സ്വന്തം ലേഖകന്‍: രാഷ്ട്രപതി തെരഞ്ഞെടുപ്പ്, ഫലം ഇന്നറിയാം, വിജയം ഉറപ്പിച്ച് രാംനാഥ് കോവിന്ദ്. രാജ്യത്തിന്റെ അടുത്ത രാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെണ്ണല്‍ ഇന്ന് നടക്കും. രാവിലെ പതിനൊന്നിന് പാര്‍ലമെന്റ് ഹൗസിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. വൈകിട്ട് അഞ്ചിന് ഫലം പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വോട്ട് ചെയ്ത ബാലറ്റുകള്‍ പാര്‍ലമെന്റില്‍ ചൊവ്വാഴ്ച്ച എത്തിച്ചിരുന്നു. നാല് ടേബിളുകളിലായി എട്ട് തവണ വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തും.
99.41 ശതമാനം വോട്ടാണ് ആകെ രേഖപ്പെടുത്തിയത്. റിട്ടേണിംഗ് ഓഫീസറായ ലോക്‌സഭാ സെക്രട്ടറി ജനറല്‍ അനൂപ് മിശ്ര വിജയിക്കുന്ന സ്ഥാനാര്‍ഥിക്ക് വിജയിച്ചതായുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കും. ആകെ പോള്‍ ചെയ്തതിന്റെ അമ്പത് ശതമാനത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുന്ന സ്ഥാനാര്‍ഥി വിജയിക്കും. എന്‍ഡിഎ യുടെ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദും പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിയുമാണ്.
തെരഞ്ഞെടുക്കപ്പെടുന്നയാള്‍ ഈമാസം 25ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ ചീഫ് ജസ്റ്റിസ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. എന്‍ഡിഎ സ്ഥാനാര്‍ഥി റാം നാഥ് കോവിന്ദ് വിജയമുറപ്പിച്ചെങ്കിലും അദ്ദേഹത്തിന് ലഭിക്കുന്ന വോട്ട് ശതമാനം വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. റാം നാഥ് കോവിന്ദിനു ജയമുറപ്പിക്കുംവിധം മുന്നണിക്കു പുറത്തു നിന്നും പിന്തുണ ലഭിച്ചിരുന്നു. മൂന്നില്‍ രണ്ടിനടുത്ത ഭൂരിപക്ഷമാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്.
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 776 എംപിമാരും 4120 എംഎല്‍എമാരുമാണ് വോട്ടര്‍മാര്‍. ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ് ആയിരുന്നു ഇത്തവണ – ഏകദേശം 99%. സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ അവ പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുറത്തുവിടാന്‍ പോളിങ് ഏജന്റുമാര്‍ക്ക് കഴിയും. ചേരിമാറി വോട്ടുചെയ്തിട്ടുണ്ടെങ്കില്‍ അത് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല