വില്യം രാജകുമാരന്‍ ഇനി മുതല്‍ സ്‌കോട്ട്‌ലാന്‍ഡിലെ പ്രഥമപൗരന്‍. സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും ഉയര്‍ന്ന പദവിയായ നൈറ്റ് ഓഫ് ദി തിസ്റ്റില്‍ അവാര്‍ഡ് നല്‍കുന്നതോടെയാണ് വില്യം രാജകുമാരന്‍ സ്‌കോട്ട്‌ലാന്‍ഡിലെ പ്രഥമ പൗരനാകുന്നത്. ഇന്ന് എഡിന്‍ബര്‍ഗ്ഗിലെ സെന്റ് ഗില്‍സ് കത്തീഡ്രലില്‍ നടക്കുന്ന ചടങ്ങില്‍വച്ച് വില്യം രാജകുമാരന് ഈ പദവി സമ്മാനിക്കും. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ ഭാര്യ കേറ്റിനെ കൂടാതെ രാജ്ഞി അടക്കമുളള മറ്റ് രാജകുടുംബാംഗങ്ങളും എഡിന്‍ബര്‍ഗ്ഗിലേക്ക് തിരിച്ചിട്ടുണ്ട്.
സ്‌കോട്ട്‌ലാന്‍ഡിലെ ഏറ്റവും ഉയര്‍ന്ന പദവിയാണ് നൈറ്റ് ഓഫ് ദി തിസ്റ്റില്‍. ഓര്‍ഡര്‍ ഓഫ് ഗാര്‍ട്ടറിന് ശേഷം യുകെ നല്‍കുന്ന രണ്ടാമത്തെ വലിയ പദവി കൂടിയാണിത്. രാജ്യ സേവനത്തിനായി ജീവിതം സമര്‍പ്പിച്ചവര്‍ക്ക് നല്‍കുന്ന സമ്മാനമാണിത്. ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ വന്‍ ജനക്കൂട്ടം കത്തീഡ്രലിലെത്തുമെന്നാണ് കരുതുന്നത്. ചടങ്ങിന് ശേഷം രാജ്ഞിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായ സ്‌പെഷ്യല്‍ പരേഡും നടക്കും. ഇതില്‍ ലോതിയന്‍, ബോര്‍ഡര്‍ പോലീസ് വിഭാഗങ്ങളിലെ 400 അംഗങ്ങള്‍ പങ്കെടുക്കും.
സിറ്റി ചേംബറിന് മുന്നില്‍ നിന്ന് ആരംഭിക്കുന്ന പരേഡ് ഹോളിറൂഡ് പാലസിന് എതിരേയുളള സ്‌ക്കോട്ടിഷ് പാര്‍ലമെന്റിന് മുന്നില്‍ സമാപിക്കും. പരമ്പരാഗത രീതിയിലുളള നാടന്‍ പാട്ടുകളും ഡാന്‍സും ചടങ്ങിന് കൊഴുപ്പേകും. രാജ്ഞി ഒരാഴ്ച സ്‌കോട്ട്‌ലാന്‍ഡിലെ ഹോളിറൂഡ് പാലസിലുണ്ടാകും. ഈ സമയത്ത് എഡിന്‍ബര്‍ഗിലെ സ്‌കോട്ടിഷ് നാഷണല്‍ പോര്‍ട്രേറ്റ് ഗാലറി രാജ്ഞി സന്ദര്‍ശിക്കും. ഒപ്പം കൊട്ടാരത്തില്‍ നടക്കുന്ന ഇന്‍വെസ്റ്റിറ്റ്വര്‍ സെറിമണിയിലും ഗാര്‍ഡന്‍ പാര്‍ട്ടിയിലും പങ്കെടുക്കുകയും ഒപ്പം ഗ്ലാസ്‌ഗോയില്‍ നടക്കുന്ന ഡയമണ്ട് ജൂബിലിയുടെ നന്ദിപ്രകാശന ചടങ്ങിലും പങ്കെടുക്കുമെന്ന് രാജ്ഞിയുടെ ഔദ്യോഗിക വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല