സ്വന്തം ലേഖകൻ: പ്രായപൂര്‍ത്തിയാവുന്നതിനു മുമ്പ് ആന്‍ഡ്രൂ രാജകുമാരന്‍ തന്നെ ലൈംഗിക പീഡനത്തിന് ഇരയാക്കി എന്ന വിര്‍ജിനിയ റോബര്‍ട്‌സിന്റെ പരാതിയില്‍ ഒടുക്കം കീഴടങ്ങി ആന്‍ഡ്രൂ. ആരോപണം നിഷേധിച്ചുവന്നിരുന്ന ആന്‍ഡ്രൂ കോടതിക്ക് പുറത്തു ഒത്തുതീര്‍പ്പിന് തയാറായി. ചൊവ്വാഴ്ചയാണ് ഇരുഭാഗത്തെയും അഭിഭാഷകര്‍ തമ്മില്‍ ഇക്കാര്യത്തില്‍ അംഗീകാരം നല്‍കിയത്. വിര്‍ജിനിയയുടെ തെറ്റായ പെരുമാറ്റങ്ങള്‍ പരിഗണിച്ചും, മോശം സ്വഭാവവും മൂലം കേസ് തള്ളണമെന്നായിരുന്നു ആന്‍ഡ്രൂവിന്റെ നിലപാട്. എന്നാല്‍ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പാക്കാനായിരുന്നു കൊട്ടാരത്തിന് താല്‍പര്യം.
ആന്‍ഡ്രൂവിന്റെ ലൈംഗിക കേസ് ഒത്തുതീര്‍പ്പാക്കുമ്പോള്‍ ചെലവ് വരുന്ന 12 മില്ല്യണ്‍ പൗണ്ടില്‍ ഒരു ഭാഗം രാജ്ഞി കൊടുക്കുമെന്നാണ് റിപ്പോര്‍ട്ട്. രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങള്‍ക്ക് മുന്‍പ് നാണംകെട്ട കേസില്‍ നിന്നും അകലം പാലിക്കുകയെന്ന ലക്ഷ്യമാണ് നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് വ്യക്തമാകുന്നത്. രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതിന് ആന്‍ഡ്രൂിന് വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് സൂചന. വിര്‍ജിനിയയുടെ ലൈംഗിക പീഡന ആരോപണത്തെ പൊതുവിചാരണയില്‍ നേരിടാന്‍ തയ്യാറാണെന്ന് വീമ്പടിച്ച ശേഷമാണ് ആന്‍ഡ്രൂ കീഴടങ്ങുന്നത്.
72 മണിക്കൂറോളം നീണ്ട രഹസ്യ ചര്‍ച്ചകള്‍ക്കൊടുവിലാണ് ആന്‍ഡ്രൂ രാജകുമാരന്‍ ഒത്തുതീര്‍പ്പിന് തയ്യാറായത്. രാജ്ഞിയുടെ ജൂബിലി ആഘോഷങ്ങള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തുന്ന സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് വേഗത്തിലായതെന്നാണ് കരുതുന്നത്. ഒത്തുതീര്‍പ്പിന്റെ വിശദവിവരങ്ങള്‍ അടങ്ങിയ കത്ത് ന്യൂയോര്‍ക്കിലെ യുഎസ് ഡിസ്ട്രിക്ട് കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
17 വയസുള്ളപ്പോള്‍ ആന്‍ഡ്രൂ മൂന്ന് തവണ തന്നെ ബലം പ്രയോഗിച്ച് ലൈംഗിക ബന്ധത്തിന് ഉപയോഗിച്ചെന്നാണ് ജെഫ്രി എപ്സ്റ്റീന്റെ ലൈംഗിക അടിമ വിര്‍ജിനിയ ആരോപിച്ചത്. കഴിഞ്ഞ മാസമാണ് 61-കാരനായ രാജകുമാരന് എതിരായ സിവില്‍ സ്യൂട്ടുമായി മുന്നോട്ട് പോകാന്‍ ന്യൂയോര്‍ക്ക് കോടതി അനുമതി നല്‍കിയത്. ആരോപണങ്ങളെ നേരിട്ട് നിരപരാധിത്വം തെളിയിക്കുമെന്ന് ആണയിട്ട ശേഷമാണ് വലിയ തുക നല്‍കി കേസ് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറായിരിക്കുന്നത്.
രാജ്ഞിയുടെ സ്വകാര്യമായ ഡച്ചി ഓഫ് ലങ്കാസ്റ്റര്‍ എസ്റ്റേറ്റില്‍ നിന്നുമാണ് 12 മില്ല്യണ്‍ പൗണ്ടിലേറെ തുക ഇരയ്ക്കും, ഇവരുടെ ചാരിറ്റിക്കും നല്‍കുക. കരാറില്‍ ആന്‍ഡ്രൂ ഖേദം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും വിര്‍ജിനിയ ചൂഷണത്തിന്റെ ഇരയാണെന്ന് ഇപ്പോള്‍ രാജകുമാരന്‍ അംഗീകരിക്കുന്നു. ആന്‍ഡ്രൂ രാജകുമാരന്റെ സൈനിക പദവികളും രാജകീയ ചുമതലകളും തിരിച്ചെടുത്തിരുന്നു.
ജെഫ്രി എപ്സ്റ്റീനെ പോലൊരു വ്യക്തിയുമായി ബന്ധമുണ്ടായതില്‍ യോര്‍ക്ക് ഡ്യൂക്ക് ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. മാര്‍ച്ച് 10ന് കേസ് നടപടികള്‍ ആരംഭിക്കാന്‍ ഇരിക്കവെയാണ് കൂടുതല്‍ നാണക്കേട് ഒഴിവാക്കിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല