സ്വന്തം ലേഖകന്‍: അന്തരിച്ച ഗായകന്‍ പ്രിന്‍സ് റോജര്‍ നെല്‍സന്റെ ഓര്‍മ്മക്കായി പര്‍പ്പിള്‍ നിറം വാരിപ്പൂശി അമേരിക്ക. അമേരിക്കയിലെ കെട്ടിടങ്ങള്‍, പത്രങ്ങളുടെ ഒന്നാം പേജ്, വെബ്‌സൈറ്റ് തുടങ്ങിയവയാണ് വെള്ളിയാഴ്ച പര്‍പ്പിള്‍ നിറം അണിഞ്ഞത്. അമ്പത്തിയേഴാം വയസ്സില്‍ അപ്രതീക്ഷിതമായി അന്തരിച്ച ഇതിഹാസ ഗായകന്‍ പ്രിന്‍സ് റോജര്‍ നെല്‍സണ്‍ എന്ന പ്രിന്‍സിന് യാത്രാമൊഴിയായാണ് ഈ നിറംമാറ്റം.
1984 ല്‍ പ്രിന്‍സ് പുറത്തിറക്കിയ വമ്പന്‍ ഹിറ്റ് ആല്‍ബത്തിന്റെ പേരാണ് പര്‍പ്പിള്‍ റെയിന്‍. വ്യാഴാഴ്ചയാണ് പ്രിന്‍സ് ആരാധകരെ ദുഃഖത്തിലാഴ്ത്തി ഈ ലോകത്തോട് വിടപറഞ്ഞത്. വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ക്രിയാത്മകതയുടെ അടയാളം നഷ്ടമായി എന്നാണ് പ്രിന്‍സിന്റെ വിയോഗത്തെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞത്. പര്‍പ്പിള്‍ റെയിന്‍ റെക്കോഡ് ചെയ്ത മിന്നപോളിസില്‍ രാത്രിയില്‍ ആരാധകര്‍ ഒത്തുകൂടി. അദ്ദേഹത്തിന്റെ ജന്മനാടായ മിന്നെസോട്ടയിലും ആരാധകര്‍ പ്രിന്‍സിന്റെ ഓര്‍മകളില്‍ അലിഞ്ഞ് പാട്ടുകള്‍ പാടി.
ലോകമെമ്പാടും ആരാധകരുള്ള ഗായകനാണ് 1958 ല്‍ ജനിച്ച പ്രിന്‍സ്. ഗായകന്‍, ഗാനരചയിതാവ്, മള്‍ട്ടിഇന്‍സ്ട്രുമെന്റലിസ്റ്റ് എന്നീ നിലകളില്‍ അദ്ദേഹം തന്റെ കഴിവ് തെളിയിച്ചു. 1980 കളില്‍ പുറത്തിറങ്ങിയ 1999, പര്‍പ്പിള്‍ റെയ്ന്‍ തുടങ്ങിയ ആല്‍ബങ്ങള്‍ അദ്ദേഹത്തെ ആഗോള പ്രശസ്തനാക്കി. പര്‍പ്പിള്‍ റെയ്‌നിന്റെ 1.3 കോടി കോപ്പികളാണ് ലോകമെമ്പാടും വിറ്റഴിഞ്ഞത്.
ലെറ്റ്‌സ് ഗോ ക്രേസി, വെന്‍ ഡോവ്‌സ് ക്രൈ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രശസ്ത ഗാനങ്ങളാണ്. മുപ്പതിലേറെ ആല്‍ബങ്ങള്‍ പുറത്തിറക്കിയ പ്രിന്‍സിന്റെ 10 കോടിയിലേറെ റെക്കോഡുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല