സ്വന്തം ലേഖകന്‍: ബ്രിട്ടനില്‍ ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക പദവിയോട് വിട പറയുന്നു. എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ്, 96 വയസുള്ള ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് വിരമിക്കുന്നു. ഈയാഴ്ച ബെക്കിംഗ്ഹാം കൊട്ടാരത്തിനു പുറത്ത് നടക്കുന്ന പരേഡിലായിരിക്കും അദ്ദേഹം അവസാനമായി പങ്കെടുക്കുകയെന്ന് കൊട്ടാരം വക്താവ് അറിയിച്ചു.
രാജകീയദൗത്യങ്ങളില്‍ നിന്ന് ഫിലിപ്പ് രാജകുമാരന്‍ ഒഴിവാകുമെന്ന് ബെക്കിംഗ്ഹാം കൊട്ടാരം ഈ വര്‍ഷം ആദ്യം അറിയിച്ചിരുന്നു. എണ്ണൂറോളം സംഘടനകളുടെ രക്ഷാധികാരിയായോ, പ്രസിഡന്റായോ, അംഗമായോ എഡിന്‍ബറോ പ്രഭുകൂടിയായ ഫിലിപ്പ് രാജകുമാരന്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ആഗസ്‌റ്റോടു കൂടി ഇദ്ദേഹം വിരമിക്കുമെന്ന് ഈ വര്‍ഷം ആദ്യം പ്രഖ്യാപനം ഉണ്ടായിരുന്നു. ബ്രിട്ടീഷ് റോയല്‍ മറൈനിന്റെ ക്യാപ്റ്റന്‍ ജനറല്‍ കൂടിയായ ഫിലിപ് രാജകുമാരന്‍ ബ്രിട്ടനിലെ ഏറ്റവും സജീവമായ രാജകുടുംബാംഗമെന്നാണ് അറിയപ്പെടുന്നത്.
പൊതുപരിപാടികളില്‍ നിന്ന് വിരമിക്കാനുള്ള ആഗ്രഹം 90 മത്തെ പിറന്നാള്‍ മുതല്‍ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. എലിസബത്ത് രാജ്ഞിയുടെയും ഫിലിപ്പിന്റെയും എഴുപതാമത് വിവാഹ വാര്‍ഷികം ഈ വര്‍ഷം നവംബറില്‍ ആഘോഷിക്കാനും തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല