സ്വന്തം ലേഖകന്‍: ലോക നേതാക്കള്‍ നിരുത്തരവാദപരമായി ഫേസ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയവ ഉപയോഗിക്കരുതെന്ന് ഹാരി രാജകുമാരനു നല്‍കിയ അഭിമുഖത്തില്‍ ബറാക് ഒബാമ. സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കുന്‌പോള്‍ നേതാക്കള്‍ ഏറെ സംയമനം പാലിക്കണമെന്നും അധികാരമൊഴിഞ്ഞ ശേഷം ആദ്യമായി നല്‍കിയ ഇന്റര്‍വ്യൂവില്‍ ഒബാമ പറഞ്ഞു.
ബിബിസി റേഡിയോ നാലിന്റെ ടുഡേ പ്രോഗ്രാമിനു വേണ്ടി ഗസ്റ്റ് എഡിറ്ററായ ബ്രിട്ടനിലെ ഹാരി രാജകുമാരനാണ് ഒബാമയെ ഇന്റര്‍വ്യൂ ചെയ്തത്. സെപ്റ്റംബറില്‍ കാനഡയില്‍ വച്ചാണ് ഇന്റര്‍വ്യൂ നടത്തിയത്. പിതാവും കിരീടാവകാശിയുമായ ചാള്‍സ് രാജകുമാരനെയും ഈ പ്രോഗ്രാമിനുവേണ്ടി ഹാരി ഇന്റര്‍വ്യൂ ചെയ്തിരുന്നു. പരിപാടി കഴിഞ്ഞ ദിവസം ബിബിസി സംപ്രേഷണം ചെയ്തു.
സമൂഹത്തില്‍ ഭിന്നത വിതയ്ക്കാനും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കാനും തെറ്റായ വിവരം പ്രചരിപ്പിക്കാനും സമൂഹ മാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ അധികാരസ്ഥാനത്തിരിക്കുന്നവര്‍ തുനിയരുതെന്ന് ഒബാമ പറഞ്ഞു. പ്രസിഡന്റ് ട്രംപിന്റെ ട്വിറ്റര്‍ ഉപയോഗം ഏറെ വിമര്‍ശനവിധേയമായിട്ടുണ്ടെങ്കിലും ഒബാമ അദ്ദേഹത്തിന്റെ പേരു പരാമര്‍ശിച്ചില്ല.
വൈറ്റ് ഹൗസിനോടു വിടപറഞ്ഞപ്പോള്‍ തനിക്ക് ഏറെ ആശ്വാസമാണു തോന്നിയതെന്ന് ഹാരിയുടെ ചോദ്യത്തിന് ഒബാമ മറുപടി നല്‍കി. രാവിലെ എഴുന്നേറ്റ് സ്വന്തം ഇഷ്ടപ്രകാരം പരിപാടികള്‍ നിശ്ചയിക്കാന്‍ ഇതോടെ അവസരം കിട്ടി. അധികാരത്തിലിരിക്കുന്‌പോള്‍ ഇതു സാധിച്ചിരുന്നില്ല. എന്നാല്‍ പല ജോലികളും പൂര്‍ത്തിയാക്കാതെ അധികാരം ഒഴിയേണ്ടിവന്നത് ഇച്ഛാഭംഗത്തിനു കാരണമായെന്നും ഒബാമ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല