സ്വന്തം ലേഖകന്‍: കൊട്ടിയൂരില്‍ പീഡിപ്പിക്കപ്പെട്ട പതിനാറുകാരി പ്രസവിച്ച സംഭവം, പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരി കാനഡയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്, പ്രതി രണ്ടാഴ്ചത്തെ റിമാന്‍ഡില്‍ . തലശേരി സെഷന്‍സ് കോടതിയാണ് ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തത്. നേരത്തെ ഫാ. റോബിന്‍ കുറ്റം സമതിച്ചിരുന്നു. പീഡനം നടന്ന കൊട്ടിയൂര്‍ നീണ്ടുനോക്കി പള്ളിമേടയില്‍ ഫാ. റോബിനെ എത്തിച്ച് തെളിവെടുത്തിരുന്നു. കുട്ടിയുടെ പിതാവിനെ പ്രതിയാക്കാനും കേസ് പണം നല്‍കി ഒതുക്കിതീര്‍ക്കാനും ശ്രമിച്ചതായി പ്രതി വെളിപ്പെടുത്തിയതാണ് സൂചന.
തൊക്കിലങ്ങാടി ക്രിസ്തുരാജ് ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചത്. സംഭവം മറച്ചുവച്ച ആശുപത്രി അധികൃതര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായതായി മാതാവ് പറഞ്ഞുവെന്നാണ് ആശുപത്രി അധികൃതരുടെ വാദം. അതിനാലാണ് പോലീസില്‍ വിവരം അറിയിക്കാതിരുന്നതെന്നും ആശുപത്രി അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
നെടുമ്പാശേരി വഴി കാനഡയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഫാ. റോബിനെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. അങ്കമാലിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. തുടര്‍ന്ന് പോസ്‌കോ അടക്കമുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കുകയായിരുന്നു. പോസ്‌കോ ചുമത്തിയതിനാല്‍ വിചാരണ കഴിയുന്നത് വരെ പ്രതിക്ക് ജാമ്യം ലഭിക്കില്ല. ഞായറാഴ്ച പള്ളിയിലെ കുര്‍ബാനയ്ക്കിടെയാണ് താന്‍ കാനഡയിലേക്ക് പോകുകയാണെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും വൈദികന്‍ വിശ്വാസികളോട് പറഞ്ഞിരുന്നു.
പീഡനത്തിനിരയായ പെണ്‍കുട്ടി പഠിക്കുന്ന കൊട്ടിയൂര്‍ ഇമ്മിഗ്രേഷന്‍ ജൂബിലി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാനേജര്‍ കൂടിയാണ് ഫാ. റോബിന്‍. പെണ്‍കുട്ടികളെ നേഴ്‌സിംഗ് പഠനത്തിനും ജോലിക്കുമായി അന്യ സംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും അയക്കുന്നതിലും നാട്ടിലെ മറ്റു ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ഫാ. റോബിനെതിരെ വാര്‍ത്ത പുറത്തുവന്ന ശേഷം ജനരോഷം ശക്തമാണ്. സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും സ്‌കൂളിലേക്ക് മാര്‍ച്ച് നടത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല