പാചക വാതക വിതരണക്കാരെ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കുണ്ടായിരുന്ന പരാതികള്‍ വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍. കണ്‍സ്യൂമര്‍ ഫോക്കസ് എന്ന സംഘടന നടത്തിയ പഠനത്തിലാണീ കണ്ടെത്തല്‍. ബ്രിട്ടനിലെ പ്രമുഖ എനര്‍ജി ധാതാക്കളായ ബ്രിട്ടീഷ് ഗ്യാസ്, ഇ ഡി എഫ്, ഇയോണ്‍, എന്‍ പവര്‍, സ്കോട്ടിഷ് പവര്‍, സ്കോട്ടിഷ് ആന്‍ഡ് സൗത്തേണ്‍ എന്നീ കമ്പനികളെ സംബന്ധിച്ചുള്ള പരാതികളാണ് വര്‍ദ്ധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.
ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കുകള്‍ പ്രകാരം 100,000 ഉപഭോക്താക്കളില്‍ 68.8 ആളുകള്ക്ക്് ഇവരുടെ സേവനം സംബന്ധിച്ച് പരാതികള്‍ ഉണ്ടായിരുന്നുവെങ്കില്‍ ജൂലൈ മുതലുള്ള കണക്കുകള്‍ പ്രകാരം ഇത് 26 ശതമാനം വര്‍ദ്ധിച്ച് 86.4 ആയി മാറികഴിഞ്ഞു. ഈ ആറു സ്ഥാപനങ്ങളും പാചക വാതക വില ജൂണ്‍-സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ വര്‍ദ്ധിപ്പിക്കുകയും ഒക്ടോബര്‍ – നവംബര്‍ മാസങ്ങളില്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരികയും ചെയ്തിരുന്നു. ഈ കാലയളവിലാണ് പരാതികള്‍ വര്ദ്ധിക്കാനിടയായതെന്നും പറയപ്പെടുന്നു.
ആറ് പാചക വാതക ദാതാക്കളില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത് ഇ ഡി എഫ് സംബന്ധിയായാണ്. ഇതു സംബന്ധിച്ച് ലഭിച്ച പരാതിയിലുണ്ടായ വര്‍ദ്ധനവ് 100,000 ഉപഭോക്താക്കളുടെ കാര്യത്തില്‍ ഏപ്രില്‍ – ജൂണ്‍ കാലയളവില്‍ 126.4 ആയിരുന്നുവെങ്കില്‍ ജൂലൈ- സെപ്തംബര്‍ കാലയളവില്‍ പരാതികളുടെ എണ്ണത്തില്‍ 74 ശതമാനം വര്‍ദ്ധനയുണ്ടായി 219.4 പരാതികള്‍ എന്ന കണക്കിലെത്തിയിരുന്നു, ഇ ഡി എഫ് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ ഭൂരിഭാഗവും ഇ ഡി എഫ് പ്രതിനിധികളുമായി ഫോണില്‍ സംസാരിക്കുന്നതിനായി കാത്തിരിക്കേണ്ടി വരുന്നുവെന്നതായിരുന്നു.
പാചക വാതക നിരക്കുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇതു സംബന്ധിച്ചുണ്ടാകുന്ന പരാതികള്‍ വര്‍ദ്ധിക്കുന്നുവെന്നത് നിരാശാജനകമായ ഒന്നാണെന്ന് കണ്‍സ്യൂമര്‍ ഫോക്കസിലെ ആദം സ്കോറര്‍ പറഞ്ഞു. ഉപഭോക്താക്കളുടെ വിശ്വാസം സംരക്ഷിക്കുന്നതിലും അവരുടെ പരാതികള്‍ ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിലും കമ്പിനികള്‍ പരമാവധി ശ്രമിക്കുന്നുണ്ടെന്നും പിന്നീടെങ്ങനെ പരാതികള്‍ വര്ദ്ധിക്കുന്നുവെന്നറിയേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മുന്തിയ പരിഗണന നല്‍കണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ ആ പ്രതീക്ഷയ്ക്കൊത്തുയരാന്‍ സാധിക്കാത്തതില്‍ നിരാശയുണ്ടെന്നും ഇ ഡി എഫ് വക്താക്കള്‍ അറിയിച്ചു. തങ്ങള്‍ മൂലം പ്രശ്നങ്ങളുണ്ടായ ഉപഭോക്താക്കളോട് മാപ്പപേക്ഷിക്കുന്നുവെന്നും ഇനി ഇതു പോലുള്ള പ്രശ്നങ്ങളുണ്ടാകാതിരിക്കാനുള്ള ശ്രമങ്ങള്‍ തങ്ങളുടെ ഭാഗത്തു നിന്നുണ്ടാകുമെന്നും അവര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല