സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തെ കണ്ണീരിലാഴ്ത്തി വിടവാങ്ങിയ ഫിലിപ് രാജകുമാരന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടിയും വെസ്റ്റ്മിൻസ്റ്റർ ആബിയിലെ നാഴികമണികൾ 99 തവണ അടിച്ചും രാജ്യം ദുഃഖത്തിന്‍റെ ഭാഗമായപ്പോൾ പതിനായിരങ്ങൾ ബക്കിങ്ഹാം കൊട്ടാര മുറ്റത്ത് പൂക്കളുമായെത്തി രാജകുടുംബത്തിന്‍റെ വേദനക്കൊപ്പംനിന്നു.
നീണ്ട 73 വർഷമെന്ന റെക്കോഡ് കാലഘട്ടം എലിസബത്ത് രാജ്ഞിയുടെ കരുത്തും കരുതലുമായി ഒപ്പമുണ്ടായിരുന്ന ഫിലിപ് രാജകുമാരൻ 99ാം വയസ്സിൽ വെള്ളിയാഴ്ച രാവിലെ വിൻഡ്സർ കൊട്ടാരത്തിലാണ് അവസാനശ്വാസം വലിച്ചത്. 100ാം ജന്മദിനം ആഘോഷിക്കാൻ രണ്ടുമാസം മാത്രം ബാക്കിനിൽക്കെയായിരുന്നു വിയോഗം.
മേയ് തെരഞ്ഞെടുപ്പിനൊരുങ്ങുന്ന രാഷ്ട്രീയ കക്ഷികൾ ആദരമർപിച്ച് പ്രചാരണ പരിപാടികൾ തത്കാലം നിർത്തിവെച്ചു. ടെലിവിഷൻ ചാനലുകൾ പതിവു പരിപാടികൾക്കു പകരം ആദരമർപിക്കുന്ന ചടങ്ങുകളുടെ തത്സമയം മാത്രമായി ചുരുക്കി. അന്ത്യയാത്ര പൂർത്തിയാകുന്നവരെ എട്ടു ദിവസം രാജ്യത്ത് ദുഃഖാചരണം നിലനിൽക്കും.
അന്ത്യയാത്രക്കുള്ള ചടങ്ങുകൾ തീരുമാനമായിട്ടില്ല. കോവിഡ് സാഹചര്യത്തിൽ ആവശ്യമായ സുരക്ഷാനടപടികൾ പാലിച്ചായിരിക്കും അന്ത്യോപചാര നടപടികൾ. ലണ്ടനിലും വിൻഡ്സറിലും മൃതദേഹം വഹിച്ചുള്ള വിലാപ യാത്രകൾ ഭാഗികമായോ പൂർണമായോ ഉപേക്ഷിക്കും. 30ൽ കൂടുതൽ പേർക്ക് അന്ത്യോപചാര ചടങ്ങുകളിൽ പങ്കെടുക്കാനാകില്ലെന്നണ് നിലവിലെ സർക്കാർ ചട്ടം.
എന്നാൽ, വിവിധ ലോക നേതാക്കൾ ഉൾപെടെ 800 പേർ കൊട്ടാരത്തിലെത്തുമെന്നാണ് കരുതുന്നത്. രാജകുടുംബത്തിൽനിന്ന് വിട്ടുനിൽക്കുന്ന ഹാരി രാജകുമാരനും എത്തിയേക്കും. കോവിഡ് പശ്ചാത്തലത്തിൽ രാജകുടുംബങ്ങളിൽ തിങ്ങിക്കൂടുന്നത് ഉപേക്ഷിക്കണമെന്ന് സർക്കാർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
പുഷ്പാഞ്ജലി അർപിക്കുന്നതിന് പകരം നല്ല സേവനങ്ങൾക്ക് സംഭാവന അർപിക്കുന്നത് പരിഗണിക്കാനും നിർദേശമുണ്ട്. മരണത്തിൽ അനുശോചിച്ച് തോക്കുകൊണ്ടുള്ള അന്ത്യോപചാരം ശനിയാഴ്ച നടക്കും. ഒന്നാം ലോക യുദ്ധ കാലെത്ത ആറ് 13-പൗണ്ടർ ഫീൽഡ് തോക്കുകളാണ് ഉപയോഗിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല