സ്വന്തം ലേഖകന്‍: കുമളിയിലെ പള്ളിയില്‍ നിന്നും ഒരു ലക്ഷം അടിച്ചുമാറ്റിയ കള്ളന്മാര്‍ക്ക് മാപ്പു നല്‍കി വികാരി, ഒപ്പം അധ്വാനിച്ച് ജീവിക്കാന്‍ ഉപദേശം. കുമളി സെന്റ് തോമസ് പള്ളി വികാരി തോമസ് വയലുങ്കലാണ് പള്ളിയുടെ ഓഫീസ്മുറി കുത്തിത്തുറന്ന് പണം മോഷ്ടിച്ച ചെയ്ത മുരുകന്‍, കുപ്പുസ്വാമി എന്നിവര്‍ക്ക് മാപ്പു നല്‍കിയത്. കഴിഞ്ഞ ദിവസം പീരുമേട് കോടതിയിലായിരുന്നു സംഭവം.
ബുധനാഴ്ച പീരുമേട് കോടതിയില്‍ കേസ് വിസ്തരിക്കുന്നതിന് തൊട്ടുമുമ്പ് ഇരുവര്‍ക്കും വികാരി മാപ്പു നല്‍കി. പ്രതികളെ കെട്ടിപ്പിടിച്ച ശേഷം ചെയ്ത തെറ്റുകള്‍ക്ക് ദൈവത്തോട് മാപ്പു ചോദിക്കണമെന്നും മേലില്‍ അധ്വാനിച്ച് ജീവിക്കണമെന്നും പള്ളിവികാരി ഇരുവരോടും പറഞ്ഞു. കോടതിയുടെ അനുമതി വാങ്ങിയ ശേഷമായിരുന്നു കൂടിക്കാഴ്ച നടന്നത്.
പള്ളിയില്‍ മോഷണം നടത്തിയ കേസില്‍ ധര്‍മ്മപുരി സ്വദേശികളായ മൂന്ന് പേരെയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തില്‍ നിന്നുമെത്തി കഴിഞ്ഞ സെപ്തംബര്‍ മൂന്നാം തീയതി രാത്രിയില്‍ നടത്തിയ മോഷണത്തില്‍ സിസിടിവിയില്‍ കുടുങ്ങിയതാണ് പ്രതികളെ പോലീസിന്റെ വലയിലാക്കിയത്. പള്ളിയില്‍ നിന്ന് 1,22,890 രൂപ മോഷ്ടിക്കുന്ന ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെയാണ് പോലീസ് പിടിച്ചത്.
2016 കാരുണ്യ വര്‍ഷമായി ആചരിക്കാനുള്ള ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ആഹ്വാനവും ക്രൈസ്തവ തത്വശാസ്ത്രങ്ങളുമാണ് പൊറുക്കാന്‍ വികാരിയെ പ്രേരിപ്പിച്ചത്. പക്ഷേ ക്രിമിനല്‍ കേസായതിനാല്‍ കേസ് തള്ളണമെങ്കില്‍ കോടതി തന്നെ വിചാരിക്കണം. മാത്രമല്ല പ്രതികളുടെ പേരില്‍ മറ്റു കേസുകള്‍ നിലവിലുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല