ലണ്ടന്‍ : നഗ്നഫോട്ടോ വിവാദത്തിപ്പെട്ട ഹാരി രാജകുമാരനെ പിതാവ് ചാള്‍സ് രാജകുമാരന്‍ അടിയന്തിരമായി വിളിപ്പിച്ചു. വിവാദത്തില്‍ ഒരു പിതാവെന്ന നിലയിലുളള ആശങ്കയും ചാള്‍സ് പ്രകടിപ്പിച്ചതായി കൊട്ടാരത്തില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജകുമാരനെ ചാള്‍സ് ശാസിച്ചില്ലെന്നും വിവാദങ്ങളെ കുറിച്ച് അന്വേഷിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് കൊട്ടാരത്തില്‍ നിന്നും അറിയിച്ചത്. ഫോട്ടോകള്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ട ഉടന്‍ തന്നെ ചാള്‍സ് രാജകുമാരന്‍ ഹാരി രാജകുമാരനുമായി ഫോണില്‍ സംസാരിച്ചിരുന്നെങ്കിലും സണ്‍ ദിനപത്രം ഫോട്ടോകള്‍ പ്രസിദ്ധീകരിച്ചതോടെ ഇരുവരും നേരില്‍ കാണാന്‍ തീരുമാനിക്കുകയായിരുന്നു.
ലാസ് വാഗാസിലെ എന്‍കോര്‍ വിന്‍ ഹോട്ടലില്‍ അവധിക്കാലം ആഘോഷിക്കുന്നതിനിടിയില്‍ ഹോട്ടലില്‍ സംഘടിപ്പിച്ച നഗ്ന ബില്യാര്‍ഡ്‌സ് കളിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളാണ് ഇന്റര്‍നെറ്റ് വഴി പ്രചരിച്ചത്. പാര്‍ട്ടിയില്‍ പങ്കെടുത്ത ആരോ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം യുഎസിലെ സെലിബ്രിറ്റി വാര്‍ത്തകള്‍ നല്‍കുന്ന വെബ്ബ്‌സൈറ്റിന് വില്‍ക്കുകയായിരുന്നു എന്നാണ് കരുതുന്നത്. എന്താണ് സംഭവിച്ചതെന്ന് ഹാരി പിതാവിനോട് നേരത്തെ ഫോണില്‍ അറിയിച്ചിരുന്നെങ്കിലും സണ്‍ സംഭവത്തോടെ ഹോട്ടല്‍ മുറിയില്‍ അപരിചിതരോടൊത്ത് പൂര്‍ണ്ണ നഗ്നനായി എന്തിന് സമയം ചെലവഴിച്ചു എന്ന് നേരിട്ട് വിശദീകരണം നല്‍കാന്‍ ചാള്‍സ് ഹാരിയോട് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍ കൊട്ടാരത്തില്‍ നിന്നുളള മുന്നറിയിപ്പുകള്‍ അവഗണിച്ച് ഹാരിയുടെ വിവാദ ഫോട്ടോകള്‍ പ്രസിദ്ധീകരിച്ച സണ്‍ ദിനപത്രത്തിനെതിരേ എന്ത് നടപടികള്‍ സ്വീകരിക്കണമെന്ന കാര്യവും പിതാവും മകനും കൂടി ചര്‍ച്ച ചെയ്തു. പത്രത്തിനെതിരേ പ്രസ്സ് കംപ്ലെയ്ന്റ്‌സ് കമ്മീഷനില്‍ പരാതി നല്‍കണോ അതോ പേഴ്‌സണ്‍ റിട്ട് ഫയല്‍ ചെയ്യണോ എന്ന കാര്യത്തില്‍ ചാള്‍സിന്റേയും ഹാരിയുടേയും തീരുമാനത്തിനായി കാത്തിരിക്കുകയാണ് കൊട്ടരത്തിലെ അഭിഭാഷകര്‍. എവിടെ വച്ചാണ് ഇരുവരും നേരില്‍ കണ്ടതെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇരുവരും തമ്മിലുളള മീറ്റിങ്ങില്‍ വില്യം രാജകുമാരന്‍ പങ്കെടുത്തിരുന്നില്ല. എന്നാല്‍ വിവാദത്തെ തുടര്‍ന്ന് ഹാരി രാജകുമാരനുമായി വില്യം ദീര്‍ഘ നേരം ഫോണില്‍ സംസാരിച്ചിരുന്നു. ഹാരി രാജകുമാരന്റെ പുതിയ കാമുകി ക്രസിഡ ബോണാസ് അവധിക്കാല ആഘോഷത്തില്‍ ഹാരിക്കൊപ്പമുണ്ടായിരുന്നില്ല.
സംഭവത്തെ തുടര്‍ന്ന് ഹാരി രാജകുമാരന്‍ ആകെ നിരാശയിലാണന്നാണ് റിപ്പോര്‍ട്ടുകള്‍. മകന്റെ വേദന പിതാവായ ചാള്‍സിന് മനസ്സിലാകുന്നുണ്ടെന്നും തെറ്റായ കാരണങ്ങള്‍ കൊണ്ട് വിവാദത്തിലകപ്പെട്ട മകനെ ആശ്വസിപ്പിക്കുന്നത് പിതാവിന്റെ കടമയാണന്നും കൊട്ടാരത്തിലെ വക്താവ് അറിയിച്ചു. തികച്ചു സ്വകാര്യമായൊരു ആഘോഷത്തിനിടെ എടുത്ത ചിത്രങ്ങളാണ് ഇത്. അതിനാല്‍ തന്നെ ഇത് പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത് അവരുടെ സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണ്. വെറും വില്‍പ്പന വര്‍ദ്ധിപ്പിക്കാനുളള പത്രത്തിന്റെ വിലകുറഞ്ഞ തന്ത്രമായിരുന്നു ഹാരിയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചതിന് പിന്നിലുളള ലക്ഷ്യമെന്നാണ് രാജകുടുംബത്തിന്റെ നിലപാട്.
എന്നാല്‍ സണിന്റെ നടപടിയെ പിന്തുണച്ചുകൊണ്ട് ടോറി എംപിയായ ലൂയിസ് മെന്‍സ്‌ക്, മാധ്യമ രാജാവ് റൂപെര്‍ട്ട് മര്‍ഡോക്കിന്റെ മകള്‍ എലിസബത്ത് മര്‍ഡോക് എന്നിവര്‍ രംഗത്തെത്തി. ഓണ്‍ലൈനുകള്‍ വഴി പ്രചരിപ്പിക്കപ്പെടുന്ന ഫോട്ടോകള്‍ പൊതുജനതാല്‍പ്പര്യാര്‍ത്ഥം പത്രത്തില്‍ പ്രസിദ്ധീകരിക്കുന്നത് തെറ്റല്ലന്നാണ് അവരുടെ വാദം. ഇതിനു മുന്‍പും സണ്‍ ദിനപത്രം ഫോട്ടോകള്‍ ഉപയോഗിക്കുന്നതിനെ പറ്റി നിരവധി പരാതികളാണ് പ്രസ്സ് കംപ്ലെയ്ന്റ്‌സ് കമ്മീഷന് ലഭിച്ചിട്ടുളളത്. ലാസ് വാഗാസ് സംഭവത്തെ തുടര്‍ന്ന് ഹാരി രാജകുമാരന്റെ സുരക്ഷാഭടന്‍മാരെ കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. രാജകുമാരന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് ശ്രദ്ധയില്‍ പെട്ടിട്ടും രണ്ട് സുരക്ഷാഭടന്‍മാരും തടയാന്‍ ശ്രമിച്ചില്ലെന്നായിരുന്നു പരാതി. എന്നാല്‍ രാജകുമാരന്റെ സ്വകാര്യജീവിതത്തില്‍ ഇടപെടാന്‍ സുരക്ഷാഭടന്‍മാര്‍ക്ക് അവകാശമില്ലന്ന് ചൂണ്ടിക്കാട്ടി സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് കമ്മീഷണര്‍ ബെര്‍ണാഡ് ഹോഗന്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഗതി വിവാദമായതിനെ തുടര്‍ന്ന് ഹോഗന്‍ തന്റെ നിലപാട് മാറ്റിയെന്നാണ് അറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല