സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബം വംശീയതക്കെതിരാണെന്ന് വില്യം രാജകുമാരൻ. സഹോദരൻ ഹാരിയുടെ ഭാര്യ മേഗൻ മെർകൽ ബക്കിങ്ഹാം കൊട്ടാരത്തിൽ വംശീയതക്കിരയായെന്ന വെളിപ്പെടുത്തലിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കിഴക്കൻ ലണ്ടനിൽ സ്കൂൾ സന്ദർശനത്തിനെത്തിയതായിരുന്നു വില്യം.
മകൻ ആർച്ചിയെ ഗർഭിണിയായിരുന്നപ്പോൾ, പിറക്കാൻ പോകുന്ന കുഞ്ഞ് കറുത്തതാകുമോ എന്നു ബ്രിട്ടിഷ് രാജകുടുംബത്തിലെ ഒരംഗം ചോദിച്ചതായി യുഎസ് ടിവി അഭിമുഖത്തിൽ മേഗനും ഹാരിയും വെളിപ്പെടുത്തിയതു വിവാദമായിരുന്നു. രണ്ടാം കിരീടാവകാശിയായ വില്യമിന്റെ ഇളയ സഹോദരനാണു ഹാരി.
കഴിഞ്ഞ ഞായറാഴ്ച സംപ്രേഷണം ചെയ്ത അഭിമുഖത്തോട് ഇതാദ്യമായാണ് ഒരു രാജകുടുംബാംഗം പ്രതികരിക്കുന്നത്. അഭിമുഖത്തിനു ശേഷം ഹാരിയുമായി സംസാരിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഉടൻ സംസാരിക്കുമെന്നും വില്യം പറഞ്ഞു.
രാജകുടുംബ ജീവിതം തന്നെ ആത്മഹത്യ വക്കിലെത്തിച്ചെന്നും ആഫ്രിക്കൻ കുടുംബ വേരുകളുള്ള മേഗൻ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. പിതാവ് ചാൾസ് തന്നെയും ഭാര്യയെയും സഹായിച്ചില്ലെന്നു ഹാരിയും ആരോപിച്ചു. കഴിഞ്ഞ വർഷമാണു ഹാരിയും മേഗനും രാജകുടുംബ ചുമതലകൾ ഉപേക്ഷിച്ച് യുഎസിലേക്കു പോയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല