സ്വന്തം ലേഖകന്‍: ഏറ്റവും മഹത്വം കുറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ്; സര്‍വേയില്‍ ഏറ്റവും അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പ്രഥമ പ്രസിഡന്റ് ജോര്‍ജ് വാഷിങ്ടന്റെ ജന്മദിനവുമായി ബന്ധപ്പെട്ടുള്ള ‘പ്രസിഡന്റ്‌സ് ഡേ’ പ്രമാണിച്ചുള്ള വിദഗ്ധരുടെ സര്‍വേയിലാണ് യുഎസ് പ്രസിഡന്റുമാരില്‍ മഹത്വം ഏറ്റവും കുറഞ്ഞയാളായി ട്രംപിന് നറുക്കു വീണത്. ‘പ്രസിഡന്‍ഷ്യല്‍ ഗ്രേറ്റ്‌നസ്’ പട്ടികയില്‍ ഏറ്റവുമൊടുവിലാണു ട്രംപിന്റെ സ്ഥാനം.
ചരിത്രകാരന്മാരുടെ കൂട്ടായ്മയായ അമേരിക്കന്‍ പൊളിറ്റിക്കല്‍ സയന്‍സ് അസോസിയേഷനിലെ ഇപ്പോഴത്തെയും അടുത്തകാലത്തെയും 170 അംഗങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍പ്പെടുത്തി തയാറാക്കിയ പട്ടികയില്‍ ഏബ്രഹാം ലിങ്കണാണ് ഒന്നാം സ്ഥാനത്ത്. മുന്‍ പ്രസിഡന്റ് ബറാക് ഒബാമ എട്ടാം സ്ഥാനത്തുണ്ട്.
ആഭ്യന്തരയുദ്ധം തടയുന്നതില്‍ പരാജയപ്പെട്ടതിനു ചരിത്രകാരന്മാര്‍ പഴിചാരുന്ന മുന്‍ പ്രസിഡന്റ് ജയിംസ് ബുക്കാനന്‍ ആയിരുന്നു ഇതുവരെ ഏറ്റവും അവസാന സ്ഥാനത്ത്. ട്രംപ് വന്നതോടെ ബുക്കാനന്‍ വഴിമാറി. പൂജ്യം മുതല്‍ 100 വരെയുള്ള മഹത്വനിലവാരത്തില്‍ ട്രംപിനു കിട്ടിയത് 12.34. ബുക്കാനനാകട്ടെ 15.09 പോയിന്റ് ലഭിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല