സ്വന്തം ലേഖകൻ: ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഭർത്താവ്. അങ്ങനെയാണു ബ്രിട്ടിഷ് രാജ്ഞിയുടെ ഭർത്താവ് ഫിലിപ് രാജകുമാരനെ മാധ്യമങ്ങൾ വിശേഷിപ്പിക്കുന്നത്. എലിസബത്ത് രാജ്ഞിയുടെ തുണയായി അദ്ദേഹം 7 ദശകമാണ് ബക്കിങ്ങാം കൊട്ടാരത്തിൽ ജീവിച്ചത്. ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ചരിത്രത്തിൽ ഇത്രയും കാലം രാജാവിന്റെയോ രാജ്ഞിയുടെയോ പങ്കാളിയായി ജീവിക്കുന്ന വ്യക്തി വേറെയില്ല.
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പാരന്പര്യമനുസരിച്ച് കിരീടാവകാശിയായ രാജ്ഞിയുടെ പങ്കാളിയെ രാജാവെന്ന് അഭിസംബോധന ചെയ്യില്ല. രാജാവിന്റെ പത്നിയെ രാജ്ഞിയെന്നു വിളിക്കും. ഫിലിപ്പ് രാജകുമാരൻ ഡ്യൂക്ക് ഓഫ് എഡിൻബർഗ് എന്നാണ് അറിയപ്പെട്ടിരുന്നത്. ദന്പതികൾക്ക് കിരീടാവകാശി ചാൾസ് രാജകുമാരൻ (72), ആൻ രാജകുമാരി (70), ആൻഡ്രൂ രാജകുമാരൻ (61), എഡ്വേർഡ് രാജകുമാരൻ (57) എന്നീ നാലു മക്കളാണുള്ളത്.
ഗ്രീക്ക് രാജകുമാരൻ പ്രിൻസിന്റെയും ബാറ്റൻബെർഗ് രാജകുമാരി ആലീസിന്റെയും മകനായി ഗ്രീക്ക്- ഡെന്മാർക്ക് രാജപരന്പരയിൽ ഗ്രീക്ക് ദ്വീപായ കൊർഫുവിൽ 1921 ജൂൺ പത്തിനാണ് ഫിലിപ്പ് ജനിച്ചത്. വൈകാതെ തന്നെ പട്ടാള അട്ടിമറിയെത്തുടർന്ന് ഈ കുടുംബത്തെ കൊർഫുവിൽനിന്ന് നാടുകടത്തി. രക്ഷയ്ക്കെത്തിയ ബ്രിട്ടീഷ് യുദ്ധക്കപ്പലിൽ ഇറ്റലിയിൽ അഭയം തേടി.
ഇറ്റലിയിലെ ഫിലിപ്പിന്റെ ബാല്യകാലം ഇരുൾ നിറഞ്ഞതായിരുന്നു. എട്ടു വയസുള്ളപ്പോൾ അമ്മ ആലീസ് രാജകുമാരിയെ മാനസിക വിഭ്രാന്തിയെത്തുടർന്ന് ആശുപത്രിയിലായി. പിതാവ് രണ്ടാം ഭാര്യക്കൊപ്പം ഫ്രഞ്ച് റിവീരയിലേക്കു പോയി. ബ്രിട്ടനിലുള്ള അമ്മയുടെ ബന്ധുക്കളുടെ തണലിലായിരുന്നു ഫിലിപ്പിന്റെ പിന്നീടുള്ള ജീവിതം. ഇവരുടെ കുടുംബപ്പേരായ മൗണ്ട്ബാറ്റൻ എന്നത് ഫിലിപ്പും സ്വീകരിച്ചു. ഗോർഡൻസ്റ്റോംഗ് സ്കോട്ടീഷ് സ്കൂളിലെ വിദ്യാഭ്യാസശേഷം ഇംഗ്ലണ്ട് ഡാർത്ത്മൗത്തിലെ റോയൽ നേവൽ കോളജിൽ പ്രവേശനം നേടി.
1939ൽ ജോർജ് ആറാമൻ രാജാവ് നേവൽ കോളജ് സന്ദർശിച്ചപ്പോൾ രാജാവിന്റെ ഇളയകുട്ടികളായ എലിസബത്ത്, മാർഗരറ്റ് എന്നിവരെ ഉല്ലസിപ്പിക്കേണ്ട ചുമതല അക്കാഡമിയിലെ മികച്ച വിദ്യാർഥിയായിരുന്ന ഫിലിപ്പിനു ലഭിച്ചു. പതിമൂന്നുകാരിയായ എലിസബത്ത് രാജ്ഞിയും 18കാരനായ ഫിലിപ്പും തമ്മിലുള്ള സൗഹൃദം അവിടെ തുടങ്ങി. രണ്ടാം ലോകമഹായുദ്ധകാലത്ത് 1942 ൽ 21-ാം വയസിൽ റോയൽ ബ്രിട്ടീഷ് നേവിയിലെ ഏറ്റവും പ്രായം കുറഞ്ഞ ലഫ്റ്റനന്റായി ഫിലിപ്പ് സേവനം അനുഷ്ഠിച്ചു.
നേവിയിലെ സേവനകാലത്തിനിടെ കത്തുകളിലൂടെ ഫിലിപ്പ് എലിബസത്തും സ്നേഹം കൈമാറി. എലിബത്തിന്റെയും ഫിലിപ്പിന്റെയും പ്രണയം അംഗീകരിച്ച ജോർജ് രാജാവ് 1947 ൽ വിവാഹത്തിനു സമ്മതം മൂളി. ഫിലിപ്പിന് 26 ഉം എലിസബത്തിന് 21 ഉം ആയിരുന്നു പ്രായം. 1947 നവംബർ 20ന് ഇരുവരും വിവാഹിതരായി. അന്നു മുതൽ ഫിലിപ്പ് രാജകുമാരൻ ഡ്യൂക്ക് ഓഫ് എഡിൻബർഗ് എന്ന് അറിയപ്പെടാൻ തുടങ്ങി.
കോമൺവെൽത്ത് രാജ്യസന്ദർശനത്തിന്റെ ഭാഗമായി 1952ൽ എലിസബത്തും ഫിലിപ്പും കെനിയിലായിരിക്കെയാണ് 56-ാം വയസിൽ ജോർജ് രാജാവ് ആകസ്മികമായി മരിക്കുന്നത്. തന്റെ ഭാര്യ രാജ്ഞിയാകുന്ന യാഥാർഥ്യം ഫിലിപ്പ് രാജകുമാരൻ ഞെട്ടലോടെയാണ് അംഗീകരിച്ചതെന്ന് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കമാൻഡർ മൈക്കൾ പാർക്കർ പിന്നീട് പറഞ്ഞിട്ടുണ്ട്.
എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം കഴിഞ്ഞതോടെ സൈനിക സേവനത്തിൽനി ന്നും ഫിലിപ്പ് രാജകുമാരൻ പിൻവാങ്ങി. രാജ്ഞിയുടെ പങ്കാളി എന്ന പദവിയിൽ അവരെ പിന്തുണയ്ക്കുന്നതായിരുന്നു പിന്നീടുള്ള ചുമതല. ബെക്കിംഗ്ഹാം കൊട്ടാരത്തിനുള്ളിലേക്ക് വലിഞ്ഞ ഫിലിപ്പ് പിന്നീട് ഔദ്യോഗിക സന്ദർശനങ്ങളിൽ രാജ്ഞിക്ക് അകമ്പടിയായി.
കൊട്ടാരത്തിലെ ചിട്ടവട്ടങ്ങൾക്ക് കാതലായ മാറ്റം വരുത്തിയ അദ്ദേഹം, ജീവനക്കാരോട് വളരെ സൗഹൃദമായാണ് പെരുമാറിയിരുന്നത്. സാഹോദര്യം തങ്ങളെ പഠിപ്പിച്ചത് ഫിലിപ്പ് രാജകുമാരനായിരുന്നെന്ന് മകൻ ആൻഡ്രു രാജകുമാൻ പറഞ്ഞിട്ടുണ്ട്. 2017ൽ രാജകീയ പദവികളിൽനിന്നു വിരമിച്ച ഫിലിപ്പ് രാജകുമാരൻ 143 രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനം നടത്തിയിട്ടുണ്ട്. 780 സംഘടനകളിളിലും പ്രവർത്തിച്ചു. ഇംഗ്ലീഷിനൊപ്പം ഫ്രഞ്ചും ജർമനും അനായാസം കൈകാര്യം ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള് ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള് എന് ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല