കടലില്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസില്‍ ജയിലില്‍ കഴിയുന്ന ഇറ്റാലിയന്‍ സൈനികരെ കാണാനെത്തിയ ഇറ്റാലിയന്‍ വൈദികര്‍ കൊല്ലത്തും എത്തി. ദുരന്തത്തില്‍ മരിച്ച മൂതാക്കര ഡെറിക് വില്ലയില്‍ ജലസ്റ്റിന്റെ വീട്ടിലാണ് മാര്‍ച്ച് 31നും കഴിഞ്ഞ ബുധനാഴ്ചയും ഇറ്റലിയില്‍നിന്നുള്ള വൈദികരായ മാര്‍ക്ക്, ജോസഫ് എന്നിവര്‍ എത്തിയത്. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസ് ഒത്തുതീര്‍പ്പാക്കാനുള്ള സാധ്യതകള്‍ ആരായാനായിരുന്നു വൈദികരുടെ സന്ദര്‍ശനമെന്ന് സൂചനയുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള ഒത്തുതീര്‍പ്പുശ്രമങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്ന് കൊല്ലം രൂപത വക്താക്കള്‍ പറയുന്നു.
മരിച്ച മത്സ്യത്തൊഴിലാളികളുടെ കുടുംബത്തെ ആശ്വസിപ്പിക്കാനാണ് വൈദികരെത്തിയതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം. 31ന് എത്തിയ വൈദികര്‍ മരിച്ച ജലസ്റ്റിന്റെ ഭാര്യയെയും ബന്ധുക്കളെയും ആശ്വസിപ്പിക്കുകയും പ്രാര്‍ഥിക്കുകയും മൂതാക്കര സെന്റ് പീറ്റേഴ്‌സ് പള്ളിയില്‍ ജലസ്റ്റിന്റെ കല്ലറ സന്ദര്‍ശിക്കുകയും ചെയ്തു. മടങ്ങിയ വൈദികര്‍ ജലസ്റ്റിന്റെ മകന്‍ ഡെറിക്കിന് ജന്മദിനാശംസകള്‍ നേരാനായി ബുധനാഴ്ച വീണ്ടും എത്തുകയായിരുന്നു. എന്നാല്‍ കടലിലെ വെടിവയ്പു സംബന്ധിച്ച കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍ക്കാനുള്ള സാധ്യതകള്‍ അന്വേഷിക്കുന്നതിനു വേണ്ടിയായിരുന്നു വൈദികരുടെ വരവെന്ന് പറയപ്പെടുന്നു.
ജലസ്റ്റിന്റെ വീട്ടിലെ അവസ്ഥകളും നഷ്ടപരിഹാരം നല്‍കി കേസ് ഒത്തുതീര്‍ക്കാനുള്ള സാഹചര്യവുമുണ്ടോ എന്ന് മനസ്സിലാക്കാന്‍ വേണ്ടിയായിരുന്നത്രെ സന്ദര്‍ശനം. സൈനികര്‍ക്കുവേണ്ടി കേസ് വാദിക്കുന്ന അഭിഭാഷകന്‍ വി.ജെ.മാത്യു ഇതേ ആവശ്യവുമായി മുമ്പ് ജലസ്റ്റിന്റെ ബന്ധുക്കളെ സമീപിച്ചിരുന്നു. ഇറ്റാലിയന്‍ സൈനിക മേധാവികളുടെ അനുമതിയോടെയാണ് വൈദികരുടെ വരവെന്നാണ് സൂചന. ജയിലില്‍ കഴിയുന്ന സൈനികര്‍ക്ക് ആത്മീയധൈര്യമേകുകയാണ് വൈദികരുടെ ഔദ്യോഗിക ലക്ഷ്യം. ഇവരുടെ കൊല്ലം സന്ദര്‍ശനം അനൗദ്യോഗികമാണെന്നാണ് സൂചന.
മുമ്പ് ജലസ്റ്റിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ ഇറ്റാലിയന്‍ മന്ത്രിയുടെ ശ്രമം ഉണ്ടായിരുന്നെങ്കിലും സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ വൈദികരുടെ സന്ദര്‍ശനം ആശ്വാസമേകല്‍ മാത്രമാണെന്ന് കരുതാനാകില്ലെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. ഇറ്റാലിയന്‍ വൈദികരുടെ സന്ദര്‍ശനവുമായി കൊല്ലം രൂപതയ്ക്ക് ഒരു ബന്ധവുമില്ലെന്നും കേസ് ഒത്തുതീര്‍പ്പാക്കാനുള്ള ഒരുനീക്കവും നടന്നിട്ടില്ലെന്നും രൂപത വക്താവ് ഫാ. റെബയ്‌റോ പറഞ്ഞു. രാജ്യത്തിന്റെ നിയമത്തിന് പുറമേയുള്ള ഒരു നീക്കത്തേയും രൂപത പിന്തുണയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല