സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ കിരീടാവകാശിയായ വില്യം രാജകുമാരനും ഭാര്യ കെയ്റ്റ് രാജകുമാരിയും മൂന്നാമത്തെ കണ്മണിയ്ക്കായി ഒരുങ്ങുന്നു, കെന്‍സിംങ്ടണ്‍ കൊട്ടാരം ആഘോഷത്തില്‍. രാജകുടുംബത്തില്‍ മൂന്നാമതൊരു കിരീടാവകാശികൂടി വരകുയാണെന്നും രാജകുടുംബത്തിലെ പുതിയ അതിഥിയുടെ വരവില്‍ എലിസബത്ത് രാജ്ഞിയും മറ്റ് രാജകുടുംബാംഗങ്ങളും ഏറെ സന്തോഷത്തിലാണെന്നും കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു.
നാലു വയസുള്ള ജോര്‍ജ് രാജകുമാരനും രണ്ടുവയസുകാരി ഷാര്‍ലറ്റ് രാജകുമാരിയുമാണ് ‘ഡ്യൂക്ക് ആന്‍ഡ് ഡച്ചസ് ഓഫ് കേംബ്രിഡ്ജ്’ എന്ന ഔദ്യോഗിക പദവി വഹിക്കുന്ന വില്യമിന്റെയും കെയ്റ്റിന്റെയും ആദ്യത്തെ രണ്ടു മക്കള്‍. തൊണ്ണൂറ്റിയൊന്നു വയസു തികഞ്ഞ എലിസബത്ത് രാജ്ഞിയുടെ ചെറുമക്കളുടെ മക്കളില്‍ ആറാമത്തെയാളാണ് വില്യമിനും കെയ്റ്റിനും പിറക്കുന്ന മൂന്നാമത്തെ കുഞ്ഞ്.
കിരീടാവകാശികളുടെ നിരയില്‍ അഞ്ചാമതാകും ഈ കുഞ്ഞിന്റെ സ്ഥാനം. ചാള്‍സ് രാജകുമാരനും വില്യം രാജകുമാരനും നാലു വയസുകാരന്‍ ജോര്‍ജ് രാജകുമാരനും രണ്ടു വയസുകാരി ഷാര്‍ലറ്റ് രാജകുമാരിക്കും പിന്നിലായിരിക്കും പുതിയ കിരീടാവകാശിയുടെ നില. വില്യം രാജകുമാരനും പത്‌നിയും അടുത്തിടെ പോളണ്ട് സന്ദര്‍ശിച്ചപ്പോള്‍ ഇനിയും കുട്ടികള്‍ ഉണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് കെയ്റ്റ് രാജകുമാരി വ്യക്തമാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല