സ്വന്തം ലേഖകൻ: ചുമര്‍ തുരന്ന് ജയിലില്‍നിന്ന് രക്ഷപ്പെട്ട തടവുപുള്ളികള്‍ മണിക്കൂറുകള്‍ക്കകം പിടിയിലായി. വിര്‍ജീനിയയിലെ ന്യൂപോര്‍ട്ട് ന്യൂസിലെ ജയിലില്‍നിന്ന് രക്ഷപ്പെട്ട രണ്ട് തടവുകാരെയാണ് സമീപനഗരത്തിലെ റെസ്റ്റോറന്റില്‍നിന്ന് പോലീസ് സംഘം പിടികൂടിയത്.
ന്യൂപോര്‍ട്ട് ന്യൂസിലെ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ജോണ്‍ ഗാര്‍സ, ആര്‍ലെ നെമോ എന്നിവരാണ് തിങ്കളാഴ്ച രാത്രി 7.15-ഓടെ രക്ഷപ്പെട്ടത്. ജയില്‍ അധികൃതര്‍ രാത്രി തടവുകാരുടെ എണ്ണമെടുക്കുന്നതിനിടെയാണ് ഇരുവരെയും കാണാനില്ലെന്ന് വ്യക്തമായത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇവരുടെ സെല്ലിലെ ചുമര്‍ തുരന്നനിലയിലും കണ്ടെത്തി. ഇതോടെ പോലീസ് സംഘം ഊര്‍ജിതമായ തിരച്ചില്‍ ആരംഭിക്കുകയും പുലര്‍ച്ചെ 4.20-ഓടെ സമീപനഗരമായ ഹാംടണില്‍നിന്ന് രണ്ടുപേരെയും പിടികൂടുകയുമായിരുന്നു.
ചുമരില്‍ വലിയ ദ്വാരമുണ്ടാക്കി സെല്ലില്‍നിന്ന് പുറത്തുകടന്ന തടവുപുള്ളികള്‍, ജയില്‍വളപ്പിലെ സുരക്ഷാമതില്‍ ചാടിക്കടന്നാണ് രക്ഷപ്പെട്ടതെന്ന് അധികൃതര്‍ പറഞ്ഞു. ടൂത്ത് ബ്രഷും മറ്റൊരു ലോഹവസ്തുവും ഉപയോഗിച്ചാണ് ഇരുവരും ചുമരില്‍ ദ്വാരമുണ്ടാക്കിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ 4.20-ന് ഹാംടണിലെ റെസ്റ്റോറന്റില്‍നിന്നാണ് രണ്ടുതടവുപുള്ളികളെയും പോലീസ് സംഘം കണ്ടെത്തിയത്. ന്യൂപോര്‍ട്ട് ജയിലില്‍നിന്ന് പത്തുകിലോമീറ്ററോളം അകലെയുള്ള സ്ഥലമാണിത്. നടന്നുവരികയാണെങ്കില്‍ ജയിലില്‍നിന്ന് ഇവിടെയെത്താന്‍ ഏകദേശം രണ്ടേകാല്‍മണിക്കൂര്‍ സമയമെടുക്കുമെന്നും അമേരിക്കന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല