ത ആശയങ്ങളും തത്വസംഹിതകളും സമാധാനപൂര്‍ണമായി നൂറ്റാണ്ടുകളോളം സംവദിച്ച രാജ്യമാണ് ഇന്ത്യയെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
നാനാത്വത്തിലും വൈവിധ്യത്തിലുമാണ് രാജ്യത്തിന്റെ ശക്തി കുടികൊള്ളുന്നത്. ഇന്ത്യക്കാരന്‍ എന്നതിലാണ് നാം അഭിമാനിക്കുന്നത്; അസഹിഷ്ണുവായ ഇന്ത്യക്കാരന്‍ എന്നതിലല്ല. പലവിധ കാഴ്ചപ്പാടുകളും ചിന്തകളും തത്ത്വശാസ്ത്രങ്ങളും നൂറ്റാണ്ടുകളായി നമ്മുടെ രാജ്യത്ത് പുലര്‍ന്നിട്ടുണ്ട്. ജനാധിപത്യം പുഷ്ടിപ്പെടുന്നതിന് വിവേകബുദ്ധിയുള്ള മനസ്സാണ് വേണ്ടത്.
പാര്‍ലമെന്റും സംസ്ഥാന നിയമസഭകളും തുടര്‍ച്ചയായി സ്തംഭിപ്പിക്കുന്നതിനെതിരെ രാഷ്ട്രപതി മുന്നറിയിപ്പുനല്‍കി. ശബ്ദാനമയമായ ജനാധിപത്യമാണ് നമുക്കുള്ളത്. എങ്കിലും കൂടുതല്‍ ജനാധിപത്യമാണ് നമുക്ക് വേണ്ടത്. നമ്മുടെ സംവിധാനത്തില്‍ ചില പോരായ്മകളുണ്ടെന്ന് അംഗീകരിക്കേണ്ട സമയമാണിത്. ആ പോരായ്മകള്‍ തിരിച്ചറിഞ്ഞ് പരിഹരിക്കാനാകണം.
അടിയുറച്ച അലംഭാവങ്ങളെ ചോദ്യം ചെയ്യണം. പരസ്പര വിശ്വാസത്തിന്റെ സൗധങ്ങളെ ശക്തിപ്പെടുത്തണമെന്നും രാഷ്ട്രപതി പറഞ്ഞു. തെരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങളെക്കുറിച്ച് ക്രിയാത്മകമായ സംവാദത്തിനുള്ള സമയമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യം ലഭിച്ച് തൊട്ടടുത്ത ദശകങ്ങളില്‍ നടന്നതുപോലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പും സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പുകളും ഒരുമിച്ചുനടത്തുന്ന രീതിയിലേക്ക് തിരിച്ചുപോകുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല