സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് ഫിലിപ്പ് രാജകുമാരന്‍ ഔദ്യോഗിക ചുമതലകളില്‍ നിന്ന് ഒഴിയുന്നു. 65 വര്‍ഷമായി അധികാരത്തിലിരിക്കുന്ന എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവ് എന്ന നിലയിലായിരുന്നു അദ്ദേഹം ഔദ്യോഗികച്ചുമതലകള്‍ വഹിച്ചിരുന്നത്. എഡിന്‍ബര്‍ഗ് പ്രഭുകൂടിയായ ഫിലിപ്പ് ഓഗസ്റ്റിനുശേഷം ഔദ്യോഗിക സന്ദര്‍ശനങ്ങള്‍ക്കും മറ്റുപരിപാടികള്‍ക്കുമുള്ള ക്ഷണം സ്വീകരിക്കില്ലെന്ന് ബക്കിങ്ങാം കൊട്ടാരം വ്യാഴാഴ്ച പ്രസ്താവനയില്‍ അറിയിച്ചു.
ഫിലിപ്പ് രാജകുമാരന്‍ സ്വന്തമായി എടുത്ത തീരുമാനത്തെ പത്‌നി എലിസബത്ത് രാജ്ഞി പിന്തുണച്ചതായും കൊട്ടാരം വൃത്തങ്ങള്‍ പറഞ്ഞു. അടുത്ത മാസം 96 ആം ജന്മദിനം ആഘോഷിക്കാനിരിക്കുന്ന രാജകുമാരന്‍ നേരത്തേ ഏറ്റെടുത്ത ആഗസ്റ്റുവരെയുള്ള ജോലികള്‍ പൂര്‍ത്തിയാക്കും. എന്നാല്‍, ഇതിനു ശേഷം പുതിയ ചുമതലകള്‍ ഏറ്റെടുക്കില്ല. എലിസബത്ത് രാജ്ഞി ഔദ്യോഗിക ചുമതലകളില്‍ തുടരുമെന്നും അധികൃതര്‍ പറഞ്ഞു. 2016 ല്‍ 110 ദിവസങ്ങളാണ് ഔദ്യോഗിക കാര്യങ്ങള്‍ക്കായി ഫിലിപ്പ് രാജകുമാരന്‍ ചെലവഴിച്ചത്.
കഴിഞ്ഞ വര്‍ഷം രാജകുടുംബത്തിലെ ഏറ്റവും തിരക്കുള്ള അഞ്ചാമത്തെ വ്യക്തിയായിരുന്നു അദ്ദേഹം. 780 ലധികം സംഘടനകളുടെ രക്ഷാധികാരിയോ പ്രസിഡന്റോ അംഗമോ ആണ് ഫിലിപ്പ് രാജകുമാരന്‍. സംഘടനകളുമായി ബന്ധം തുടരുമെന്നും എന്നാല്‍, സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടില്ലെന്നും കൊട്ടാരം വൃത്തങ്ങള്‍ വ്യക്തമാക്കി. തൊണ്ണൂറ്റൊന്നുകാരിയായ എലിസബത്ത് രാജ്ഞിയും തൊണ്ണൂറ്റഞ്ചുകാരനായ ഫിലിപ്പും വരുന്ന നവംബറില്‍ 70 മത് വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല